ഉപഗ്രഹങ്ങളെ തട്ടിയിട്ട് 'പറക്കാൻ' വയ്യ! ബഹിരാകാശത്ത് ട്രാഫിക് ബ്ലോക്ക് !

ഈ അടുത്തിടെയാണത്രേ കൃത്രിമ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് കുന്ന് കൂടാൻ തുടങ്ങിയത്... 2025 മെയ് വരെയുള്ള കണക്കനുസരിച്ച് 11,700 സജീവ ഉപഗ്രഹങ്ങളാണ് ഭൂമിയെ വട്ടംകറങ്ങുന്നത്...

Update: 2025-05-20 10:06 GMT

ഭൂമിയെ ചുറ്റുന്ന എത്ര കൃത്രിമ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് ഉണ്ടാകും? 2025 മെയ് വരെയുള്ള കണക്കനുസരിച്ച് 11,700 സജീവ ഉപഗ്രഹങ്ങളാണ് ഭൂമിയെ വട്ടംകറങ്ങുന്നത്. ആക്ടീവ് അല്ലാത്ത, പ്രവർത്തനം നിലച്ച ഉപഗ്രഹങ്ങളുടെ എണ്ണമെടുത്താൽ അത് 15,000ത്തിലെത്തും. അതുതന്നെയല്ല, റെക്കോർഡ് വേഗത്തിൽ കുതിച്ചുയരുന്നുമുണ്ട് പുതിയ ഉപഗ്രഹങ്ങളുടെ എണ്ണം.

നാസ, ഐഎസ്ആർഒ ഒക്കെ പോലെയുള്ള സർക്കാർ ഏജൻസികൾക്ക് പുറമെ, പ്രൈവറ്റ് ഫേമുകളും സ്വന്തം നിലയ്ക്ക് ഉപഗ്രഹങ്ങൾ അയയ്ക്കാൻ തുടങ്ങിയതോടെയാണ് ഇവയുടെ എണ്ണം ബഹിരാകാശത്ത് ഇത്രയധികം കൂടിയത്. സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് വിക്ഷേപണത്തിലൂടെ മാത്രം 7,400ലധികം ഉപഗ്രഹങ്ങൾ മുകളിലെത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ 60 ശതമാനവും ആക്ടീവ് ഉപഗ്രഹങ്ങളാണ്. അതായത് സജീവമായി പ്രവർത്തിക്കുന്ന ഉപഗ്രഹങ്ങൾ. 2024ൽ ഓരോ 34 മണിക്കൂറിലും ഉപഗ്രഹങ്ങളുടെ കൂട്ടവുമായി ഒരു റോക്കറ്റ് വിക്ഷേപണം എങ്കിലും നടന്നിട്ടുണ്ടെന്നാണ് കണക്ക്. ഇങ്ങനെ നോക്കുമ്പോൾ ഒരു വർഷം കൊണ്ട് മാത്രം 2,800 പുതിയ ഉപഗ്രഹങ്ങളാണ് മുകളിലെത്തിയിരിക്കുന്നത്.

Advertising
Advertising

ഇനി ഉപഗ്രഹങ്ങൾ ഏറെ അയയ്ക്കുന്നത് സാങ്കേതികതപരമായി നേട്ടമല്ലേ എന്നാവും നമ്മൾ കരുതുക. പക്ഷേ അതങ്ങനെ അല്ല. എല്ലാ ഉപഗ്രഹങ്ങളും, ഭൂമിയുടെ അന്തരീക്ഷത്തിനും ബഹിരാകാശത്തിനും ഇടയിലുള്ള എക്‌സോസ്ഫിയർ എന്ന പാളിയിലാണ് ഭ്രമണം ചെയ്യുന്നത്. ഭൂമിയിൽ നിന്നുള്ള ദൂരം അനുസരിച്ച് ഉപഗ്രഹങ്ങളെ ലോ എർത്ത് ഓർബിറ്റ്, മീഡിയം എർത്ത് ഓർബിറ്റ്, ജിയോസ്‌റ്റേഷനറി എർത്ത് ഓർബിറ്റ് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ടാകും. ഇതിൽ ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹങ്ങളാകും ഭൂമിയോട് ഏറ്റവും അടുത്ത് ഉണ്ടാവുക. ബഹിരാകാശ നിലയം ഒക്കെ ഈ ഓർബിറ്റിലാണുള്ളത്. സ്റ്റാർ ലിങ്ക് സാറ്റലൈറ്റുകളും ഇവിടെയാണ് ഭ്രമണം ചെയ്യുക.

ഉപഗ്രഹങ്ങൾ അധികമായി ഈ ഓർബിറ്റുകളിലെത്തിയാൽ അവിടെ സ്വാഭാവികമായും തിരക്ക് ഉണ്ടാകും. ഒരു തരത്തിൽ പറഞ്ഞാൽ നമ്മുടെ ട്രാഫിക് ബ്ലോക്ക് പോലെ തന്നെ. ട്രാഫിക് അധികമായാൽ ഇവിടെ ഉണ്ടാകുന്നത് പോലെയുള്ള എല്ലാ ബുദ്ധിമുട്ടുകളും സ്‌പേസിലും ഉണ്ടാകും. പല തരത്തിലുള്ള മലിനീകരണം, ഉപഗ്രഹങ്ങൾ പ്രവർത്തിക്കാനുള്ള ബുദ്ധിമുട്ട്, ബഹിരാകാശ പര്യവേഷണങ്ങൾക്കുള്ള സാങ്കേതിക തടസ്സം എന്നിങ്ങനെ അതിന്റെ ഭവിഷ്യത്തുകൾ നമുക്ക് ഊഹിക്കാൻ പോലും ചിലപ്പോൾ കഴിയില്ല.

നിലവിൽ ആക്ടീവ് ആയ ഒരു ലക്ഷം സാറ്റലൈറ്റുകളെ വഹിക്കാനുള്ള ശേഷിയേ ലോ എർത്ത് ഓർബിറ്റിനുള്ളൂ. ലോകത്താകമാനം നടക്കുന്ന വിക്ഷേപണങ്ങൾ കണക്കിലെടുത്താൽ 2050 കൊണ്ട് തന്നെ ഈ ലിമിറ്റ് മറികടക്കും.

ഈ അടുത്തിടെയാണത്രേ ഉപഗ്രഹങ്ങൾ സ്‌പേസിലിങ്ങനെ കുന്ന് കൂടാൻ തുടങ്ങിയത്... ഉപഗ്രഹങ്ങളുടെ എണ്ണം ഇങ്ങനെ അനിയന്ത്രിതമായി വർധിക്കുന്നത് സിഗ്നലുകൾ ജാം ആകുന്നതിനും മറ്റും കാരണമാകുമെന്ന് ശാസ്ത്രജ്ഞർ ഇപ്പോഴേ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇവയുടെ എണ്ണം നിയന്ത്രിച്ചില്ലെങ്കിൽ ഉടൻ തന്നെ ഇത് ഒരു ലക്ഷം കടക്കുമെന്നും പിന്നെ അതിന് പ്രതിവിധിയുണ്ടാകില്ലെന്നും പറയുന്നുണ്ട് ഗവേഷകർ.

സ്‌പേസ് ജങ്ക് ആണ് ഉപഗ്രഹങ്ങളുടെ എണ്ണം കൂടിയാലുണ്ടാകുന്ന പ്രധാന വിപത്ത്. കാലപ്പഴക്കം സംഭവിച്ച ഉപഗ്രഹങ്ങളും റോക്കറ്റ് ഭാഗങ്ങളും കൂട്ടിയിടിച്ച് അന്തരീക്ഷത്തിലേക്ക് ചിതറുന്ന അവശിഷ്ടങ്ങൾ ആണ് സ്‌പേസ് ജങ്ക്. ഇവ സ്‌പേസിൽ കറങ്ങി നടക്കുന്നത് ബഹിരാകാശ പര്യവേഷണങ്ങളെ കാര്യമായി തന്നെ ബാധിക്കും. ബഹിരാകാശ യാത്രികർക്കും അത് ബുദ്ധിമുട്ടുണ്ടാക്കും.

കെസ്ലർ സിൻഡ്രോം ആണ് മറ്റൊരു പ്രശ്‌നം. ഉപഗ്രഹങ്ങളുടെ കൂട്ടിയിടികൾ മൂലം ചില ഓർബിറ്റുകൾ ഉപയോഗശൂന്യമാകുന്ന അവസ്ഥയാണിത്. ഒരു സാങ്കല്പികമായ സാഹചര്യമാണെങ്കിലും ഇതിന്റെ സാധ്യത തള്ളിക്കളയാനാകില്ല.

പ്രകാശ മലിനീകരണം എന്ന പ്രതിഭാസമാണ് മറ്റൊരു പ്രശ്‌നം. ഭൂമിയിൽ നിന്നയയ്ക്കുന്ന ഉപഗ്രഹങ്ങളിൽ തിളക്കും കൂടിയവയും കുറഞ്ഞവയും ഒക്കെയുണ്ടാകാം. ഉപയോഗിച്ചിരിക്കുന്ന ആന്റിനയുടെ പ്രത്യേകതും റിഫ്‌ളക്ടീവ് പാനലുകളും ഒക്കെയാണ് തിളക്കം കൂടിയ പ്രതീതി ഇവയ്ക്ക് നൽകുന്നത്. ഇങ്ങനെ തിളക്കം കൂടിയ സാറ്റലൈറ്റുകൾ വാനനിരീക്ഷണത്തിന് തടസ്സം സൃഷ്ടിക്കും. ടെലസ്‌കോപ്പുകൾ പകർത്തുന്ന ചിത്രങ്ങളുടെ ക്വാളിറ്റിയും അങ്ങനെ കുറയും.

ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നലുകൾ റേഡിയോ ആസ്‌ട്രോണമിയെ തടസ്സപ്പെടുത്തും എന്നതാണ് ഉപഗ്രഹങ്ങൾ ഏറിയാലുണ്ടാകുന്ന മറ്റൊരു ബുദ്ധിമുട്ട്. റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് ബഹിരാകാശത്തെ വസ്തുക്കളെ പഠിക്കുന്ന ശാസ്ത്രശാഖയാണ് റേഡിയോ ആസ്‌ട്രോണമി. സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നലുകൾ ഇത്തരം പഠനങ്ങൾക്ക് തടസ്സം സൃഷ്ടിക്കാറുണ്ടെന്ന് ഇതിനോടകം തന്നെ പല തവണ പരാതി ഉയർന്നിരുന്നു.

ഈ ഉപഗ്രഹങ്ങൾ പുറപ്പെടുവിപ്പിക്കുന്ന ഇലക്ട്രോമാഗ്നറ്റിക് റേഡിയേഷൻ ആണ് പ്രശ്‌നത്തിന് കാരണം. റേഡിയോ നോയ്‌സ് എന്നാണ് ഇവയെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. ആകാശവസ്തുക്കളിൽ നിന്നുള്ള സിഗ്നലുകൾ ഈ റേഡിയേഷൻ മൂലം ടെലസ്‌കോപ്പുകൾക്ക് പിടിച്ചെടുക്കാനാവില്ല. സ്വാഭാവികമായും ഇവയെ കുറിച്ചുള്ള പഠനവും മുടങ്ങും. സ്റ്റാർലിങ്കിന്റെ രണ്ടാം തലമുറയിലെ ഉപഗ്രഹങ്ങൾ പഴയതിലും 32 മടങ്ങ് ശക്തിയേറിയ റേഡിയേഷനാണ് പുറപ്പെടുവിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് ബഹിരാകാശപഠനങ്ങൾക്ക് വലിയ വെല്ലുവിളിയും സൃഷ്ടിക്കുന്നുണ്ട്.

ആഗോളതലത്തിലുള്ള ഇന്റർനെറ്റ്, മറ്റ് കമ്മ്യൂണിക്കേഷൻ സർവീസുകൾ എന്നിവയുടൊക്കെ ലഭിക്കുന്നതിനായി ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നവയാണ് മിക്ക ഉപഗ്രഹങ്ങളും. വാണിജ്യാടിസ്ഥാനത്തിൽ ഉപഗ്രഹങ്ങൾ നിർമിച്ച് ഒന്നിച്ച് വിക്ഷേപിക്കുന്നത് ഇപ്പോൾ സത്യത്തിൽ ഒരു അനിവാര്യതയുമായി കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ കുറേയധികം ഉപഗ്രഹങ്ങൾ ഒന്നിച്ച് സ്‌പേസിലേക്ക് അയയ്ക്കുന്ന പ്രോജക്ടുകൾ സ്‌പേസ് എക്‌സിന് പുറമെ, ആമസോണും, വൺ വെബും ധാരാളം ചൈനീസ് കമ്പനികളും നടത്താറുള്ളതാണ്. ഒരു തരത്തിൽ ബഹിരാകാശത്തും സാന്നിധ്യമുറപ്പിക്കാനുള്ള ഒരു നീക്കം.

കണക്ടിവിറ്റി അധികമെത്താത്ത പ്രദേശങ്ങളിൽ ഇത് എത്തിക്കുന്ന ജോലിയാണ് ഭൂരിഭാഗം സാറ്റലൈറ്റുകളും ചെയ്യുക. ഇത് നിലവിൽ അനിവാര്യതയാണ് എന്നിരിക്കെ, ഇങ്ങനെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനെ കാര്യമായി കുറ്റപ്പെടുത്താനും ആവില്ല. അതുകൊണ്ട് തന്നെ, സാങ്കേതികമായി അഭിവൃദ്ധി നേടുമ്പോഴും അത് വിപരീതഫലം സൃഷ്ടിക്കരുതെന്ന് ഓർമിപ്പിക്കുന്നുണ്ട് ജ്യോതിശാസ്ത്രജ്ഞർ. സാറ്റലൈറ്റ് സാങ്കേതികവിദ്യകളിൽ നിന്നുള്ള ലാഭത്തിനായി ഭൂമിയെയും ബഹിരാകാശത്തെയും വിലയ്ക്ക് കൊടുക്കരുത് എന്നും അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News