വിനീഷ്യസിന് നേരെ വംശീയാക്രമണം, ഗില്ലിന് സൈബറാക്രമണം; ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വാര്‍ത്തകള്‍

നടൻ ശരത് ബാബുവിന്‍റെ മരണവും ഗുസ്തി താരങ്ങളുടെ സമരവും ഇന്ന് ട്വിറ്ററിനെ സജീവമാക്കി

Update: 2023-05-22 14:02 GMT
Advertising

നടൻ ശരത് ബാബു അന്തരിച്ചു #SarathBabu

 പ്രശസ്ത നടൻ ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആന്തരാവയവങ്ങളിൽ അണുബാധയെത്തുടർന്ന് ഏപ്രിൽ 20 മുതൽ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിവിധ ഭാഷകളിലായി 220ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ സിനിമാ മേഖലകളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ചു. 

ആയിരം രൂപാ നോട്ടുകള്‍ തിരിച്ചുവരില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ #RBIGovernor

2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ 1000 രൂപ നോട്ടുകള്‍ തിരിച്ചുവരുമെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ 1000 രൂപ നോട്ടുകൾ വീണ്ടും അവതരിപ്പിക്കാൻ റിസർവ് ബാങ്കിന് നിലവില്‍ പദ്ധതിയില്ലെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. "അത് ഊഹാപോഹമാണ്. ഇപ്പോൾ അങ്ങനെയൊരു നിർദേശമില്ല"- ശക്തികാന്ത ദാസ് പറഞ്ഞു.

ഗുസ്തി താരങ്ങളുടെ സമരം മുപ്പതാം ദിവസത്തിലേക്ക് #bajrang punia

ഗുസ്തി താരങ്ങളുടെ സമരം മുപ്പതാം ദിവസത്തിലേക്ക്. മെയ്‌ 27നുള്ളിൽ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ വനിതകൾ പുതിയ പാർലമെന്റ് മന്ദിരം വളയും. അതേസമയം, താൻ നുണ പരിശോധനയ്ക്ക് തയാറെന്ന് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ.

കഴിഞ്ഞ മാസം 23നാണ് ഗുസ്തി താരങ്ങൾ തങ്ങളുടെ സമരം പുനരാരംഭിച്ചത്. സമരം ഒരു മാസം തികയുമ്പോഴും ബ്രിജ് ഭൂഷൺ. എതിരെ നടപടിയെടുക്കുവാൻ ഡൽഹി പൊലീസ് തയാറായിട്ടില്ല. ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചതോടെ സമരം ശക്തമാക്കാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം.

 വിനീഷ്യസിന് നേരെ വംശീയാക്രമണം#vinicius jr

വലെൻസിയയ്‌ക്കെതിരായ തോൽവിക്കു പിന്നാലെ കടുത്ത വംശീയാക്രമണവും അധിക്ഷേപവുമാണ് റയൽ മാഡ്രിഡിന്റെ ബ്രസീൽ താരം വിനീഷ്യസ് ജൂനിയറിനെതിരെ നടക്കുന്നത്. അധിക്ഷേപങ്ങൾക്കു പിന്നാലെ കരഞ്ഞുകൊണ്ടായിരുന്നു താരം മത്സരത്തിനുശേഷം ഗ്രൗണ്ട് വിട്ടത്. ഇപ്പോൾ വംശീയാധിക്ഷേപങ്ങളെക്കുറിച്ച് താരം തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.

ഇത് ആദ്യത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ സംഭവമല്ലെന്ന് വിനീഷ്യസ് പറഞ്ഞു. ലാലിഗയിൽ വംശീയത സാധാരണ സംഭവമാണ്. ടൂർണമെന്റും (സ്പാനിഷ് ഫുട്‌ബോൾ) ഫെഡറേഷനും ഇതൊരു സ്വാഭാവിക സംഗതിയായാണ് കരുതുന്നത്. അതുകൊണ്ടു തന്നെ എതിരാളികൾ ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് വിനീഷ്യസ് ചൂണ്ടിക്കാട്ടി.

ശുഭ്മാന്‍ ഗില്ലിന് നേരെ ബാംഗ്ലൂര്‍ ആരാധകരുടെ സൈബറാക്രമണം

കഴിഞ്ഞ ദിവസം ഐ.പി.എല്ലില്‍ ബാംഗ്ലൂരിനെ ഗുജറാത്ത് തകര്‍ക്കുമ്പോള്‍‌ കരുത്തായത് ശുഭ്മാന്‍ ഗില്ലിന്‍റെ സെഞ്ച്വറിയായിരുന്നു. മത്സര ശേഷം  ബാംഗ്ലൂര്‍ ആരാധകര്‍ കട്ടക്കലിപ്പിലായിരുന്നു. എല്ലാ വര്‍ഷവും വലിയ സംഘവും പ്രതീക്ഷകളുമായി ഐ.പി.എല്ലിനെത്താറുള്ള ബാംഗ്ലൂര്‍ ഇക്കുറിയും പടിക്കല്‍ കലമുടക്കുന്നത് കണ്ട് നില്‍ക്കാനായിരുന്നു അവരുടെ വിധി. മത്സര ശേഷം അതിരുവിട്ട ചില ആരാധകര്‍ തങ്ങളുടെ പ്രതീക്ഷകളെ മുഴുവന്‍ ഒരു പടുകൂറ്റന്‍ സിക്സറിലൂടെ തകര്‍ത്തെറിഞ്ഞ ഗില്ലിന് നേരെ സൈബര്‍ ആക്രമണം അഴിച്ചു വിട്ടു. ഗില്ലിന്‍റെ സഹോദരിക്ക് നേരെയും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്കുകള്‍ അരങ്ങേറി. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News