ഉസൈൻ ബോൾട്ടിന് ട്രാക്കില്‍ നിന്ന് കണ്ണീരോടെ മടക്കം

Update: 2018-06-03 03:49 GMT
Editor : Muhsina
ഉസൈൻ ബോൾട്ടിന് ട്രാക്കില്‍ നിന്ന് കണ്ണീരോടെ മടക്കം
Advertising

ലോകം എന്നും ആരാധനയോടെ കണ്ട ആ സ്വതസിദ്ധമായ ശൈലിയിൽ സ്വർണത്തിലേക്ക് ഓടിക്കയറാനൊരുങ്ങുകയായായിരുന്നു ബോൾട്ട് . എന്നാൽ, പൊടുന്നനെ വേദനകൊണ്ട് പുളഞ്ഞ ബോള്‍ട്..

സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിന് ട്രാക്കില്‍ നിന്ന് കണ്ണീരോടെ മടക്കം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.20ന് തന്റെ അവസാന മത്സരത്തിനിറങ്ങിയ വേഗത്തിന്റെ രാജകുമാരന് വിധി കരുതിവെച്ചത് തീര്‍ത്തും അപ്രതീക്ഷിതമായൊരു വിടവാങ്ങല്‍. നാലെ ഗുണം 100 മീറ്റര്‍ ഫൈനലില്‍ സ്വര്‍ണത്തോടെ വിടവാങ്ങാന്‍ കൊതിച്ച ജമൈക്കന്‍ കൊടുങ്കാറ്റ് പക്ഷെ പരിക്കേറ്റ് ട്രാക്കില്‍ കിടന്ന് പിടഞ്ഞത് ആരാധകര്‍ക്ക് കണ്ണീര്‍ കാഴ്ചയായി.

ജമൈക്ക എന്ന കൊച്ചുരാജ്യത്തില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് ഓടിക്കയറിയ ഉസൈന്‍ ലിയോ ബോള്‍ട്ട് എന്ന ഉസൈന്‍ ബോള്‍ട്ട് അവസാനമായി സ്പൈക്കണിയുന്ന കാഴ്ച കാണാന്‍ തിങ്ങിക്കൂടിയ പുരുഷാരമൊന്നടങ്കം കൊതിച്ചിരുന്നു വേഗത്തിന്റെ രാജകുമാരന്‍ സ്വര്‍ണത്തോടെ വിടവാങ്ങണമെന്ന്. വിടവാങ്ങൽ മൽസരത്തിൽ ബോൾട്ടിനും ടീമിനും സ്വർണമോ വെള്ളിയോ എന്ന് കായിക ലോകം ചർച്ച ചെയ്യുമ്പോൾ, സ്വപ്നത്തില്‍ പോലും ഒരാരാധകന്റെ മനസ്സിലും കടന്നുവന്നിരുന്നില്ല ഇങ്ങനെയൊരു വിടവാങ്ങല്‍.

അവസാന ലാപ്പിൽ ബോൾട്ടിന് ബാറ്റൺ ലഭിക്കുമ്പോൾ മൂന്നാം സ്ഥാനത്തായിരുന്നു ജമൈക്കൻ ടീം. ബോൾട്ടിന്റെ ഇടതു ഭാഗത്ത് ബ്രിട്ടനും വലത് അമേരിക്കയും വെല്ലുവിളി ഉയർത്തി കുതിക്കുന്നു. ലോകം എന്നും ആരാധനയോടെ കണ്ട ആ സ്വതസിദ്ധമായ ശൈലിയിൽ സ്വർണത്തിലേക്ക് ഓടിക്കയറാനൊരുങ്ങുകയായായിരുന്നു ബോൾട്ട് . എന്നാൽ, പൊടുന്നനെ വേദനകൊണ്ട് പുളഞ്ഞ ബോള്‍ട്ട് ഞൊണ്ടിച്ചാടി മത്സരത്തില്‍ നിന്ന് പിന്‍മാറി. പരിക്കേറ്റ ബോള്‍ട്ട് വേഗം കുറച്ച് മത്സരത്തില്‍ നിന്ന് പിന്‍മാറുന്പോള്‍ ലോകമെങ്ങുമുള്ള കായിക പ്രേമികള്‍ക്ക് ഒരു നിമിഷനേരത്തേക്ക് ശ്വാസം നിലച്ചു.

ബ്രിട്ടന്റെയും അമേരിക്കയുടെ താരങ്ങൾ മെഡലിലേക്ക് ഓടിക്കയറുമ്പോൾ ബോൾട്ട് വേദന സഹിക്കാനാകാതെ ട്രാക്കിലേക്കു വീണു. ഫിനിഷിങ് ലൈനിലേക്ക് കുതിക്കുന്ന എതിരാളികളെ പാളി നോക്കിയശേഷം വേദനയോടെ ട്രാക്കിലേക്ക് മുഖം പൂഴ്ത്തി ബോൾട്ട് സങ്കടപ്പെടുന്ന കാഴ്ച കായിക പ്രേമികൾക്ക് കണ്ണീര്‍ കാഴ്ചയായി.

Writer - Muhsina

contributor

Editor - Muhsina

contributor

Similar News