''ബി.ജെ.പി പ്രവർത്തകനായ ജഡേജയാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്‌''- അണ്ണാമലൈ

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയം ദ്രവിഡിയൻ മോഡലാണോ ഗുജറാത്ത് മോഡ​ലാണോയെന്ന ചോദ്യത്തിനായിരുന്നു ബി.ജെ.പി അധ്യക്ഷന്റെ പ്രതികരണം

Update: 2023-06-01 10:54 GMT
Advertising

ഐ.പി.എല്‍ കലാശപ്പോരിലെ അവസാന ഓവര്‍ എറിയാന്‍ മോഹിത് ശര്‍മയെത്തുമ്പോള്‍ ഗുജറാത്തിന്‍റെ പ്രതീക്ഷകള്‍ വാനോളമായിരുന്നു. ഈ സീസണില്‍ ഉടനീളം ഗുജറാത്തിനായി മികച്ച പ്രകടനങ്ങളാണ് മോഹിതിന്‍റെ അക്കൌണ്ടിലുണ്ടായിരുന്നത്. ആ പ്രതീക്ഷ മോഹിത് കാക്കുകയും ചെയ്തു. അവസാന ഓവറിലെ നാല് പന്തുകള്‍ യോർക്കർ എറിഞ്ഞ മോഹിത് ആകെ മൂന്ന് റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. എന്നാല്‍ ഗുജറാത്തിന്റെ വിജയം ഏറെക്കുറെ ഉറപ്പായ ഘട്ടത്തിലാണ് രവീന്ദ്ര ജഡേജ രക്ഷക വേഷത്തില്‍ അവതരിച്ചത്.

അവസാന രണ്ട് പന്തും അതിര്‍ത്തി കടത്തി ജഡേജ ചെന്നൈക്ക് ആവേശജയം സമ്മാനിക്കുമ്പോള്‍ സഹതാരങ്ങള്‍ മൈതാനത്തേക്കിറങ്ങിയോടി. ഈ സമയം ഡഗ്ഗൗട്ടിൽ സ്തഭ്ധനായിരിക്കുകയായിരുന്നു ധോണി. പിന്നീട് ജഡേജയെ എടുത്തുയര്‍ത്തി ആഹ്ളാദ പ്രകടനം. ഐ.പി.എല്ലിന്‍റെ ചരിത്രത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന കാഴ്ചകള്‍ക്ക് വേദിയാവുകയായിരുന്നു ഇന്നലെ അഹ്മദാബാദിലെ നരന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം..

ഐ.പി.എല്ലിൽ അഞ്ചാം കിരീടം നേടിയതിന് പിന്നാലെ സി.എസ്.കെയെ നേട്ടത്തിന് സഹായിച്ചത് ബി.ജെ.പി പ്രവർത്തകനായ രവീന്ദ്ര ജദേജയാണെന്ന പ്രസ്താവനയുമായെത്തിയിരിക്കുകയാണ് ഇപ്പോള്‍ പാര്‍ട്ടി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. ന്യൂസ് 18 തമിഴിന് നൽകിയ അഭിമുഖത്തിലാണ് അണ്ണാമലൈയുടെ പ്രസ്താവന.

''ജഡേജ ബിജെപി പ്രവർത്തകനാണ്. അദ്ദേഹമാണ് സി.എസ്.കെക്ക് വിജയം സമ്മാനിച്ചത്. ജാംനഗർ നോർത്ത് അസംബ്ലി മണ്ഡലത്തിലെ ബിജെപി എംഎൽഎയാണ് അദ്ദേഹത്തിന്‍റെ ഭാര്യ റിവാബ ജഡേജ. ഒപ്പം അദ്ദേഹം ഒരു  ഗുജറാത്തി കൂടിയാണ്''- അണ്ണാമലൈ പറഞ്ഞു. 

ഐ.പി.എല്ലിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയം ദ്രവിഡിയൻ മോഡലാണോ ഗുജറാത്ത് മോഡ​ലാണോയെന്ന ചോദ്യത്തിനായിരുന്നു ബി.ജെ.പി അധ്യക്ഷന്റെ പ്രതികരണം. ഗുജറാത്തിനായി 96 റൺസ് നേടിയതും ഒരു തമിഴ് താരമാണെന്നും നമ്മൾ അതും ആഘോഷിക്കുമെന്നും അണ്ണാമലൈ പറഞ്ഞു..

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News