'വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തിന് ജയിലിൽ കിടന്നത് ആരായിരുന്നു?' അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

ഇവിടെ വന്ന് തങ്ങളെ നീതിബോധം പേടിപ്പിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Update: 2021-03-08 13:42 GMT

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയുടെ ആൾരൂപമാണ് അമിത്ഷാ. എങ്ങനെയെല്ലാം വർഗീയത വളർത്തിയെടുക്കാൻ എന്തും ചെയ്യുന്ന ആളാണ് അദ്ദേഹം. ധർമ്മടത്ത് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. വർഗീയതയുടെ ഒരു മനുഷ്യരൂപമാണ് അമിത് ഷാ. മതപരമായി ഭിന്നിപ്പിക്കുക എന്നതാണ് വർഗീയതയുടെ പ്രത്യേകത.

ആഭ്യന്തര മന്ത്രിയായിട്ടാണോ അദ്ദേഹം സംസാരിച്ചത് ? സ്ഥാനത്തുണ്ടാകുമ്പോൾ സ്ഥാനത്തിന്റെ വിലയിൽ സംസാരിക്കണം. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ വലിയ തോതിൽ വർഗീയത പ്രകടനമാണല്ലോ ഉണ്ടായത്. പ്രസംഗത്തിനിടക്ക് മുസ്‌ലിം എന്ന വാക്ക് ഉച്ചരിക്കേണ്ടി വരുമ്പോൾ അതിനൊരു വല്ലാത്ത കനം. അദ്ദേഹത്തിന്റെ സ്വരം വല്ലാതെ കടുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Advertising
Advertising

"മതനിരപേക്ഷതക്ക് പേരുകേട്ട നാടായ കേരളത്തിൽ വന്നിട്ടാണ് അദ്ദേഹത്തിന്റെ ഉറഞ്ഞു തുള്ളൽ ഉണ്ടായത്. ഞാനേതെങ്കിലും തട്ടിക്കൊണ്ടു പോകലിന്റെ ഭാഗമായിട്ട് ജയിലിൽ കിടന്നിട്ടില്ല. കൊലപാതകം, അപഹരണം , ഇങ്ങനെയുള്ള ഗുരുതരമായ കേസുകളൊക്കെ

നേരിടേണ്ടി വന്നത് ആരായിരുന്നുവെന്ന് അമിത് ഷാ സ്വയം ഒന്ന് ചിന്തിക്കണം. "

"അദ്ദേഹം ഏതോ ഒരു സംശയാസ്പദ മരണത്തെ കുറിച്ചു സംസാരിച്ചു. അത് ഏതാണെന്നു അദ്ദേഹം പറഞ്ഞാൽ അന്വേഷിക്കാൻ തയ്യാറാകും. ഏതു സംഭവം നടന്നാലും കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഇടപെടുന്നതാണ് കേരള പൊലീസ്. ദുരൂഹതയെപ്പറ്റി അദ്ദേഹം പറയുമ്പോൾ സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ അദ്ദേഹത്തിന് ഓർമവേണം. വ്യാജ ഏറ്റുമുട്ടൽ ആസൂത്രണം ചെയ്തതിന്റെ പേരിൽ ആർക്കെതിരെയാണ് ചാർജ് ഷീറ്റ് ഇട്ടിട്ടുള്ളത്?"

" ആ കേസിൽ ചാർജ് ചെയ്യപ്പെട്ട ആളുടെ പേര് അമിത് ഷാ എന്നായിരുന്നു. ഓർമ്മയില്ലെങ്കിൽ ഓർമ്മിപ്പിക്കും. ആ കേസ് കേൾക്കാനിരുന്ന സി.ബി. ഐ ജഡ്ജി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും നീതിക്കായുള്ള പോരാട്ടത്തിലാണ്. ബി.ജെ.പി യുടെ ഏതെങ്കിലും നേതാവ് അതിനെപ്പറ്റി മിണ്ടിയിട്ടുണ്ടോ? വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടതും ജയിലിൽ കിടന്നതും ആരായിരുന്നു ?"

ഇവിടെ വന്ന് തങ്ങളെ നീതിബോധം പേടിപ്പിക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണ്ണക്കടത്ത് ആസൂത്രണം ചെയ്തതിൽ പ്രധാനി സംഘ് പരിവാറുകാരനല്ലേ? ഇത്തരം ദേശവിരുദ്ധ പ്രവർത്തനങ്ങൾ തടയേണ്ടത് കസ്റ്റംസിന്റെ ഉത്തരവാദിത്തമല്ലേയെന്നും അദ്ദേഹം ചോദിച്ചു.

Tags:    

Similar News