പിറവത്ത് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായി സിന്ധുമോൾ; പുറത്താക്കി സിപിഎം
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് നടപടിയെന്ന് ഉഴവൂർ ലോക്കൽ കമ്മിറ്റി അറിയിച്ചു.
പിറവത്തെ എൽ.ഡി.എഫ് സ്ഥാനാർഥി സിന്ധുമോൾ ജേക്കബിനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി. എല്‍.ഡി.എഫിന്‍റെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സ്ഥാനാര്‍ഥിയായതിന് പിന്നാലെയാണ് സിന്ധു മോള്‍ക്കെതിരെ പാര്‍ട്ടി നടപടി. സി.പി.എമ്മിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സിന്ധുമോളെ പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് നടപടിയെന്ന് ഉഴവൂർ ലോക്കൽ കമ്മിറ്റി അറിയിച്ചു.
എന്നാല്‍ എൽ.ഡി.എഫ് നേതാക്കളുടെ അനുമതിയോടെയാണ് കേരളകോൺഗ്രസ് സ്ഥാനാർഥിയായതെന്ന് സിന്ധു മോൾ ജേക്കബ് മീഡിയാ വണിനോട് പറഞ്ഞു. കേരള കോണ്‍ഗ്രസ് എം അംഗത്വം എടുത്തതായും സിന്ധുമോള്‍ പ്രതികരിച്ചു. നിന്ന നില്‍പ്പില്‍ സ്ഥാനാര്‍ഥിത്വത്തിനായി സിന്ധു ജേക്കബ് മറുകണ്ടം ചാടിയെന്ന വിമര്‍ശനം പ്രാദേശിക ഘടകത്തിനും ജില്ലാ ഘടകത്തിനും ഉണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സിപിഎം സിന്ധുമോള്‍ക്കെതിരെ പുറത്താക്കല്‍ നടപടി സ്വീകരിച്ചതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
നേരത്തെ പിറവത്തേക്ക് പരിഗണിച്ചിരുന്ന കേരളാ കോൺഗ്രസിലെ ജിൽസ് പെരിയപുറത്തെ വെട്ടിയാണ് സിപിഎം അംഗവും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ സിന്ധുമോൾ ജോസ് വിഭാഗത്തിന്‍റെ സ്ഥാനാര്‍ത്ഥിയായത്. നടപടിയിൽ പ്രതീക്ഷിച്ച് ജിൽസ് പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പിറവത്തിലേത് പേയ്മെന്‍റ് സീറ്റാണെന്ന ആരോപണത്തെ തള്ളി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും രംഗത്തെത്തി.