കൌമാര കായികമേളക്ക് തുടക്കമായി; ആദ്യദിനം എറണാകുളം മുന്നില്‍
അയ്യായിരം മീറ്റര്‍ മത്സരത്തോടെയാണ് കായികോത്സവം തുടങ്ങിയത്
അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ആവേശകരമായ തുടക്കം. മൂന്ന് റെക്കോഡുകൾ പിറന്ന ആദ്യദിനം 33 പോയിന്റുമായി എറണാകുളമാണ് മുന്നിൽ പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പം മൂന്നേറുന്നു. കായികോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈകീട്ട് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആദ്യ ദിനം ഇതു വരെ മൂന്ന് മീറ്റ് റെക്കോര്‍ഡുകളാണ് പിറന്നു. കായികോത്സവത്തിലെ ആദ്യ സ്വർണം പാലക്കാട് പറളി സ്കൂളിലെ അജിത്ത് പി.എൻ നേടി. സീനിയർ ബോയ്സിന്റെ അയ്യായിരം മീറ്ററിലാണ് അജിത് മീറ്റ് റെക്കോഡോടെ സ്വർണമണിഞ്ഞത്. പാലായിലെ പുതിയ സിന്തറ്റിക് ട്രാക്കിലെ ആദ്യ സ്വർണ നേട്ടം മീറ്റ് റെക്കോഡായത് അപൂർവതയായി.
ദേശീയ റെക്കോഡ് മറികടക്കുന്ന പ്രകടനം പുറത്തെടുത്താണ് മീറ്റിലെ ആദ്യ സ്വർണം പറളി സ്കുളിലെ അജിത് പി എൻ സ്വന്തമാക്കിയത്. 2015 ൽ കോതമംഗലം മാർ ബേസിൽ സ്കുളിലെ ബിബിൻ ജോർജ് സ്ഥാപിച്ച റെക്കോർഡാണ് അജിത്ത് പഴങ്കഥയാക്കിയത്. 14 മിനിട്ട് 48 സെക്കന്റാണ് അജിത്ത് കുറിച്ച സമയം . 15.08 ആയിരുന്നു ബിബിൻ ജോർജിന്റെ റെക്കോഡ്. സ്വർണ നേട്ടത്തിൽ പരിശീലകനും തികഞ്ഞ സന്തോഷം. ഈയിനത്തിൽ കോതമംഗലം മാർ ബേസിലിലെ ആദർശ് ഗോപി വെള്ളി നേടി. പത്തനംതിട്ട ഇരവിപേരൂർ സെന്റ് ജോൺസ് സ്കുളിലെ ആദർശ് ബിനുവിനാണ് വെങ്കലം.