ഭൂമിയിൽ നിന്ന് സ്വർണം പുറത്തേക്ക് ഒഴുകുന്നു ! പകച്ച് ശാസ്ത്രലോകം
സ്വർണം അടക്കമുള്ള മൂലകങ്ങളുടെ 99.9 ശതമാനവും ഭൂമിയുടെ കോർ എന്നറിയപ്പെടുന്ന ഉൾക്കാമ്പിന് സമീപമാണ് ഉള്ളത്.. ഭൂമി ഉണ്ടായതിൽ പിന്നെ ഇവ ഒരിക്കലും പുറത്തേക്ക് വന്നിട്ടില്ല എന്നായിരുന്നു ശാസ്ത്രജ്ഞരുടെ വിശ്വാസം..
ഭൂമിയിൽ നിന്ന് സ്വർണം പുറത്തേക്ക് ഒഴുകുന്നു.. വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ.. പക്ഷേ സംഗതി സത്യമാണ്. അഗ്‌നിപർവത സ്‌ഫോടനങ്ങളിലൂടെ പുറത്തെത്തിയ പാറകളിൽ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. സ്വർണം, റുഥേനിയം അടക്കമുള്ള അമൂല്യ ലോഹങ്ങൾ ഭൂമിക്ക് പുറത്തേക്ക് പതിയെ പ്രവഹിക്കുന്നു എന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. നേച്ചർ മാഗസിനിൽ പഠനം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
സ്വർണം, പ്ലാറ്റിനം, പല്ലാഡിയം, റോഡിയം, റുഥേനിയം പോലെയുള്ള മൂലകങ്ങളുടെ 99.9 ശതമാനവും ഭൂമിയുടെ കോർ എന്നറിയപ്പെടുന്ന ഉൾക്കാമ്പിന് സമീപമാണ് ഉള്ളത്. അതായത് ഭൂമിയുടെ പ്രതലത്തിൽ നിന്ന്, അല്ലെങ്കിൽ നാം ചവിട്ടി നിൽക്കുന്ന മണ്ണിൽ നിന്ന് 3000 കിലോമീറ്റർ താഴ്ചയിലാണ് ഇവ. നാലര ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമി ഉണ്ടായപ്പോൾ മുതൽ ഈ ലോഹങ്ങൾ ഇവിടെ പെട്ടുപോയിരിക്കുകയാണെന്നാണ് ഇക്കാലമത്രയും ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നത്. ആ ഭാഗത്ത് നിന്ന് പുറത്ത് വരാൻ കഴിയാത്ത വിധം സീൽ ചെയ്യപ്പെട്ടത് പോലെ കനത്ത പാറയുടെ തടസ്സമുണ്ട് ഇവയ്ക്ക് മുകളിൽ. അതായത്, ഈ ലോഹം ഇനി എങ്ങനെയെങ്കിലും കുഴിച്ചെടുക്കാനുള്ള വിദ്യ കണ്ടുപിടിച്ചാലും ഈ പാറക്കെട്ടുകൾ നശിപ്പിച്ചാലേ അതിന് സാധിക്കൂ.. മനുഷ്യർക്കും ഈ ലോഹങ്ങൾക്കുമിടയിൽ വെള്ളത്തിനുമപ്പുറം കല്ലുകൊണ്ടുള്ള ഒരു കനത്ത മറ ഉണ്ടെന്നർഥം.
ഭൂമിയുടെ ഉൾഭാഗത്തെ ഭൂവൽക്കം, മാന്റിൽ, പുറക്കാമ്പ്, അകക്കാമ്പ് എന്നിങ്ങനെ നാലായിട്ടാണ് പ്രധാനമായും തിരിച്ചിരിക്കുന്നത്. ഭൂമി ഉണ്ടായതിന് ശേഷം ഒരിക്കലും ഈ ലോഹങ്ങൾ ഭൂമിയുടെ ക്രസ്റ്റിലേക്കോ അല്ലെങ്കിൽ അപ്പർ മാൻഡിൽ എന്നറിയപ്പെടുന്ന ഭാഗത്തേക്കോ എത്തിയിട്ടില്ല. ഈ സ്വർണം മുഴുവൻ കുഴിച്ചെടുത്താൽ 50 സെന്റിമീറ്ററോളം കനത്തിൽ സ്വർണം കൊണ്ട് ഭൂമിയെ മൂടാം. അത്രകണ്ട് സ്വർണമുണ്ട് അവിടെ. ഇവ പുറത്തേക്ക് എത്താൻ സാധ്യതയൊന്നും ഇല്ല എന്നത് കൊണ്ട് തന്നെ ആ മേഖലയിൽ കൂടുതൽ ശ്രമങ്ങൾക്കൊന്നും ശാസ്ത്രജ്ഞർ മുതിർന്നിട്ടില്ല.
എന്നാൽ ഈ വിശ്വാസങ്ങളെല്ലാം തെറ്റിച്ചാണ് ഇപ്പോൾ പുതിയ പഠനം പുറത്തെത്തിയിരിക്കുന്നത്. റുഥേനിയം എന്ന മെറ്റലിന്റെ ഐസോടോപുകളെ കുറിച്ച് പഠിക്കുകയായിരുന്നു ജർമനിയിലെ ഗോട്ടിങ്ടൺ സർവകലാശാലയിലെ ഭൗമരസതന്ത്രജ്ഞർ. ഐസോടോപ്പുകൾ എന്നാൽ ഒരേ മൂലകത്തിന്റെ വ്യത്യസ്ത ഭാരമുള്ള ആറ്റങ്ങൾ. അതായത് ഇപ്പോൾ സ്വർണം ഉദ്ദാഹരണമായി എടുക്കുകയാണെങ്കിൽ സ്വർണത്തിന്റെ പല സ്വഭാവങ്ങളിലും ഘടനയിലുമുള്ള വ്യത്യസ്ത ഭാവങ്ങളാണ് ഐസോടോപ്പുകൾ- സ്വർണത്തിന്റെ വിവിധ വേർഷനുകൾ. റുഥേനിയം എന്ന മൂലകം ഇങ്ങനെ പല ഐസോടോപ്പുകളായി കാണപ്പെടുന്നുണ്ട്. അഗ്‌നിപർവതസ്ഫോടനങ്ങളൊക്കെ നടക്കുമ്പോൾ റുഥേനിയത്തിന്റെ ഐസോടോപിക്ക് കോമ്പോസിഷനിൽ ഉള്ള വ്യത്യാസങ്ങളാണ് ശാസ്ത്രജ്ഞർ പഠനവിഷയമാക്കിയിരുന്നത്. ഹവായിലെ ചില അഗ്‌നിപർവതസ്ഫോടനങ്ങളിൽ നിന്നുണ്ടായ പാറ ശേഖരിച്ചായിരുന്നു പഠനം.
എവിടെ നിന്നാണ് ഉത്ഭവം എന്നതിനനുസരിച്ച് റുഥേനിയത്തിന്റെ ഐസോടോപ്പുകളിൽ നേരിയ വ്യത്യാസം ഉണ്ടാകും. ഇത് സാധാരണഗതിയിൽ ശ്രദ്ധയിൽ പെടാൻ പോലും ഉണ്ടാകണം എന്നില്ല. പക്ഷേ പുതിയ പഠനത്തിൽ, നേരത്തേ കണ്ടെത്താതിരുന്ന ഒരു ഐസോടോപ്പ് ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപ്പെട്ടു. അതായത്, ഭൂമിയുടെ നേരത്തേ സൂചിപ്പിച്ച, 3000 കിലോമീറ്റർ താഴെയുള്ള ഭാഗത്ത് കാണാൻ സാധ്യതയുള്ള റുഥേനിയം 100 എന്ന ഐസോടോപ്പിന്റെ സാന്നിധ്യം. ഭൂമിയുടെ പ്രതലത്തിലോ അപ്പർ മാൻഡിലിലോ ഇന്നേ വരെ കണ്ടെത്തിയിട്ടില്ലാത്ത ഒരു ഐസോടോപ്പ്.
അഗ്‌നിപർവതസ്ഫോടനങ്ങൾ ഉണ്ടായപ്പോൾ ഇവ അത്രയും താഴ്ചയിൽ നിന്ന് പുറത്തേക്ക് വന്നതാകാം എന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. പഠനത്തിന്റെ ആദ്യ റിസൾട്ടുകൾ പുറത്ത് വന്നപ്പോൾ തന്നെ സ്വർണത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു എന്ന് ഗവേഷകസംഘത്തിലുള്ള നിൽസ് മെസ്ലിങ് പ്രതികരിച്ചിരുന്നു. അഗ്നിപർവതസ്‌ഫോടനങ്ങൾ നടക്കുമ്പോൾ ചുട്ടുപഴുത്ത പാറകൾക്കൊപ്പം ഇവ പുറത്തേക്ക് അതിശക്തമായി പ്രവഹിക്കപ്പെട്ടതാകാം എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. സ്വർണവും റുഥേനിയവും കൂടാതെ പല്ലാഡിയവും റോഡിയവും പ്ലാറ്റിനവുമൊക്കെ ഇത്തരത്തിൽ മാൻഡിലിലേക്ക് എത്തുന്നുണ്ടത്രേ..
പുതിയ പഠനം പുറത്തെത്തിയതോടെ, ഇത്ര നാളും കരുതിയത് പോലെയല്ല പല കാര്യങ്ങളും എന്ന് ഉറപ്പ് നൽകുന്നുണ്ട് ശാസ്ത്രജ്ഞർ. ഭൂമിയിൽ ഇപ്പോൾ നാം ഉപയോഗിക്കുന്ന സ്വർണമൊക്കെ അകക്കാമ്പിൽ നിന്ന് വന്നതാകാം എന്ന സാധ്യത, അങ്ങനെയെങ്കിൽ വസ്തുതയായി മാറും. ലാവ ഭൂമിയുടെ ആഴങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നത് എന്നതിലും കൂടുതൽ പഠനങ്ങൾ നടത്തേണ്ടി വരും. ഇതിൽലൊക്കെ വ്യക്തത വരുത്താൻ കൂടുതൽ പഠനം ആവശ്യമാണെന്നിരിക്കേ ഇതിനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രജ്ഞർ.