ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: മലപ്പുറത്ത് സുബൈർ ഹുദവിയെ മത്സരിപ്പിക്കാൻ ലീഗിൽ സമ്മർദം
വിദ്യാഭ്യസ - സാമൂഹിക മേഖലയിൽ പ്രവർത്തനം തുടരാനാണ് താല്പര്യമെന്നും പാർലമെന്ററി മോഹമില്ലെന്നും സുബൈർ ഹുദവി
പി.കെ കുഞ്ഞാലിക്കുട്ടി രാജിവച്ച മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ ഡോ. സുബൈർ ഹുദവിയെ മത്സരിപ്പിക്കാൻ മുസ്‌ലിംലീഗ് നേതൃത്വത്തിനു മേല്‍ അണികളുടെ സമ്മർദം. നിരവധി മുസ്‌ലിംലീഗ് പ്രവർത്തകരാണ് സമൂഹമാധ്യമങ്ങൾ വഴി ഈയാവശ്യം ഉന്നയിച്ചത്. നിലവിൽ ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ-സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമാണ് സുബൈർ ഹുദവി. അതേസമയം, പാർലമെന്ററി മോഹമില്ലെന്നും ഇപ്പോള്‍ തുടരുന്ന വിദ്യാഭ്യസ സാമൂഹിക ശാക്തീകരണ മേഖലയിൽ കഴിയാവുന്ന സേവനങ്ങൾ ചെയ്യാനാണ് താല്പര്യമെന്നും സുബൈർ ഹുദവി വ്യക്തമാക്കി.
ഇ. അഹമ്മദിന്റെ നിര്യാണത്തിനു ശേഷം അദ്ദേഹത്തിന്റെ പകരക്കാരനായി പാർലമെന്റിലെത്തിയ കുഞ്ഞാലിക്കുട്ടിക്ക് ദേശീയ രാഷ്ട്രീയത്തിൽ പ്രതീക്ഷിച്ച മികവ് പുലർത്താൻ കഴിഞ്ഞില്ലെന്ന വിമർശം ലീഗിനകത്തു തന്നെ ശക്തമാണ്. ഈ സാഹചര്യത്തിലാണ് ഇംഗ്ലീഷ്, ഉർദു, ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവും, പ്രഭാഷണമേഖലയിലും അക്കാദമിക മേഖലകളിൽ മികവുമുള്ള സുബൈർ ഹുദവിയെ പാർലമെന്റിലെത്തിക്കണമെന്ന ആവശ്യം ഉയരുന്നത്. ഉത്തരേന്ത്യയിലടക്കം പ്രവർത്തിച്ചുള്ള പരിചയവും വിവിധ ന്യൂനപക്ഷ മത - സംഘടനാ നേതാക്കളുമായുള്ള അടുത്ത ബന്ധവുമുള്ള സുബൈർ ഹുദവിയുടെ സാന്നിധ്യം ദേശീയ തലത്തിൽ ലീഗിന് ഗുണം ചെയ്യുമെന്ന് അദ്ദേഹത്തിനു വേണ്ടി വാദിക്കുന്നവർ അവകാശപ്പെടുന്നു. മലപ്പുറത്ത് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തസ്‌ലീം റഹ്‌മാനിയെ മത്സരിപ്പിക്കാൻ എസ്ഡിപിഐ തീരുമാനിച്ചതിന് പിന്നാലെയാണ് ഉത്തരേന്ത്യ പ്രവർത്തന മണ്ഡലമായ സുബൈർ ഹുദവിയെ മുസ്‌ലിം ലീഗ് രംഗത്തിറക്കണമെന്ന ആവശ്യം ഒരു വിഭാഗം അണികളില്‍ ശക്തമായത്.
നിയമസഭയിലേക്ക് മത്സരിക്കുന്നതിന്റെ ഭാഗമായാണ് പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവച്ചത്. നിയമസഭയ്ക്ക് ഒപ്പം നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ അബ്ദുസ്സമദ് സമദാനി, കെഎൻഎ ഖാദർ, അബ്ദുറഹ്‌മാൻ രണ്ടത്താണി, അഡ്വ.എൻ ശംസുദ്ദീൻ തുടങ്ങിയവരുടെ പേരാണ് പറഞ്ഞു കേൾക്കുന്നത്. ഇതിൽ പാർലമെന്റ് പരിചയമുള്ള സമദാനിയുടെ പേരിനാണ് നിലവിൽ മുൻതൂക്കം.
എന്നാൽ പഴയ പടക്കുതിരകളെ ഇനിയും കളത്തിലിറക്കുന്നത് തിരിച്ചടിയുണ്ടാക്കും എന്ന വിലയിരുത്തൽ അണികളിൽ ശക്തമാണ്. നേരത്തെ, കുഞ്ഞാലിക്കുട്ടിയുടെ രാജിയിലും ഒരുവിഭാഗം പ്രവർത്തകർ കടുത്ത എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഈ എതിർപ്പിന് പിന്നാലെയാണ് ഒരു പുതുമുഖത്തെ മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന ആവശ്യമുയരുന്നത്. ഉത്തരേന്ത്യയിൽ വിദ്യാഭ്യാസ പ്രവർത്തനത്തിൽ സജീവമായ സുബൈർ ഹുദവി പാർലമെന്റിലേക്ക് എത്താൻ എന്തു കൊണ്ടും യോഗ്യനാണെന്ന് എം.എസ്.എഫ്, യൂത്ത് ലീഗ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയ ശാക്തീകരണങ്ങളിൽ ഇടപെടാൻ ശേഷിയുള്ള, ഉർദു ബെൽറ്റിനോട് നിരന്തരമായി സംവദിക്കാൻ കഴിയുന്ന വ്യക്തിയായിരിക്കണം മലപ്പുറത്ത് നിന്ന് തിരഞ്ഞെടുക്കപ്പെടേണ്ടത് എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്.
കേരളത്തിൽ നിന്ന് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിയെ ആയിരിക്കണം മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയായി ഉയർത്തികൊണ്ടു വരേണ്ടത് എന്ന് ഒരുവിഭാഗം പറയുന്നു.
സമസ്തയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് സർവകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയ സുബൈർ ഹുദവി എംഎ, എംഫിൽ പഠനം പൂർത്തിയാക്കിയത് ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ സ്‌കൂൾ ഓഫ് ലാംഗ്വേജിൽനിന്നാണ്. പിഎച്ച്ഡിക്ക് ശേഷം എംജി യൂണിവേഴ്‌സിറ്റിയിലെ സി.എച്ച് മുഹമ്മദ് കോയ ചെയറിൽ ചെയർപേഴ്‌സണായിരുന്നു. നിലവിൽ ബിഹാറിലെ കിഷൻഗഞ്ച് ആസ്ഥാനമായി വിദ്യാഭ്യാസ, സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന കൊർദോബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കാഡമിക് എക്‌സലൻസ് മേധാവിയാണ്.
ലീഗിന്റെ ഉറച്ച കോട്ടയായ മലപ്പുറത്ത് കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് കുഞ്ഞാലിക്കുട്ടി പാർലമെന്റിലെത്തിയിരുന്നത്. 1,71,023 വോട്ടിനായിരുന്നു ജയം. എന്നാൽ 2014ൽ ഇ അഹമ്മദ് നേടിയ 1,94,739 വോട്ടിന്റെ ഭൂരിപക്ഷത്തിന് അടുത്തെത്താൻ 2017ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചിരുന്നില്ല.
പാർലമെന്ററി രാഷ്ട്രീയത്തിലേക്കിറങ്ങാൻ മോഹിക്കുകയോ ചിന്തിക്കുകയോ ചെയ്തിട്ടില്ലെന്ന് ഡോ. സുബൈർ ഹുദവി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
വിദ്യാഭ്യസ സാമൂഹിക ശാക്തീകരണ മേഖലയിൽ കഴിയാവുന്ന സേവനങ്ങൾ ചെയ്യുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകാൻ മാത്രമാണ് ആഗ്രഹം, തീരുമാനവും. ദാറുൽ ഹുദയുടെ ശിൽപികൾ കാണിച്ചു തന്ന മാർഗ്ഗത്തിലൂടെ തന്നെ സഞ്ചരിക്കണം. പാർലമെന്ററി രാഷ്ട്രീയത്തിലേക്കിറങ്ങാൻ മോഹിക്കുകയോ ചിന്തിക്കുകയോ ചെയ്തിട്ടില്ല. ചെയ്യുന്ന പ്രവർത്തനങ്ങളിൽ സർവ്വരുടേയും പിന്തുണയും പ്രാർത്ഥനയും തേടുന്നു.സുബൈർ ഹുദവിയുടെ ഫേസ്ബുക്ക് പോസ്റ്റ്