ഇന്ത്യ ഏഷ്യാ കപ്പ് ചാമ്പ്യന്മാര്‍; മണിപ്പൂരിൽ സൈനികനെ കൊലപ്പെടുത്തി, ഇന്ന് എക്സിനെ സജീവമാക്കിയ വാര്‍ത്തകള്‍

Update: 2023-09-17 18:36 GMT
Advertising

സിറാജ് സണ്‍ഡേ; ഇന്ത്യ ഏഷ്യാ കപ്പ് ചാമ്പ്യന്മാര്‍ #INDvSL

ശ്രീലങ്കയെ പത്ത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് ചാമ്പ്യന്മാര്‍. ശ്രീലങ്ക ഉയര്‍ത്തിയ 50 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടമാവാതെ വെറും 6.1 ഓവറിലാണ് ഇന്ത്യ മറികടന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. ഇന്ത്യക്കായി 23 റണ്‍സുമായി ഇഷാന്‍ കിഷനും 27 റണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലും പുറത്താവാതെ നിന്നു. ഏഴോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് പിഴുത പേസ് ബോളര്‍ മുഹമ്മദ് സിറാജാണ് ശ്രീലങ്കന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. രണ്ടോവറില്‍ മൂന്ന് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹര്‍ദിക് പാണ്ഡ്യ സിറാജിന് മികച്ച പിന്തുണ നല്‍കി.

സമ്മാനത്തുക ഗ്രൗണ്ട് സ്റ്റാഫിന്; മൈതാനവും മനസ്സും കീഴടക്കി സിറാജ് #സിറാജ്

ഏഷ്യാ കപ്പ് ഫൈനലില്‍ കളിയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് സിറാജ് മത്സരശേഷം തനിക്ക് ലഭിച്ച സമ്മാനത്തുക പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട്‌ സ്റ്റാഫുകള്‍ക്ക് സമ്മാനിച്ച് ആരാധകരുടെ മനസ്സും കീഴടക്കിയിരിക്കുകയാണിപ്പോള്‍. മാന്‍ ഓഫ് ദ മാച്ച് മാച്ച് പുരസ്കാരമായി തനിക്ക് ലഭിച്ച 5000 ഡോളറാണ് സിറാജ് ഗ്രൗണ്ട്‌ സ്റ്റാഫുകള്‍ക്ക് സമ്മാനിച്ചത്. ഗ്രൗണ്ട് സ്റ്റാഫുകള്‍ ഇല്ലായിരുന്നെങ്കില്‍ ഈ ടൂര്‍ണമെന്‍റ് വിജയകരമായി നടക്കില്ലായിരുന്നു എന്നും ഈ തുക അവര്‍ക്കുള്ളതാണെന്നും സിറാജ് സമ്മാനദാനച്ചടങ്ങിനിടെ പറഞ്ഞു.

മണിപ്പൂരിൽ അവധിക്ക് വീട്ടിലെത്തിയ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി  #Manipur

ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ഇന്ത്യൻ സൈനികന്റെ മൃതദേഹം കണ്ടെത്തി. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുനിംഗ്‌തെക് ഗ്രാമത്തിലാണ് സംഭവം. കാംഗ്‌പോപി ആർമി ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് ശിപായി സെർതോ തങ്‌താങ് കോമാണ് കൊല്ലപ്പെട്ടത്. അവധിക്ക് വീട്ടിലെത്തിയതായിരുന്നു അദ്ദേഹം.

ശനിയാഴ്ച രാവിലെയാണ് അജ്ഞാതരായ ആയുധധാരികൾ സെർതോ തങ്‌താങ് കോമിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയത്. 10 വയസ്സുള്ള മകന്റെ കൺമുന്നിൽവെച്ചാണ് സൈനികനെ പിടിച്ചുകൊണ്ടുപോയത്.

സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ; പ്രഖ്യാപനവുമായി തെലങ്കാന കോണ്‍ഗ്രസ് റാലി #ഇന്ത്യ

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാനയിൽ ആറ് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. തെലങ്കാന ദേശീയോദ്ഗ്രഥന ദിനത്തോടനുബന്ധിച്ച് തുക്കുഗുഡയില്‍ നടത്തിയ റാലിയിലായിരുന്നു പ്രഖ്യാപനം. മഹാലക്ഷ്മി പദ്ധതി പ്രകാരം സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ധനസഹായം, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, 200 യൂനിറ്റ് വൈദ്യുതി സൗജന്യം, ഭവനരഹിതർക് വീടുവെക്കാൻ 5 ലക്ഷം രൂപ സഹായം, വിദ്യാർഥികൾക്ക് 5 ലക്ഷം വരെ വിദ്യാഭ്യാസ സഹായം, തുടങ്ങിയ വാഗ്ദാനങ്ങളാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്.

vcc

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News