യൂറോ കപ്പ്: രണ്ടാം സെമിയില്‍ ജര്‍മ്മനി ഫ്രാന്‍സിനെ നേരിടും

Update: 2018-06-02 06:08 GMT
Editor : Subin
യൂറോ കപ്പ്: രണ്ടാം സെമിയില്‍ ജര്‍മ്മനി ഫ്രാന്‍സിനെ നേരിടും

സ്വന്തം കാണികളുടെ പിന്തുണയോടെ കലാശപ്പോരാട്ടം സ്വപ്നം കണ്ട് ഫ്രാന്‍സും കണക്കുകളില്‍ പ്രതീകഷയര്‍പ്പിച്ച് ജര്‍മ്മനിയും ഇറങ്ങുമ്പോള്‍ ടൂര്‍ണമെന്‍റിലെ മികച്ച മത്സരമായിരിക്കും രണ്ടാം സെമി ഫൈനല്‍.

യൂറോ കപ്പിലെ രണ്ടാം സെമിയില്‍ ജര്‍മ്മനി ഇന്ന് ഫ്രാന്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. ജയിക്കുന്ന ടീം വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ പോര്‍ച്ചുഗലിനെ നേരിടും.

കലാശപ്പോരാട്ടത്തിന്‍റെ വീറും വാശിയുമുള്ള സെമി പോരാട്ടത്തിനാണ് ഇന്ന് മാര്‍സെലില്‍ അരങ്ങുണരുക. ശക്തരായ ഇറ്റലിയെ പരാജയപ്പെടുത്തിയെത്തുന്ന ജര്‍മ്മനിക്ക് പ്രമുഖ താരങ്ങളുടെ പരിക്കാണ് തിരിച്ചടി. മരിയോ ഗോമസും ഖെദീരയും കളിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. സസ്പെന്‍ഷനിലായ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ മാറ്റ് ഹമ്മല്‍സും ജര്‍മ്മനി നിരയിലുണ്ടാകില്ല. ഖെദീരക്ക് പകരം എമ്രെ കാനും ഹമ്മല്‍സിന്‍റെ അഭാവത്തില്‍ ബെനഡിക്ട് ഹൊവീഡ്സും ആദ്യ ഇലവനില്‍ ഇടം പിടിച്ചേക്കും. ഗോമസിന് പകരം ആരെ കളത്തിലിറക്കുമെന്ന കാര്യത്തിലാണ് പരിശീലകന്‍ ജാക്കിം ലോക്ക് ആശങ്കയുള്ളത്. മരിയോ ഗോട്സെ, ലൂക്കാസ് പൊഡോള്‍സ്കി എന്നിവരിലാരെങ്കിലുമായിരിക്കും ടീമിലിടം പിടിച്ചേക്കുക.

Advertising
Advertising

പരിക്കിന്‍റെ പിടിയിലായിരുന്ന നായകന്‍ ഷ്വെയിന്‍സ്റ്റൈഗര്‍ ഫിറ്റ്നസ് വീണ്ടെടുത്തതായി ലോ വ്യക്തമാക്കിയിട്ടുണ്ട്. സസ്പെന്‍ഷനിലായിരുന്ന ആദില്‍ റാമിയും കാന്‍റെയും തിരിച്ചെത്തുന്നത് ഫ്രാന്‍സിന് കരുത്ത് പകരും. ഐസ്‌ലന്‍ഡിനെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ ഒളിവര്‍ ജിറൌഡ് ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന പ്രതീകഷയിലാണ് പരിശീലകന്‍ ദഷാംപ്സ്. പോള്‍ പോഗ്ബ ഫോമിലേക്കെത്തിയതും ഫ്രാന്‍സിന് ആശ്വാസം നല്‍കുന്നു.

പ്രതിരോധത്തിലെ പിഴവുകള്‍ കൂടി പരിഹരിച്ചാല്‍ ആതിഥേയര്‍ക്ക് ആരാധകരുടെ പ്രതീക്ഷക്കൊത്തുയരാം. ടോണി ക്രൂസ് നേതൃത്വം നല്‍കുന്ന മധ്യനിരയാണ് ജര്‍മ്മനിയുടെ ശക്തി. ഗോള്‍ വലക്ക് മുന്നില്‍ മാന്വല്‍ ന്യൂയറെന്ന അതികായനും ലോക ചാമ്പ്യന്‍മാര്‍ക്ക് കരുത്ത് പകരുന്നു. സ്വന്തം കാണികളുടെ പിന്തുണയോടെ കലാശപ്പോരാട്ടം സ്വപ്നം കണ്ട് ഫ്രാന്‍സും കണക്കുകളില്‍ പ്രതീകഷയര്‍പ്പിച്ച് ജര്‍മ്മനിയും ഇറങ്ങുമ്പോള്‍ ടൂര്‍ണമെന്‍റിലെ മികച്ച മത്സരമായിരിക്കും രണ്ടാം സെമി ഫൈനല്‍.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News