'മോദിക്കു കീഴില്‍ ഇന്ത്യ ഏകാധിപത്യത്തിലേക്ക്?'; യൂട്യൂബിൽ ലക്ഷക്കണക്കിനു കാഴ്ചക്കാരെ നേടി വിഡിയോ; ധ്രുവ് റാഠിക്കെതിരെ സൈബർ ആക്രമണം

നാലു ദിവസം കൊണ്ട് 1.3 കോടി പേര്‍ കണ്ടുകഴിഞ്ഞ വിഡിയോയില്‍ ഇന്ത്യ ഉത്തര കൊറിയയുടെയും റഷ്യയുടെയും വഴിയെ ഏകാധിപത്യത്തിലേക്കു സഞ്ചരിക്കുകയാണെന്നാണ് ധ്രുവ് റാഠി തെളിവുകള്‍ നിരത്തി സ്ഥാപിക്കുന്നത്

Update: 2024-02-27 07:15 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ രാജ്യം ഏകാധിപത്യത്തിലേക്കു നീങ്ങുകയാണെന്നു കണക്കുകൾ നിരത്തി അവതരിപ്പിച്ച യൂട്യൂബ് വിഡിയോയ്‌ക്കെതിരെ സംഘ്പരിവാർ സൈബര്‍ ആക്രമണം. പ്രമുഖ ഇന്ത്യൻ യൂട്യൂബറായ ധ്രുവ് റാഠിയാണ് ചണ്ഡിഗഢ് തെരഞ്ഞെടുപ്പ്, കർഷക പ്രക്ഷോഭം ഉൾപ്പെടെയുള്ള പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ മോദിയുടെയും ബി.ജെ.പി ഭരണകൂടത്തിന്റെയും ഏകാധിപത്യ പ്രവണതയെ അക്കമിട്ടുനിരത്തുന്നത്. രാജ്യം റഷ്യയുടെയും ഉത്തര കൊറിയയുടെയും പാതയിലാണു സഞ്ചരിക്കുന്നതെന്നാണു വിമർശനം. സംഘ്പരിവാർ ആക്രമണത്തിനു പിന്നാലെ വിശദീകരണവുമായി ധ്രുവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

മോദി ഏകാധിപതിയാണോ എന്നു ചോദിച്ചാണ് Is India becoming a DICTATORSHIP? എന്ന പേരിൽ കഴിഞ്ഞ ദിവസം റാഠി സ്വന്തം യൂട്യൂബ് ചാനലിൽ വിഡിയോ പുറത്തുവിട്ടത്. നാലു ദിവസം കൊണ്ട് 1.3 കോടി പേരാണ് വിഡിയോ യൂട്യൂബിൽ കണ്ടുകഴിഞ്ഞിട്ടുള്ളത്. വിഡിയോ ട്രെൻഡ് ആയതോടെയാണ് സോഷ്യൽ മീഡിയയിൽ റാഠിക്കെതിരെ സംഘ്പരിവാർ അനുകൂല പ്രൊഫൈലുകൾ വിദ്വേഷ പ്രചാരണം ആരംഭിച്ചത്.

ഇതോടെ പ്രതികരണവുമായി റാഠി തന്നെ രംഗത്തെത്തി. '10 മില്യൻ കാഴ്ചക്കാരാണ് വിഡിയോയ്ക്കു കിട്ടിയത്. തുറന്ന മനസ്സോടെ വിഡിയോ പൂർണമായി കാണണമെന്നു മാത്രമാണ് ബി.ജെ.പി അനുയായികളോട് അഭ്യർത്ഥിക്കാനുള്ളത്. എനിക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങളെല്ലാം വിഷയം ശ്രദ്ധതിരിക്കലാണ്. രാജ്യത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ യഥാർത്ഥ പ്രശ്‌നം അതിഗുരുതരമാണ്. ഉണർന്നെണീക്കണം, ജയ് ഹിന്ദ്'-എന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്.

ചണ്ഡിഗഢ് തെരഞ്ഞെടുപ്പിലെ അട്ടിമറി, അസം നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ബി.ജെ.പി നേതാവിന്റെ കാറിൽനിന്ന് ഇ.വി.എം കണ്ടെടുത്ത് വോട്ട് മാറ്റിനടത്തിയത് ഉൾപ്പെടെയുള്ള ഉദാഹരണങ്ങൾ നിരത്തിയാണ് രാജ്യം ഏകാധിപത്യത്തിലേക്കു നീങ്ങുകയാണെന്ന് ധ്രുവ് റാഠി വിഡിയോയിൽ വ്യക്തമാക്കുന്നത്. ഈ മാസം ആദ്യത്തിൽ മഹാരാഷ്ട്രയിലെ സാസ്വദിൽ തഹസിൽദാറുടെ ഓഫിസിൽനിന്ന് ഇ.വി.എമ്മുകൾ മോഷണം പോയ സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

തെരഞ്ഞെടുപ്പ് കമ്മിഷൻ സുതാര്യമായല്ല പ്രവർത്തിക്കുന്നതെന്നും പക്ഷപാതിത്വം കാണിക്കുന്നുവെന്നുമെല്ലാം 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുൻപ് നരേന്ദ്ര മോദി തന്നെ ആരോപണം ഉയർത്തിയ കാര്യം ധ്രുവ് സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, മോദി അധികാരമേറ്റ ശേഷം ബി.ജെ.പിയുടെ സഹായസംഘമോ സഖ്യകക്ഷിയോ ആയി മാറിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ എന്ന ആരോപണം പരക്കെയുണ്ട്. 2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുൻപ് പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേരിൽ മോദിയും അമിത് ഷായും യോഗി ആദിത്യനാഥുമെല്ലാം വോട്ട് ചോദിച്ച് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും കമ്മിഷൻ ഇടപെട്ടില്ലെന്നു മാത്രമല്ല, അവർക്ക് ക്ലീൻചിറ്റ് നൽകുകയാണു ചെയ്തത്. മോദിക്കും അമിത് ഷാക്കുമെല്ലാം ക്ലീൻചിറ്റ് നൽകാൻ വിസമ്മതിച്ച കമ്മിഷൻ അംഗമായ അശോക് ലവാസയെയും കുടുംബത്തെയും സർക്കാർ വേട്ടയാടുകയും ചെയ്തു. ലവാസയുടെ ഭാര്യയ്ക്കും സഹോദരിക്കും മകനുമെല്ലാം ആദായ നികുതി വകുപ്പിനെ അയച്ച് റെയ്ഡും അന്വേഷണവും നടത്തിയായിരുന്നു പ്രതികാര നടപടിയെന്നും വിഡിയോയിൽ പറയുന്നു.

രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ മുഴുവൻ കാൽക്കീഴിലാക്കിയാണ് മോദിയുടെ ഭരണമെന്നും അദ്ദേഹം തുടരുന്നു. എതിരാളികളെയും ചോദ്യങ്ങളുയർത്തുന്നവരെയും അന്വേഷണ കമ്മിഷനുകളെ അയച്ചുവേട്ടയാടി. ഒരുതവണ പോലും സ്‌ക്രിപ്റ്റ് ഇല്ലാതെ മാധ്യമങ്ങളോട് സംസാരിക്കാൻ മോദി കൂട്ടാക്കിയില്ല. മാധ്യമങ്ങളെ കാണാനും തയാറായില്ലെന്നതുമെല്ലാം ഏകാധിപത്യ പ്രവണതയുടെ തെളിവായി അദ്ദേഹം എടുത്തുദ്ധരിക്കുന്നു.

മോദിക്കു കീഴിൽ ഇന്ത്യ കിം ജോങ് ഉന്നിന്റെ ഉ.കൊറിയയുടെയും വ്‌ളാദ്മിർ പുടിന്റെ റഷ്യയുടെയും പാതയിലാണു സഞ്ചരിക്കുന്നതെന്നാണ് റാഠി മുന്നറിയിപ്പ് നൽകുന്നത്. രാജ്യത്ത് കൃത്യമായി തെരഞ്ഞെടുപ്പ് നടക്കുന്നുവെന്നതുകൊണ്ട് ജനാധിപത്യമാകില്ലെന്ന് അദ്ദേഹം പറയുന്നു. ഉ.കൊറിയയിലും റഷ്യയിലുമെല്ലാം കൃത്യമായി തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. എന്നാൽ, അവിടെ സർക്കാരിനെ പിന്തുണയ്ക്കാത്തവരെല്ലാം ദേശദ്രോഹികളാണ്. ജോലിയിൽനിന്നു പിരിച്ചുവിടപ്പെടുകയും കുടിയിറക്കപ്പെടുകയും ചെയ്യുന്നതു സ്ഥിരം കാഴ്ചയാണെന്നും വിഡിയോയിൽ പറയുന്നു. റഷ്യയിൽ പുടിനെതിരെ മത്സരിക്കുന്നവരെ വിലക്കും മരണവുമാണ് കാത്തിരിക്കുന്നത്. ഇതേ രീതിയിലാണ് ഇന്ത്യയിലും സ്ഥിതിഗതികളെന്ന് മുന്നറിയിപ്പ് നൽകുകയാണ് വിഡിയോയിൽ ധ്രുവ് റാഠി.

Full View

നേരത്തെ തന്നെ സംഘ്പരിവാറിന്റെ കണ്ണിലെ കരടാണ് റാഠി. മണിപ്പൂരിലെ ക്രിസ്ത്യൻ വേട്ട, ഗുസ്തി താരങ്ങളുടെ സമരം, പുൽവാമ ആക്രമണത്തിൽ സത്യപാൽ മാലികിന്റെ വെളിപ്പെടുത്തൽ, അദാനി-മോദി അവിശുദ്ധബന്ധം, നൂപുർ ശർമ വിവാദം, കർഷക പ്രക്ഷോഭം, ഹിജാബ് വിവാദം ഉൾപ്പെടെയുള്ള നൂറുകണക്കിനു വിഷയങ്ങളിൽ കേന്ദ്രത്തെയും ബി.ജെ.പിയെയുമല്ലൊം പ്രതിരോധത്തിലാക്കി നിരവധി വിഡിയോകൾ ചെയ്തിട്ടുണ്ട്. ലവ് ജിഹാദ് മുന്നിൽനിർത്തി കള്ളക്കഥകൾ മെനഞ്ഞ സുദിപ്‌തോ സെന്നിന്റെ 'ദി കേരള സ്‌റ്റോറി'യെ കണക്കുകൾ നിരത്തി പൊളിച്ചടുക്കിയ റാഠിയുടെ വിഡിയോ ദേശീയതലത്തിൽ തന്നെ വലിയ ശ്രദ്ധ നേടി. മതംമാറ്റവും പ്രണയ ജിഹാദും ആരോപിച്ച് കേരളത്തെയും മുസ്‌ലിംകളെയും പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സംഘ്പരിവാർ പ്രചാരണങ്ങളുടെ കൂടി മുനയൊടിക്കുകയായിരുന്നു ഇതിലൂടെ റാഠി ചെയ്തത്.

1.51 കോടി സബ്സ്ക്രൈബര്‍മാരുണ്ട് ധ്രുവ് റാഠിയുടെ യൂട്യൂബ് ചാനലിന്. ഇതിനു പുറമെ ഇൻസ്റ്റഗ്രാമിൽ 30 ലക്ഷവും ഫേസ്ബുക്കിൽ 24 ലക്ഷവും എക്‌സിൽ 18 ലക്ഷവും ഫോളോവർമാരുമുണ്ട് അദ്ദേഹത്തിന്.

Summary: Sangh Parivar cyber attack against the Indian YouTuber and vlogger Dhruv Rathee over his YouTube video, which states that the country is moving towards dictatorship under Prime Minister Narendra Modi

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News