മുസ്‍ലിം ലീഗില്‍ ഇനി 'ഹരിത' രാഷ്ട്രീയത്തിന്‍റെ ഭാവിയെന്ത്?

ഹരിത വിവാദത്തില്‍ ആരോപണവിധേയരായ എം.എസ്.എഫ് നേതാക്കള്‍ക്ക് വിശദീകരണം നല്‍കാന്‍ രണ്ടാഴ്ച സമയമാണ് നല്‍കിയത്. ഏഴു ദിവസം എന്ന് ഭരണഘടനയില്‍ പറയുന്നത് എങ്ങനെയാണ് രണ്ടാഴ്ച്ചയായ് മാറുന്നത്? ഭരണഘടനയില്‍ പറയുന്ന ഒരു നടപടിക്രമവും പാലിക്കാതെയാണ് ഹരിത വിഷയത്തില്‍ ലീഗ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചത്.

Update: 2021-09-13 16:41 GMT

വനിതാ പ്രാതിനിധ്യത്തിന്റെ പേരില്‍ എന്നും വിമര്‍ശിക്കപ്പെട്ട പാര്‍ട്ടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗ്. സര്‍വേന്ത്യാ ലീഗില്‍ പ്രഗത്ഭരായ നിരവധി വനിതാ നേതാക്കളുണ്ടായിരുന്നെങ്കിലും സ്വാതന്ത്ര്യത്തിന് ശേഷം രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗില്‍ സ്ത്രീ പ്രാതിനിധ്യം തുലോം തുച്ഛമായിരുന്നു. 1996ല്‍ വനിതാ ലീഗ് രൂപീകരിക്കപ്പെട്ടെങ്കിലും കര്‍ശന നിബന്ധനകളോടെയാണ് ലീഗ് നേതൃത്വം അവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചത്. ഖമറൂന്നീസ അന്‍വര്‍, നൂര്‍ബിന റഷീദ്, പി.കുല്‍സു, സുഹറ മമ്പാട് തുടങ്ങിയ വനിതാ നേതാക്കള്‍ വന്നെങ്കിലും സംഘടനാ ചുറ്റുവട്ടത്തിനപ്പുറം അവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ രണ്ട് തവണ മാത്രമാണ് വനിതകള്‍ ലീഗ് ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ചത്. 1996ല്‍ ഖമറുന്നീസ അന്‍വറും 2021ല്‍ നൂര്‍ബിന റഷീദും. കനത്ത മത്സരം നടക്കുന്ന കോഴിക്കോട് സൗത്തിലാണ് രണ്ടുപേരും മത്സരിച്ചത്. രണ്ടുപേര്‍ക്കും ജയിക്കാനായില്ല. നൂര്‍ബിന റഷീദിനായി ലീഗ് പ്രവര്‍ത്തകര്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചില്ലെന്നും പിന്നീട് ആക്ഷേപമുയര്‍ന്നു. മതസംഘടനകളുടെ മറപിടിച്ചാണ് ലീഗ് പലപ്പോഴും വനിതകള്‍ക്ക് സീറ്റ് നിഷേധിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരും തങ്ങളുടെ ചെലവില്‍ അത് വേണ്ടെന്ന് പരോക്ഷമായി പറഞ്ഞതോടെ സീറ്റ് നല്‍കാന്‍ ലീഗ് നിര്‍ബന്ധിതമാവുകയായിരുന്നു.

Advertising
Advertising

2011ല്‍ പി.കെ ഫിറോസ് പ്രസിഡന്റും ടി.പി അഷ്റഫലി ജനറല്‍ സെക്രട്ടറിയുമായ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കാലത്താണ് വിദ്യാര്‍ഥിനി വിഭാഗമായ ഹരിത രൂപീകരിക്കപ്പെടുന്നത്. പ്രഥമ കമ്മിറ്റിയില്‍ ടി.കെ സഫീന പ്രസിഡന്റും ഫാത്തിമ തഹ്ലിയ ജനറല്‍ സെക്രട്ടറിയുമായിരുന്നു. പിന്നീട് ഫാത്തിമ തഹ്‌ലിയ പ്രസിഡന്റും മുഫീദ തസ്നി ജനറല്‍ സെക്രട്ടറിയുമായി. തുടര്‍ന്ന് മുഫീദ തസ്നി പ്രസ്ഡന്റും നജ്മ തബ്ഷീറ ജനറല്‍ സെക്രട്ടറിയുമായി. 2016ല്‍ എം.എസ്.എഫിന്റെ പ്രഥമ ദേശീയ കമ്മിറ്റി നിലവില്‍ വന്നപ്പോള്‍ ഫാത്തിമ തഹ്‌ലിയ ദേശീയ വൈസ് പ്രസിഡന്റായി. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത പോഷക സംഘടനയുടെ ഭാരവാഹിയായത്.

ഹരിതയുടെ നേതൃത്വത്തില്‍ ലീഗിലെ വിദ്യാര്‍ഥിനികള്‍ പ്രവര്‍ത്തനരംഗത്ത് സജീവമാവുന്നതാണ് പിന്നീട് കണ്ടത്. സോഷ്യല്‍ മീഡിയയിലും ഇവര്‍ നിറ സാന്നിധ്യമായി. എം.എസ്.എഫ് കോട്ടയായ ഫാറൂഖ് കോളേജില്‍ ചരിത്രത്തിലാദ്യമായി ഹരിത നേതാവായ മിന ഫര്‍സാന യൂണിയന്‍ ചെയര്‍പേഴ്സണായി. തഹ്ലിയ-മുഫീദ-നജ്മ കൂട്ടുകെട്ടില്‍ നിരവധി വിദ്യാര്‍ഥിനികളാണ് ലീഗിന്റെ മുഖമായി മാറിയത്. അതേസമയം ഇവര്‍ക്ക് താല്‍പര്യമില്ലാത്തവരെ ഇവര്‍ക്ക് ഒതുക്കുന്നുവെന്നും ആക്ഷേപമുയര്‍ന്നു. വിവാഹപ്രായ വിവാദം, മുത്വലാഖ് തുടങ്ങിയ വിഷയങ്ങളില്‍ പരസ്യമായി നിലപാട് വ്യക്തമാക്കിയതോടെ തഹ്‌ലിയക്കെതിരെ സംഘടനക്കകതും മതസംഘടനകളുടെ ഭാഗത്ത് നിന്നും എതിര്‍പ്പുയര്‍ന്നു. മുത്വലാഖ് വിഷയത്തില്‍ തഹ്‌ലിയയുടെ നിലപാട് എം.എസ്.എഫ് തള്ളി. അതേസമയം പി.കെ ഫിറോസ്, അഷ്റഫലി വിഭാഗത്തിന്റെ വക്താക്കളായാണ് തഹ്‌ലിയ അടക്കമുള്ള ഹരിത നേതാക്കള്‍ അറിയപ്പെട്ടത്.

സംസ്ഥാന എം.എസ്.എഫ് കമ്മിറ്റിയില്‍ നിര്‍ണായക മാറ്റമുണ്ടായതോടെയാണ് ഹരിതയിലും അതിന്റെ പ്രതിഫലനമുണ്ടായത്. സംസ്ഥാന പ്രസിഡന്റാവുമെന്ന് കരുതിയിരുന്ന നിഷാദ് കെ.സലീമിനെ തള്ളി സ്വാദിഖലി ശിഹാബ് തങ്ങളുടെ നോമിനിയായി പി.കെ നവാസ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റായി. ജില്ലാ കമ്മിറ്റി തീരുമാനം അട്ടിമറിച്ചെന്നാരോപിച്ച് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന റിയാസ് പുല്‍പറ്റയെ നീക്കി പുതിയ മലപ്പുറം ജില്ലാ കമ്മിറ്റിയും പ്രഖ്യാപിച്ചു. പി.കെ നവാസ് പ്രസിഡന്റും ലത്തീഫ് തുറയൂര്‍ ജനറല്‍ സെക്രട്ടറിയുമായ നിലവിലെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നിലവില്‍ വന്ന് ഒന്നര വര്‍ഷം പിന്നിടുമ്പോഴും ഭാരവാഹികള്‍ തമ്മിലുള്ള ഭിന്നത ശക്തമാണ്.

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി പുതിയ സഖ്യം പിടിച്ചതോടെയാണ് ഹരിതയിലും പ്രശ്നങ്ങളുണ്ടായത്. ഹരിത മലപ്പുറം ജില്ലാ കമ്മിറ്റി എം.എസ്.എഫ് നേതൃത്വം നേരിട്ട് ഇടപെട്ട് മാറ്റിയതോടെ ഹരിത സംസ്ഥാന കമ്മിറ്റി ഇടഞ്ഞു. പുതിയ കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന് വാര്‍ത്താകുറിപ്പിറക്കി. പിന്നീട് നടന്ന എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയില്‍ ഇതിനെക്കുറിച്ച് വിശദീകരിക്കാന്‍ അവസരം ചോദിച്ച ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയെ സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ലൈംഗികമായി അധിക്ഷേപിച്ചെന്ന ആരോപണം ഉയര്‍ന്നു. ഇതിനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയെങ്കിലും പാര്‍ട്ടി പരിഗണിച്ചില്ലെന്നാരോപിച്ച് ഹരിത വനിതാ കമ്മീഷനെ സമീപിച്ചതോടെയാണ് പ്രശ്നം പുതിയ വഴിത്തിരിവിലെത്തിയത്.

ഹരിത നേതാക്കളുമായി നിരന്തരമായി ചര്‍ച്ച നടത്തിയെന്നും എന്നാല്‍ അവര്‍ നേതൃത്വത്തെ ഗണ്‍ പോയിന്റില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തുകയാണെന്നുമാണ് ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറയുന്നത്. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങളൊന്നും അംഗീകരിച്ചിട്ടില്ലെന്നും ലീഗ് നേതൃത്വം ഏകപക്ഷീയമായി തീരുമാനം അടിച്ചേല്‍പ്പിച്ചെന്നും ഹരിത നേതാക്കളും പറയുന്നു. സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കണമെന്നാണ് ലീഗ് നേതാക്കള്‍ പി.കെ നവാസ് അടക്കമുള്ളവരോട് ആവശ്യപ്പെട്ടത്. തങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെന്നും എങ്കിലും ഖേദം പ്രകടിപ്പിക്കുന്നുവെന്ന രീതിയിലായിരുന്നു നവാസ് ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണം. ഇത് അംഗീകരിക്കാനാവില്ലെന്നും വനിതാ കമ്മീഷനിലെ പരാതി പിന്‍വലിക്കില്ലെന്നും ഹരിത നേതാക്കള്‍ വ്യക്തമാക്കിയതോടെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയാണ് ലീഗ് ചെയ്തത്. പിന്നാലെ പുതിയ കമ്മിറ്റിയും പ്രഖ്യാപിച്ചു.

തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയേയും ഇന്ന് സ്ഥാനത്ത് നീക്കി. ഹരിത നേതാക്കളെ പിന്തുണച്ച് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയ എം.എസ്.എഫിന്റെ എട്ട് സംസ്ഥാന ഭാരവാഹികളെക്കൂടി പുറത്താക്കുമെന്നാണ് വിവരം. നടപടി നേരിട്ട ഹരിത നേതാക്കളുടെ ഗോഡ്ഫാദറായി വിശേഷിപ്പിക്കപ്പെട്ട പി.കെ ഫിറോസ് തന്നെ ഒടുവില്‍ അവരെ തള്ളി രംഗത്തെത്തിയിരിക്കുകയാണ്. ഫാത്തിമ തഹ്ലിയ, മുഫീദ തസ്നി തുടങ്ങിയ വനിതാ നേതാക്കളുടെ രാഷ്ട്രീയ ഭാവിയെന്ത് എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഹരിത വിവാദത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കടുത്ത സൈബര്‍ ആക്രമണമാണ് ഇവര്‍ നേരിടുന്നത്. കഴിഞ്ഞ ദിവസം പി.എം.എ സലാം പരസ്യമായി നവാസിനെ പിന്തുണച്ച് രംഗത്ത് വന്നതോടെ അദ്ദേഹത്തിന് താരപരിവേഷം കൈവരുന്നതാണ് കണ്ടത്. ഒപ്പം ലീഗ് നേതൃത്വം വിഷയത്തില്‍ ആരുടെ പക്ഷത്തായിരുന്നുവെന്ന് വ്യക്തമാക്കുന്നത് കൂടിയായിരുന്നു പി.എം.എ സലാമിന്റെ ഏകപക്ഷീയമായ വിശദീകരണം.

ഇതോടൊപ്പം അച്ചടക്ക നടപടിയുടെ ഭരണഘടനാ സാധുതയും ചോദ്യം ചെയ്യപ്പെടുന്നു. രാജ്യത്തിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സമരം ചെയ്ത പാര്‍ട്ടി സ്വന്തം ഭരണഘടന നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് ഏതാനും ബുദ്ധീജീവികളും എഴുത്തുകാരും പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. മൂന്നാഴ്ച പിന്നിട്ടിട്ടും ഇതിന് മറുപടി നല്‍കാന്‍ നേതൃത്വം തയ്യാറായിട്ടില്ല. ഭരണഘടനാ സാധുതയില്ലാത്ത ഉന്നതാധികാര സമിതിയാണ് എല്ലാം തീരുമാനിക്കുന്നത്. ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതും പുതിയ കമ്മിറ്റി പ്രഖ്യാപിച്ചതും ഫാത്തിമ തഹ്‌ലിയയെ നീക്കിയതുമെല്ലാം ഭരണഘടനാ വിരുദ്ധമായാണെന്നും ആരോപണമുണ്ട്. ഭരണഘടനാ പ്രകാരം മുസ്‌ലിം ലീഗ് സ്റ്റേറ്റ് കമ്മിറ്റി ഒരു അച്ചടക്ക സമിതിയെ തിരഞ്ഞെടുക്കുകേണ്ടതാണ്(ആര്‍ട്ടിക്കിള്‍ 46). അങ്ങനെയൊരു അച്ചടക്ക സമിതി നിലവില്‍ മുസ്‌ലിം ലീഗില്‍ ഇല്ലാ എന്നാണ് വിവരം.

ഭരണഘടനയില്‍ പറഞ്ഞ അച്ചടക്ക സമിതി: സ്റ്റേറ്റ് കമ്മിറ്റിയില്‍ നിന്നും ഒരു ചെയര്‍മാനും നാല് അംഗങ്ങളുമടങ്ങുന്ന ഒരു അച്ചടക്ക സമിതിയെ തിരഞ്ഞെടുക്കേണ്ടതാണ്. (ആര്‍ട്ടിക്കിള്‍ 46)

അച്ചടക്ക നടപടികള്‍: (ആര്‍ട്ടിക്കിള്‍ 47)

A) ഈ ഭരണഘടന്ക്കോ സംഘടനയുടെ താല്‍പര്യത്തിനോ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്കോ വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ സംഘടനയുടെ ഫണ്ട് അപഹരിക്കുകയോ ദുര്‍വിനിയോഗം ചെയ്യുകയോ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ സംഘടനയുടെ സല്‍പ്പേരിനെ കളങ്കപ്പെടുത്തുകയോ ചെയ്യുന്ന അംഗത്തിന്റെയോ ഘടകത്തിന്റെയോ പേരിലുള്ള പരാതി ജില്ലാ കമ്മിറ്റി മുഖേനയും ജില്ലാ കമ്മിറ്റിയെ കുറിച്ചാണ് പരാതിയെങ്കില്‍ നേരിട്ടും സ്റ്റേറ്റ് അച്ചടക്ക സമിതിക്ക് അയച്ചു കൊടുക്കേണ്ടതാണ്.

B) അച്ചടക്ക സമിതി കുറ്റാരോപണത്തിന്റെ സാരാംശം ആരോപിതന് അയച്ചു കൊടുക്കേണ്ടതാണ്. ആയത് കൈപറ്റി ഏഴു ദിവസത്തിനകം കുറ്റാരോപിതന്‍ രേഖാമൂലം സമാധാനം ബോധിപ്പിക്കേണ്ടതാണ്. നേരിട്ട് ഹാജരായി വിശദീകരണം നല്‍കുന്നതിനും കുറ്റാരോപിതന് അവകാശം ഉണ്ടായിരിക്കുന്നതാണ്.

C) അച്ചടക്ക സമിതി ആരോപണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി തീരുമാനമെടുക്കേണ്ടതാണ്.

D) കുറ്റത്തിന്റെ ഗൗരവമനുസരിച്ച് താക്കീത്, സെന്‍ഷ്വര്‍, തരം താഴ്ത്തല്‍, സസ്പെന്‍ഷന്‍, അംഗത്വം റദ്ദാക്കല്‍, കമ്മിറ്റിയില്‍ നിന്ന് നിശ്ചിത കാലത്തേക്ക് മാറ്റി നിര്‍ത്തല്‍ എന്നീ ശിക്ഷകള്‍ നല്‍കാവുന്നതാണ്.

E) സ്റ്റേറ്റ് അച്ചടക്ക സമിതിയുടെ തീരുമാനത്തിന്റെ കോപ്പി കിട്ടി ഏഴു ദിവസത്തിനകം സംസ്ഥാന പ്രസിഡണ്ടിന് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.

F) അംഗങ്ങളുടെ പേരിലും ഘടകങ്ങളുടെ പേരിലും നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം സംസ്ഥാന പ്രസിഡണ്ടിന് മാത്രമായിരിക്കും. (ആര്‍ട്ടിക്കിള്‍ 47)

ഹരിത വിവാദത്തില്‍ ആരോപണവിധേയരായ എം.എസ്.എഫ് നേതാക്കള്‍ക്ക് വിശദീകരണം നല്‍കാന്‍ രണ്ടാഴ്ച സമയമാണ് നല്‍കിയത്. ഏഴു ദിവസം എന്ന് ഭരണഘടനയില്‍ പറയുന്നത് എങ്ങനെയാണ് രണ്ടാഴ്ച്ചയായ് മാറുന്നത്? ഭരണഘടനയില്‍ പറയുന്ന ഒരു നടപടിക്രമവും പാലിക്കാതെയാണ് ഹരിത വിഷയത്തില്‍ ലീഗ് നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചത്. ഏഴ് മാസമായി യോഗം ചേരാത്ത സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ് ഹരിത വിഷയത്തില്‍ നേതൃത്വം വാര്‍ത്താകുറിപ്പിറക്കിയത്. ഫാത്തിമ തഹ്‌ലിയയോട് വിശദീകരണം പോലും ചോദിക്കാതെയാണ് അവരെ നീക്കിയത്. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം കൂടി ലീഗ് വക്താക്കള്‍ നല്‍കുന്നത് ഞങ്ങളുടെ നേതൃത്വത്തിന് എന്ത് നടപടിയും സ്വീകരിക്കാന്‍ അധികാരമുണ്ടെന്ന വൈകാരിക മറുപടി മാത്രമാണ്. പിന്നെ എന്തിനാണ് പാര്‍ട്ടിക്ക് ഒരു ഭരണഘടനയെന്ന ചോദ്യത്തിന് മറുപടിയുമില്ല.

സംഘടനാ നടപടിക്രമങ്ങളുടെയും വിഭാഗീയതയുടെയും ന്യായീകരണത്തിനപ്പുറം ഹരിത നേതാക്കള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് എന്ത് പരിഹാരമുണ്ടായി എന്നതാണ് ലീഗ് നേതൃത്വത്തിന് നേരെ ഉയരുന്ന ചോദ്യം. പി.കെ നവാസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഹരിത നേതാക്കള്‍ ആരോപിക്കുന്ന തരത്തിലുള്ള പ്രയോഗം നടത്തിയെന്ന് അദ്ദേഹത്തെ പിന്തുണക്കുന്ന സംസ്ഥാന ട്രഷറര്‍ സി.കെ നജാഫ് തന്നെ സമ്മതിച്ചതാണ്. ഒമ്പത് മണിക്ക് ശേഷം തന്നെ വിളിക്കുന്ന പെണ്‍കുട്ടിയെ മോശക്കാരിയാക്കി ചിത്രീകരിച്ച മലപ്പുറം ജില്ലാ പ്രസിഡന്റിന്റെയും സഹപ്രവര്‍ത്തകക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയുടെയും വോയ്സ്‌ക്ലിപ്പുകളും പുറത്തു വന്നതാണ്. സത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ഈ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി എന്ത് നടപടിയെടുത്തെന്ന് ചോദിക്കുമ്പോള്‍ ഹരിതക്കാര്‍ നമ്മുടെ മക്കളാണെന്ന് മറുപടി എപ്പോഴും മതിയാവില്ല. ലിംഗനീതിയെക്കുറിച്ച് കൃത്യമായ ബോധ്യമുള്ള പെണ്‍കുട്ടികള്‍ അവര്‍ നേരിട്ട അധിക്ഷേപത്തെക്കുറിച്ച് പറയുമ്പോള്‍ പിതൃതുല്യമായ ഉപദേശം അനുസരിക്കണമെന്ന് പറയുന്നത് പരിഹാസ്യമാണ്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Byline - അഹമ്മദലി ശര്‍ഷാദ്

contributor

Similar News