കാര്യവട്ടത് ഇഷാൻ കിഷൻ ഷോ; അവസാന ടി20യിൽ ഇന്ത്യക്ക് 46 റൺസ് ജയം

Update: 2026-01-31 17:39 GMT
Editor : Harikrishnan S | By : Sports Desk

തിരുവനന്തപുരം: റൺമഴ പെയ്ത മത്സരത്തിൽ ന്യൂസിലൻഡിനെ തോൽപിച്ച് പരമ്പരയ്ക്ക് വിജയത്തോടെ അവസാനമിട്ട് ഇന്ത്യ. 46 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ഇഷാൻ കിഷന്റെ സെഞ്ചുറിയുടെ മികവിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് 19.4 ഓവറിൽ 225 റൺസിന് ഓൾ ഔട്ടായി. അഞ്ച് വിക്കറ്റ് നേടിയ അർഷ്ദീപ് സിങ്ങിന്റെ പ്രകടനമാണ് ന്യൂസിലൻഡ് ബാറ്റിങ് നിരയെ തകർത്തത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി. ഇഷാൻ കിഷനാണ് പ്ലെയ‍ർ ഓഫ് ദി മാച്ച്. സൂര്യകുമാ‍ർ യാദവ് പരമ്പരയുടെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.

Advertising
Advertising

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ തകർത്തടിച്ച് തുടങ്ങിയ അഭിഷേക് ശർമ്മ ആദ്യ ഓവറിൽ തന്നെ രണ്ട് ഫോറും ഒരു സിക്സും നേടി. മറുവശത്ത് ബൗണ്ടറിയോടെ തുടക്കമിട്ടെങ്കിലും സഞ്ജു സാംസന്റെ ഇന്നിങ്സ് അധികം നീണ്ടില്ല. ആറ് റൺസെടുത്ത സഞ്ജു, ലോക്കി ഫെർഗ്യൂസന്റെ പന്തിൽ ബെവൻ ജേക്കബ്സിന് ക്യാച്ച് നൽകി മടങ്ങി. തന്റെ അടുത്ത ഓവറിൽ ഫെർഗ്യൂസൻ അഭിഷേക് ശർമ്മയെയും പുറത്താക്കി. 30 റൺസെടുത്ത അഭിഷേക് ക്ലീൻ ബൗൾഡാവുകയായിരുന്നു.

തുടർന്ന് മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഇഷാൻ കിഷനും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്നാണ് ഇന്ത്യയുടെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടത്. നിലയുറപ്പിച്ച ശേഷം ആഞ്ഞടിച്ച ഇഷാനും സൂര്യകുമാറും ഗ്രീൻഫീൽഡിലെ ആരാധകർക്ക് ആവേശനിമിഷങ്ങൾ സമ്മാനിച്ചു. ഇഷ് സോധി എറിഞ്ഞ പന്ത്രണ്ടാം ഓവറിൽ 29 റൺസാണ് പിറന്നത്. ഓവറിലെ ആറു പന്തുകളും അതിർത്തി കടത്തിയ ഇഷാൻ ആ ഓവറിൽ തന്നെ അർദ്ധ സെഞ്ചുറി പൂർത്തിയാക്കി. ജേക്കബ് ഡഫി എറിഞ്ഞ പതിനാലാം ഓവറിൽ സൂര്യകുമാറിന്റെ ഊഴമായിരുന്നു. മൂന്ന് സിക്സും ഒരു ബൗണ്ടറിയുമടക്കം 22 റൺസ് നേടിയ സൂര്യകുമാറും അമ്പത് തികച്ചു.

63 റൺസെടുത്ത സൂര്യകുമാർ സാന്റ്നറുടെ പന്തിൽ പുറത്തായി. മറുവശത്ത് തകർത്തടിച്ച് മുന്നേറിയ ഇഷാൻ കിഷൻ 42 പന്തിൽ സെഞ്ചുറി പൂർത്തിയാക്കി. ട്വന്റി-20യിൽ ഇഷാന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറിയായിരുന്നു ഇത്. സെഞ്ചുറി തികച്ച് അടുത്ത പന്തിൽ പുറത്തായ ഇഷാൻ ആറ് ഫോറും പത്ത് സിക്സുമടക്കം 103 റൺസാണ് നേടിയത്. 17 പന്തുകളിൽ ഒരു ഫോറും നാല് സിക്സുമടക്കം 42 റൺസെടുത്ത ഹാർദിക് പാണ്ഡെയുടെ പ്രകടനം കൂടി ചേർന്നപ്പോൾ ഇന്ത്യയുടെ ഇന്നിങ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റിന് 271 റൺസിൽ അവസാനിച്ചു. ന്യൂസിലൻഡിന് വേണ്ടി ലോക്കി ഫെർഗ്യൂസൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡിന് അഞ്ച് റൺസെടുത്ത ടിം സീഫർട്ടിന്റെ വിക്കറ്റ് ആദ്യ ഓവറിൽ തന്നെ നഷ്ടമായി. എന്നാൽ തകർത്തടിച്ച ഫിൻ അലന്റെ മികവിൽ ന്യൂസിലൻഡ് ഇന്നിങ്സ് കുതിച്ചു പാഞ്ഞു. നാലാം ഓവറിലെ ആദ്യ പന്തിൽ ന്യൂസിലൻഡ് സ്കോർ അമ്പതിലെത്തി. 22 പന്തിൽ അലൻ അർദ്ധ സെഞ്ചുറി തികച്ചു. ഇന്ത്യയ്ക്കെതിരെ ഒരു ന്യൂസിലൻഡ് താരം നേടുന്ന ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ചുറി കൂടിയായിരുന്നു ഇത്.

എന്നാൽ സ്കോർ 117ൽ നിൽക്കെ ഫിൻ അലൻ പുറത്തായത് ന്യൂസിലൻഡിന് തിരിച്ചടിയായി. 38 പന്തുകളിൽ എട്ട് ഫോറും ആറ് സിക്സുമടക്കം 80 റൺസാണ് ഫിൻ അലൻ നേടിയത്. തുടർന്നെത്തിയ ബാറ്റർമാർ നിരാശപ്പെടുത്തിയതോടെ ന്യൂസിലൻഡിന്റെ സ്കോർ 225ൽ അവസാനിച്ചു. 30 റൺസെടുത്ത രചിൻ രവീന്ദ്രയും 33 റൺസെടുത്ത ഇഷ് സോധിയും മാത്രമാണ് അല്പമെങ്കിലും ചെറുത്തുനിന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്ങാണ് ഇന്ത്യൻ ബൗളിങ് നിരയിൽ തിളങ്ങിയത്. അക്സർ പട്ടേൽ മൂന്ന് വിക്കറ്റുകളും നേടി.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News