'അറപ്പ് തോന്നുന്നു'; ലണ്ടൻ മെട്രോയിൽ ഭക്ഷണം കഴിച്ച ഇന്ത്യക്കാരിക്ക് നേരെ അധിക്ഷേപം
ഇത് ഇംഗ്ലണ്ടാണ് ഇന്ത്യയല്ല, സ്പൂണും ഫോർക്കും ഉപയോഗിക്കാതെ കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന യുവതിക്ക് വൃത്തിയില്ല തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് താഴെ വന്നത്.
ലണ്ടൻ മെട്രോയിലിരുന്ന് ഭക്ഷണം കഴിച്ച ഇന്ത്യക്കാരിക്ക് എതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം. ഫോണിൽ സംസാരിച്ചുകൊണ്ട് ചോറ് കഴിക്കുന്ന യുവതിയാണ് ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലുള്ളത്. ഇതിന് താഴെ നിരവധി പേരാണ് യുവതിയെ ആക്ഷേപിക്കുന്ന കമന്റുകൾ പോസ്റ്റ് ചെയ്തത്.
കണ്ടിട്ട് അറപ്പ് തോന്നുന്നുവെന്നും ഏത്ര മോശം രാജ്യത്ത് നിന്നാണ് ഇവർ വരുന്നതെന്നും പറഞ്ഞവരുണ്ട്. സ്പൂണും ഫോർക്കും ഉപയോഗിക്കാതെ കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന യുവതിക്ക് വൃത്തിയിലെന്നും ചിലർ പറയുന്നു. മറ്റു യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ ഫോണിൽ ഉച്ചത്തിൽ സംസാരിച്ചതിനും ആളുകൾ ഇവരെ വിമർശിക്കുന്നുണ്ട്. ഇത് അടുക്കളയല്ലെന്നും പൊതുഗതാഗതമാണെന്നും ഇവരെയെല്ലാം തിരികെ നാട്ടിലേക്ക് അയക്കേണ്ട സമയമായിട്ടുണ്ടെന്നുമാണ് ഒരാളുടെ കമന്റ്.
അതേസമയം യുവതിയെ പിന്തുണച്ചും നിരവധിപേർ കമന്റ് ചെയ്തിട്ടുണ്ട്. അവർ അവരുടെ ഭക്ഷണം ആസ്വദിക്കുകയാണെന്നും നിങ്ങളെ ശല്യപ്പെടുത്തുന്നില്ലല്ലോ എന്നുമാണ് ഒരാളുടെ പ്രതികരണം. ഒട്ടേറെപ്പേർ ചിപ്‌സോ സാൻഡ്‌വിച്ചുകളോ കഴിക്കുന്നുണ്ടെന്നും ആരും അത് ശ്രദ്ധിക്കുന്നില്ലെന്നും ഇന്ത്യൻ സ്ത്രീ കൈകൊണ്ട് ചോറ് കഴിക്കുന്നതാണ് അവരുടെ പ്രശ്‌നമെന്നും മറ്റൊരാൾ കുറിച്ചു.