ഖത്തറും സൗദിയും അതിർത്തികൾ തുറന്നു; ഇരു രാജ്യങ്ങളും ഉപരോധം അവസാനിപ്പിച്ച് കരാർ കൈമാറി

നാളെ നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി ഇരു രാജ്യങ്ങളും അതിർത്തി തുറന്നു

Update: 2021-01-04 18:54 GMT
Advertising

നാലു വർഷത്തോളം നീണ്ട പ്രതിസന്ധിക്കൊടുവിൽ സൗദി അറേബ്യയും ഖത്തറും അതിർത്തികൾ തുറക്കാൻ തീരുമാനിച്ചു. കുവൈത്ത് വിദേശ കാര്യ മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിർത്തികൾ തുറന്നു. ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളും കരാറിലെത്തി.

ആശയ ഭിന്നതയുള്ള വിഷയങ്ങളിൽ ചർച്ച തുടരാനാണ് തീരുമാനം. യുഎസ് വക്താവ് ജെറാദ് കുഷ്നറുടെ സന്ദർശനത്തിന് പിന്നാലെയാണ് ഊർജിത ശ്രമം തുടങ്ങിയത്. നാളെ ജിസിസി ഉച്ചകോടി നടക്കാനിരിക്കെയുണ്ടായ പ്രഖ്യാപനം മേഖലയിൽ സന്തോഷം പടർത്തുകയാണ്.

2017ലാണ് ഖത്തറിനെതിരെ സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത്എന്നീ രാജ്യങ്ങളാണ് വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഇതെല്ലാം ഖത്തർ തള്ളിയിരുന്നു. ഇതോടെ അതിർത്തികളടച്ചു. പ്രതിസന്ധി മറികടക്കാൻ ഖത്തർ സ്വന്തം നിലക്ക് ശ്രമം നടത്തി. ആരോപണങ്ങൾ നിലനിൽക്കെ മേഖലയുടെ സമാധാനം ലക്ഷ്യം വെച്ചാണ് ഇപ്പോൾ പുതിയ നീക്കം. ഖത്തറിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഇനി ചർച്ചയിലൂടെ പരിഹരിക്കാനാണ് നീക്കം.

യുഎസ് പ്രസിഡണ്ടായി ജോബൈഡൻ അധികാരമേൽക്കും മുന്നേ പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. നാളെ ജിസിസി ഉച്ചകോടി സൗദിയിൽ നടക്കാനിരിക്കെയാണ് ഖത്തറിനെതിരായ ഉപരോധം പിൻവലിക്കുന്നത്. വിഷയത്തിൽ യുഎഇ, ഈജിപ്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഇപ്പോഴും വിലക്ക് തുടരുന്നുണ്ട്.

സൗദി കിരീടാവകാശിയുടെ മുൻകൈയിലാണ് പ്രശ്ന പരിഹാര ശ്രമങ്ങൾ ഇപ്പോൾ നടന്നത്. ഗൾഫ് മേഖലയുടെ കെട്ടുറപ്പിന് ഐക്യം അനിവാര്യമാണെന്ന് ഉപരോധം അവസാനിപ്പിച്ചു കൊണ്ടുള്ള തീരുമാനത്തിൽ സൗദി കിരീടാവകാശി പറഞ്ഞു. ഇതോടെ നാളെ നടക്കുന്ന ഉച്ചകോടി വീണ്ടും ലോക ശ്രദ്ധ നേടും.

സൗദി അറേബ്യയ്ക്കു പുറമെ, ഖത്തര്‍, കുവൈത്ത്, യുഎഇ, ഒമാന്‍, ബഹ്‌റൈന്‍ എന്നിവയാണ് ജിസിസിയിലെ അംഗരാജ്യങ്ങള്‍. ഉപരോധം ഏര്‍പ്പെടുത്തിയ 2017നു ശേഷം ഖത്തര്‍ അമീര്‍ ജിസിസി യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ല. അല്‍ഉലയയിലെ മറായാ ഓഡിറ്റോറിയത്തിലാണ് ഉച്ചകോടി നടക്കുന്നത്. ലോകത്തെ ഏറ്റവും വലിയ കണ്ണാടി കെട്ടിടമെന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടംനേടിയ കെട്ടിടം ആണ് മറായ. 500 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. പരസ്പരമുള്ള അഭിപ്രായ വിത്യാസങ്ങള്‍ ഈ ഉച്ചകോടിയില്‍ പരിഹരിക്കാന്‍ സാധിക്കും എന്ന് തന്നെയാണ് സൂചനകള്‍. ഇതിന് വേണ്ടി കുവൈറ്റ് ഇടപെട്ട് നടത്തിവന്ന മധ്യസ്ഥ ചര്‍ച്ചകള്‍ ഫലം കാണുമെന്ന് തന്നെയാണ് പ്രതീക്ഷ.

Tags:    

Similar News