നിക്ഷേപ കമ്പനിയിലിട്ട കോടികൾ ആവിയായി; സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട് കോടതിയിലേക്ക്‌

സ്വദേശമായ ജമൈക്കയിൽ കിങ്‌സറ്റൺ ആസ്ഥാനമായ സ്‌റ്റോക്‌സ് ആന്റ് സെക്യൂരിറ്റീസ് ലിമിറ്റഡിൽ (എസ്.എസ്.എൽ) നിക്ഷേപിച്ച 12.7 മില്യൻ ഡോളർ ആണ് നഷ്ടമായത്.

Update: 2023-01-19 09:15 GMT
Advertising

നിക്ഷേപ തട്ടിപ്പിൽ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട് കോടതിയിലേക്ക്. സ്വദേശമായ ജമൈക്കയിൽ കിങ്‌സറ്റൺ ആസ്ഥാനമായ സ്‌റ്റോക്‌സ് ആന്റ് സെക്യൂരിറ്റീസ് ലിമിറ്റഡിൽ (എസ്.എസ്.എൽ) നിക്ഷേപിച്ച 12.7 മില്യൻ ഡോളർ (ഏകദേശം 100 കോടി രൂപ) ആണ് താരത്തിന് നഷ്ടമായത്. 12,000 ഡോളർ മാത്രമാണ് ഇപ്പോൾ എക്കൗണ്ടിൽ അവശേഷിക്കുന്നതെന്ന് താരത്തിന്റെ അഭിഭാഷകൻ പറഞ്ഞു.

വിരമിച്ചതിന് ശേഷമുള്ള ജീവിത ചെലവുകൾക്കായി താരം കരുതിവെച്ചിരുന്ന പണമാണ് നഷ്ടമായതെന്ന് അഭിഭാഷകനായ ലിന്റൺ പി. ഗോർദോൻ പറഞ്ഞു. 2022 ഒക്ടോബർ വരെ എസ്.എസ്.എൽ എക്കൗണ്ടിൽ പണമുണ്ടായിരുന്നതായും പിന്നീടാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. 2012 മുതൽ ഇവിടെ നിക്ഷേപമുള്ള ബോൾട്ട് ഒരിക്കൽ പോലും പണം പിൻവലിച്ചിരുന്നില്ല. ഇത് മുതലെടുത്താണ് തട്ടിപ്പ് നടത്തിയത്.

കമ്പനിയിലെ ഒരു മുൻ ജീവനക്കാരനാണ് തട്ടിപ്പിന് പിന്നിലെന്നാണ് വിവരം. മുൻ ജീവനക്കാരൻ നടത്തിയ വഞ്ചനാപരമായ നീക്കം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിഷയം നിയമ നടപടിക്കായി കൈമാറിയിട്ടുണ്ടെന്നും എസ്.എസ്.എൽ കമ്പനി പ്രസ്താവനയിൽ പറഞ്ഞു. നിക്ഷേപങ്ങൾ സുരക്ഷിതമാക്കാൻ പ്രോട്ടോകോളുകൾ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

വിഷയത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ജമൈക്കൻ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പറഞ്ഞു. എസ്.എസ്.എൽ കമ്പനി വലിയ വഞ്ചനയാണ് നടത്തിയതെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ധനമന്ത്രി നിഗെൽ ക്ലർക്കെ പറഞ്ഞു.

മൂന്ന് ഒളിമ്പിക്‌സുകളിലായി എട്ട് സ്വർണം നേടിയ ബോൾട്ട് 2017 ലാണ് ട്രാക്കിൽനിന്ന് വിടവാങ്ങിയത്. വിരമിച്ചതിന് ശേഷം തനിക്കും കുടുംബത്തിനും ജീവിക്കാനായി താരം മാറ്റിവെച്ച തുകയാണ് നഷ്ടമായത്. മറ്റു നിരവധി നിക്ഷേപകർക്കും പണം നഷ്ടമായിട്ടുണ്ടെന്നാണ് വിവരം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News