വിവാഹം സ്പോണ്‍സര്‍ ചെയ്യുമോയെന്ന് ആരാധകന്‍; രസകരമായ മറുപടിയുമായി സോനു സൂദ് 

ദിനംപ്രതി നിരവധി പേരാണ് സോനുവിനോട് സഹായമഭ്യര്‍ഥിച്ചെത്തുന്നത്.

Update: 2021-03-16 11:42 GMT

കോവിഡ് കാലത്ത് പ്രതിസന്ധിയിലായവരെ കയ്യഴിച്ച് സഹായിച്ച് ശ്രദ്ധേയനായ വ്യക്തിയാണ് ചലച്ചിത്ര താരം സോനു സൂദ്. ലോക്ക് ഡൗണ്‍ കാലയളവില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാനും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുമടക്കം സോനു സൂദ് സുപ്രധാനമായ പങ്കു വഹിച്ചിരുന്നു.

ലോക്ക് ഡൗണില്‍ ജോലി നഷ്ടപ്പെട്ടവരെയും ചികിത്സ സഹായം ആവശ്യമായവരെയും സാമ്പത്തികമായി സഹായിച്ചും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യമൊരുക്കിയും ദുര്‍ബ്ബല വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയും വന്‍ ജനസ്വീകാര്യതയാണ് രാജ്യത്തെമ്പാടും സോനു സൂദിന് ലഭിച്ചത്.

Advertising
Advertising

ദിനംപ്രതി നിരവധി പേരാണ് സോനുവിനോട് സഹായമഭ്യര്‍ഥിക്കുന്നത്. അതില്‍ മെഡിക്കല്‍ ബില്ലടക്കുമോ? വിദ്യാഭ്യാസ ചെലവു വഹിക്കുമോ? തുടങ്ങി കാര്‍ വാങ്ങിത്തരാമോ? മാലിദ്വീപ് യാത്ര സ്പോണ്‍സര്‍ ചെയ്യാമോ? എന്നിങ്ങനെയുള്ള രസകരമായ ആവശ്യങ്ങള്‍ വരെയുണ്ട്. അത്തരത്തിലൊരു സഹായാഭ്യര്‍ഥനയ്ക്ക് രസകരമായി തന്നെ മറുപടി നല്‍കിയിരിക്കുകയാണ് സോനു.

"സര്‍ താങ്കള്‍ വിവാഹം നടത്തിത്തരുമോ?" എന്നായിരുന്നു ആരാധകന്‍റെ ചോദ്യം. "എന്തുകൊണ്ട് പാടില്ല, വേണമെങ്കില്‍ വിവാഹ മന്ത്രം വരെ ചൊല്ലിത്തരാം, പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ജോലി മാത്രം നിങ്ങള്‍ നോക്കിയാല്‍ മതി" എന്നായിരുന്നു സോനുവിന്‍റെ മറുപടി.

കോവിഡ് അസാധാരണമായ പ്രതിന്ധികള്‍ സൃഷ്ടിച്ചപ്പോള്‍ നിരാലംബരായ മനുഷ്യര്‍ക്ക് മുന്നില്‍ സഹായഹസ്തം നീട്ടിയ സോനു സൂദ് ജനഹൃദയങ്ങള്‍ മാത്രമല്ല അംഗീകാരങ്ങളും കരസ്ഥമാക്കിയിരുന്നു. കോവിഡ്‌ കാലത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് എസ്‌ഡിജി സ്‌പെഷ്യല്‍ ഹ്യുമാനിറ്റേറിയന്‍ ആക്ഷന്‍ അവാര്‍ഡ് നൽകി ഐക്യരാഷ്ട്ര സഭ സോനു സൂദിനെ ആദരിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News