വൈവിധ്യങ്ങളുടെ ഒളിമ്പിക് വില്ലേജ്

Update: 2018-05-19 14:58 GMT
Editor : Alwyn K Jose
Advertising

ഏതു ഒളിമ്പിക്സിന്റെയും ഹൃദയം അത്‍ലറ്റുകളുടെ വില്ലേജാണ്. 200 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 17,000 ത്തോളം കായികതാരങ്ങളും പരിശീലകരും ഒഫീഷ്യലുകളുമാണ് രണ്ടാഴ്ച ഇവിടെ താമസിക്കുന്നത്.

Full View

ഏതു ഒളിമ്പിക്സിന്റെയും ഹൃദയം അത്‍ലറ്റുകളുടെ വില്ലേജാണ്. 200 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 17,000 ത്തോളം കായികതാരങ്ങളും പരിശീലകരും ഒഫീഷ്യലുകളുമാണ് രണ്ടാഴ്ച ഇവിടെ താമസിക്കുന്നത്. വ്യത്യസ്ത ഭാഷക്കാര്‍, ദേശക്കാര്‍, വൈവിധ്യമുള്ള വിശ്വാസവും ആചാരങ്ങളും പുലര്‍ത്തുന്നവര്‍. ഇവിടെ അവര്‍ക്ക് ഒരു മേല്‍വിലാസമേയുള്ളൂ. ഒളിമ്പിക്സിന് ജീവന്‍ നല്‍കാന്‍ വന്നവര്‍. ബാഹയിലെ ഒളിമ്പിക് പാര്‍ക്കിലാണ് റിയോയിലെ ഒളിമ്പിക് വില്ലേജ്. 31 അപാര്‍ട്ട്മെന്റ് കെട്ടിടങ്ങളാണ് ഇതിലുള്ളത്. മൊത്തം ഫ്ളാറ്റുകള്‍ 3604. ചില കെട്ടിടങ്ങള്‍ക്ക് 17 നിലവരെ ഉയരം. വേനല്‍ ഒളിമ്പിക്സിനെത്തുടര്‍ന്ന് വരുന്ന പാരാളിമ്പിക്സിനുള്ള താരങ്ങളും പരിശീലകരും താമസിക്കുന്നതും ഇവിടെത്തന്നെയായിരിക്കും.

വെറും ഉറങ്ങാനുള്ള സ്ഥലമല്ല ഈ വില്ലേജ്. പരസ്പരം പരിചയപ്പെടാനും ഇടകലരാനുമുള്ള ഇടം കൂടിയാണിത്. ഉല്ലസിക്കാനും സന്തോഷിക്കാനും സൗകര്യങ്ങളുണ്ട്. വിവിധ രാജ്യക്കാര്‍ക്കായി ഭക്ഷണവിഭവങ്ങള്‍ തയാറാക്കാനും വിളമ്പാനുമായി ഒരുക്കിയ വന്‍ അടുക്കളയും ഭോജനശാലയും സദാ ശബ്ദ മുഖരിതം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇവിടെ ദിവസം 60,000ത്തിലേറെപേര്‍ക്കുള്ള ഭക്ഷണമാണ് ഒരുക്കുന്നത്. ഭോജനശാലയുടെ വിസ്തീര്‍ണം 21,000 ചതുരശ്ര മീറ്റര്‍, അതായത് അഞ്ചു ജംബോ ജെറ്റുകള്‍ നിര്‍ത്തിയിടാവുന്ന സ്ഥലം. രാത്രി കലാ സാംസ്കാരിക പരിപാടികള്‍. വില്ലേജിനകത്ത് തന്നെ കടകളും പോസ്റ്റോഫീസും ബാങ്കും അലക്കുശാലയും റസ്റ്റോറന്റുകളുമുണ്ട്. 1800 ചതുരശ്ര മീറ്ററില്‍ കൂറ്റന്‍ ജിമ്മും വില്ലേജിന്റെ പ്രത്യേകതയാണ്. എല്ലാ മതക്കാര്‍ക്കും ആരാധന നിര്‍വഹിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എന്തിനേറെ ബാര്‍ബര്‍ ഷോപ്പും ബ്യൂട്ടി പാര്‍ലറും വരെ. സ്വന്തം നാട്ടിലെ ഭക്ഷണം തന്നെ വേണമെന്നുള്ളവര്‍ക്ക് പാചകക്കാരുമായി വന്നാല്‍ അതിനുള്ള സൗകര്യവും ലഭ്യം. കായിക താരങ്ങളുടെ പ്രകടനത്തെ ബാധിക്കാതിരിക്കാന്‍ മിക്ക ടീമുകളും സ്വന്തം പാചകക്കാരുമായാണ് വരിക.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News