എന്തുകൊണ്ട് ഒളിമ്പിക്സില്‍ ഇന്ത്യ പരാജയപ്പെടുന്നു ? കാരണമിതാണെന്ന് ചൈന പറയുന്നു

Update: 2017-11-16 04:56 GMT
Editor : Alwyn K Jose
എന്തുകൊണ്ട് ഒളിമ്പിക്സില്‍ ഇന്ത്യ പരാജയപ്പെടുന്നു ? കാരണമിതാണെന്ന് ചൈന പറയുന്നു

ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ മുന്നിലാണ്. എന്നാല്‍ കായികരംഗത്ത്, പ്രത്യേകിച്ച് ഒളിമ്പിക്സ് പോലുള്ള ബ്രഹ്മാണ്ഡ മേളയില്‍ ഇന്ത്യ എന്തുകൊണ്ട് എല്ലായിപ്പോഴും മോശം പ്രകടനം കാഴ്ചവെക്കുന്നു ?

ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ മുന്നിലാണ്. എന്നാല്‍ കായികരംഗത്ത്, പ്രത്യേകിച്ച് ഒളിമ്പിക്സ് പോലുള്ള ബ്രഹ്മാണ്ഡ മേളയില്‍ ഇന്ത്യ എന്തുകൊണ്ട് എല്ലായിപ്പോഴും മോശം പ്രകടനം കാഴ്ചവെക്കുന്നു ? രാജ്യാന്തര തലത്തില്‍ എന്തുകൊണ്ട് ഇന്ത്യക്ക് ഉയരാന്‍ കഴിയുന്നില്ല ? ഈ ചോദ്യം രാജ്യം സ്വയം ചോദിച്ചുതുടങ്ങിയിട്ട് കാലം കുറേയായി. അപ്പോഴൊക്കെ മെഡലിലല്ല, പങ്കാളിത്തമാണ് പ്രധാനമെന്ന വാക്യം ആശ്വാസമായി കൂടെക്കൂട്ടുകയാണ് പതിവ്. എന്നാല്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണം അക്കമിട്ട് നിരത്തുകയാണ് ഒളിമ്പിക്സിലെ പ്രധാന മെഡല്‍വേട്ടക്കരുടെ നാടായ ചൈനയിലെ മാധ്യമങ്ങള്‍.

Advertising
Advertising

കായികതാരങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തതയാണ് പ്രധാന കാരണങ്ങളിലൊന്നായി ചൈനീസ് ദേശീയ മാധ്യമം വിലയിരുത്തുന്നത്. മോശം ആരോഗ്യസ്ഥിതി, ദാരിദ്ര്യം, കായികയിനങ്ങളിലേക്ക് പ്രതിഭയുള്ള വനിതാ താരങ്ങളെ പരിശീലനത്തിനായി കണ്ടെത്തുന്നതിലെ വീഴ്ച, പ്രതിഭയുണ്ടെങ്കില്‍ പോലും ഡോക്ടറും എന്‍ജിനീയറും ആകാനുള്ള യുവാക്കളുടെ അമിത പ്രേരണ, സ്പോട്സ് എന്നതിന് ക്രിക്കറ്റ് എന്നു മാത്രം നിര്‍വചനമായി മാറുന്നതിലെ വൈരുധ്യം, ദേശീയ കായികയിനമായ ഹോക്കിയുടെ പ്രതാപകാലം തിരിച്ചുപിടിക്കുന്നതിലെ വീഴ്ച, ഗ്രാമീണ മേഖലകളില്‍ ഒളിമ്പിക്സ് എന്ന കായികമേളയുടെ പ്രാധാന്യത്തെപ്പറ്റിയുള്ള അവബോധമില്ലായ്മ തുടങ്ങിയ നിരവധി കാരണങ്ങളാണ് ചൈനീസ് മാധ്യമം ചൂണ്ടിക്കാട്ടുന്നത്. ചൈന കഴിഞ്ഞാല്‍ ജനസംഖ്യയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്. എന്നാല്‍ എക്കാലവും ഇന്ത്യക്ക് മെഡല്‍ വരള്‍ച്ചയാണ് പതിവ്. ഇന്ത്യയുടെ പകുതിയോ നാലിലൊന്നോ ജനസംഖ്യയുള്ള രാജ്യങ്ങള്‍ എന്നുവേണ്ട ഒരു രാജ്യത്തിന്റെയും ബാനറിനു കീഴിലല്ലാതെ മത്സരിക്കുന്നവര്‍ പോലും ഒളിമ്പിക്സില്‍ മെഡലുകള്‍ വാരിക്കൂട്ടുമ്പോഴാണ് ഇന്ത്യക്ക് ഈ ഗതി. കായികമേഖലയുടെ ഉന്നമനത്തിന് കാലാകാലങ്ങളില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് വേണ്ടത്ര ശ്രദ്ധയില്ലാത്തതും അവരുടെ അവഗണനയുമൊക്കെ ഇന്ത്യക്ക് തിരിച്ചടിയായെന്ന് ചൈനീസ് മാധ്യമം ചൂണ്ടിക്കാട്ടുന്നു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News