മലർവാടി ബാലസംഘം കുട്ടികൾക്കായി 'മഴവില്ല്' ചിത്രരചനാ മത്സരം
ഫെബ്രുവരി ഏഴ് മുതൽ പതിമൂന്ന് വരെയാണ് മത്സരം
ജിദ്ദ: മലർവാടി ബാലസംഘം കുട്ടികൾക്കായി 'മഴവില്ല് ' എന്ന തലക്കെട്ടിൽ ബാല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. മലർവാടി വെസ്റ്റേൺ പ്രൊവിൻസിനു കീഴിൽ ഫെബ്രുവരി ഏഴ് മുതൽ പതിമൂന്ന് വരെ ജിദ്ദ, തബൂക്, യാംമ്പു, ഖമീസ് മുഷൈയ്ത്ത്, മക്ക എന്നീ കേന്ദ്രങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
ജിദ്ദയിൽ ഫെബ്രു 7- ന് അസീസിയ്യ ദൗഹ അൽ ഉലൂം ഇന്റർനാഷണൽ സ്കൂൾ, ഷറഫിയ്യ ഇമാം അൽ ബുഖാരി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ വൈകിട്ട് നാല് മുതൽ ആറു മണിവരെയാണ് മത്സരം. ബഡ്സ്, കിഡ്സ്, സബ്ജൂനിയർ, ജൂനിയർ എന്നീ കാറ്റഗറിയിൽ മത്സരം നടക്കും.
നിറങ്ങളുടെയും സർഗാത്മകതയുടെയും ഉത്സവ ദിനമാണ് മലർവാടി വെസ്റ്റേൺ പ്രൊവിൻസിനു കീഴിൽ ഒരുക്കുന്നത്. പ്രവാസി മലയാളി കുട്ടികളുടെ ചിത്രരചനാ വൈഭവങ്ങൾ പ്രകടിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ മത്സരമെന്ന് സംഘാടകർ വാർത്താ കുറിപ്പിൽ അറിയിച്ചു.