വിധിക്കു മുന്നിൽ തോറ്റില്ല; കൃത്രിമക്കാലിൽ സൈക്കിൾ ചവിട്ടി ലോക റെക്കോർഡിട്ട് അബ്ലു രാജേഷ്

ആറു മാസത്തെ പരിശീലനത്തിന്റെ ഫലമായിട്ടാണ് താൻ ഈ ഉദ്യമം പൂർത്തിയാക്കിയതെന്ന് 25-കാരനായ അബ്ലു രാജേഷ് പറയുന്നു.

Update: 2022-08-17 08:07 GMT
Editor : André | By : Web Desk

2009-ലുണ്ടായ ഒരു അപകടത്തിലാണ് അന്ന് 14 വയസ്സുണ്ടായിരുന്ന അബ്ലു രാജേഷിന് തന്റെ ഇരുകാലുകളും നഷ്ടമാകുന്നത്. നൃത്തം ജീവിതവ്രതമായിക്കണ്ടിരുന്ന ആ ചെറുപ്പക്കാരന് കാലുകളുടെ നഷ്ടം താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു. എന്നാൽ, മറ്റു പലരെയും പോലെ വിധിസമ്മാനിച്ച പ്രതിസന്ധിക്കു മുന്നിൽ സ്വപ്‌നങ്ങളെ ഉപേക്ഷിച്ച് നിരാശയിൽ അഭയം തേടാൻ അവൻ ഒരുക്കമായിരുന്നില്ല. കൃത്രിമക്കാലിൽ നൃത്തം പരിശീലിച്ച് ഷോർട്ട് വീഡിയോ ആപ്പായ 'മോജി'ലൂടെ അബ്ലു ആരാധകരെ സ്വന്തമാക്കി. ഒടുവിൽ പരിമിതികളെ തോൽപ്പിച്ച് ഒരു ലോക റെക്കോർഡും സ്വന്തം പേരിലെഴുതി.

പഞ്ചാബിലെ അമൃത്‌സർ സ്വദേശിയായ അബ്ലു രാജേഷ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് 'ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ' ഇടംനേടിത്. 'കൃത്രിമക്കാലിൽ ഇന്ത്യൻ പതാകയേന്തി ഏറ്റവുമധികം ദൂരം സൈക്കിൾ ചവിട്ടുക' എന്ന റെക്കോർഡിന്റെ പേരിലായിരുന്നു ഇത്. മോജ് ആപ്പ് അമൃത്സറിൽ സംഘടിപ്പിച്ച ഇവന്റിൽ ഒരു കിലോമീറ്ററാണ് അബ്ലു ദേശീയ പതാകയും കൈയിലേന്തി സൈക്കിൾ ചവിട്ടിയത്. സെന്റ് സോൾജ്യർ എലൈറ്റ് കോൺവെന്റ് സ്‌കൂളിൽ രാവിലെ 8 മണിക്ക് ആരംഭിച്ച ഉദ്യമം മുക്കാൽ മണിക്കൂറോളം നീണ്ടു.

കഴിഞ്ഞ ആറു മാസത്തെ പരിശീലനത്തിന്റെ ഫലമായിട്ടാണ് താൻ ഈ ഉദ്യമം പൂർത്തിയാക്കിയതെന്ന് 25-കാരനായ അബ്ലു രാജേഷ് പറയുന്നു. മധുരപലഹാര കച്ചവടക്കാരനായ പിതാവ് വേദ്പ്രകാശിന്റെയും അമ്മ സരോജിനിയുടെയും പിന്തുണ നിർണായകമായി. പന്ത്രണ്ടാം ക്ലാസ് വരെ മാത്രം ഔപചാരിക വിദ്യാഭ്യാസം നേടാൻ അവസരം ലഭിച്ച അബ്ലു തന്നെപ്പോലുള്ളവർക്ക് പിന്തുണ നൽകുന്നതിനായി ഒരു ഡാൻസ് അക്കാദമി നടത്തുന്നുണ്ട്. ഷോർട്ട് വീഡിയോ ആപ്പായ 'മോജി'ൽ അബ്ലുവിന് 1.5 മില്യൺ ഫോളോവേഴ്‌സുണ്ട്.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News