പ്രഥമ ഖേലോ ഇന്ത്യ ദേശീയ സ്കൂള്‍ മീറ്റ്; അത്‌ലറ്റിക് മത്സരത്തില്‍ കേരളത്തിന് മൂന്നാംസ്ഥാനം

Update: 2018-06-02 18:50 GMT
പ്രഥമ ഖേലോ ഇന്ത്യ ദേശീയ സ്കൂള്‍ മീറ്റ്; അത്‌ലറ്റിക് മത്സരത്തില്‍ കേരളത്തിന് മൂന്നാംസ്ഥാനം

ഉത്തര്‍പ്രദേശാണ് ഓവറോള്‍ ചാംപ്യന്‍മാര്‍.

പ്രഥമ ഖേലോ ഇന്ത്യ ദേശീയ സ്കൂള്‍ മീറ്റിലെ അത്‌ലറ്റിക് മത്സരങ്ങള്‍ അവസാനിച്ചു. അത്ലറ്റിക് മീറ്റില്‍ കേരളം മൂന്നാംസ്ഥാനം സ്വന്തമാക്കി. ഉത്തര്‍പ്രദേശാണ് ഓവറോള്‍ ചാംപ്യന്‍മാര്‍. കേരളത്തിന്‍റെ അപര്‍ണറോയിയാണ് മീറ്റിലെ മികച്ച വനിതാ താരം. ഗെയിംസ് ഇനങ്ങള്‍ ഫെബ്രുവരി എട്ടിനാണ് അവസാനിക്കുക. 5 സ്വര്‍ണവും 7 വെള്ളിയും 6 വെങ്കലവുമടക്കം 105 പോയന്‍റ് നേടിയാണ് അത്ലറ്റിക് മീറ്റില്‍ കേരളം മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. 2 സ്വര്‍ണവും 7 വെള്ളിയും 7 വെങ്കലവുമടക്കം 118.5 പോയന്‍റുള്ള ഉത്തര്‍പ്രദേശാണ് ഒന്നാംസ്ഥാനത്ത്. 5 സ്വര്‍ണനേട്ടത്തോടെ 109.5 പോയന്‍റ് നേടിയ തമിഴ്നാട് രണ്ടാം സ്ഥാനത്തെത്തി.

Advertising
Advertising

ഒന്നുമുതല്‍ ആറുവരെയുള്ള സ്ഥാനങ്ങള്‍ക്ക് പോയന്‍റ് നിശ്ചയിച്ചതോടെയാണ് കേരളവും തമിഴ്നാടും പട്ടികയില്‍ പിന്നോക്കം പോയത്. പരിശീലനത്തിലെ അപാകതയാണ്‌ കേരളത്തിന് തിരിച്ചടിയായതെന്ന് ടീം മാനെജര്‍ പറഞ്ഞു. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 14.02 സെക്കന്‍റില്‍ ഒന്നാമതെത്തിയ അപര്‍ണറോയ് മീറ്റിലെ മികച്ച വനിതാ താരമായി. 18.2 മീറ്റര്‍ ഷോട്ട് പുട്ട് എറിഞ്ഞ ഉത്തര്‍പ്രദേശിന്‍റെ അഭിഷേക് സിംഗാണ് ആണ്‍കുട്ടികളില്‍ മികച്ചതാരമായി തെര‍ഞ്ഞെടുക്കപ്പെട്ടത്. 4*400 മീറ്റര്‍ ആണ്‍കുട്ടികളുടെ റിലേയിലിലും 4*100 മീറ്റര്‍ പെണ്‍കുട്ടികളുടെ റിലേയിലും കേരളം സ്വര്‍ണം സ്വന്തമാക്കി. ഈയിനങ്ങളില്‍ വെള്ളിയും കേരളത്തിനാണ്. ഗെയിംസ് ഇനങ്ങള്‍ അവശേഷിക്കുന്ന മീറ്റ് ഫെബ്രുവരി എട്ടിനാണ് അവസാനിക്കുക.

Similar News