ടി20യിൽ ഇന്ത്യയെ അട്ടിമറിച്ച് അയർലൻഡ്, ചരിത്ര വിജയം
ശ്രേയസ് അയ്യർ ടി20 ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരമാണിത്.
ബെൽഫാസ്റ്റ്: അയർലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് 34 റൺസിന്റെ ചരിത്ര തോൽവി. അയർലൻഡ് ഉയർത്തിയ 183 റൺസ് തേടിയിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 18.5 ഓവറിൽ 148ൽ അവസാനിച്ചു. അർധ സെഞ്ച്വറി നേടിയ(20 പന്തിൽ 50) അഭിഷേക് ശർമക്ക് മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങാനായത്. ശിവം ദുബെ(25),തിലക് വർമ(19), അക്‌സർ പട്ടേൽ(15) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. അയർലൻഡിനായി മാത്യു ഹുംപ്രിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നീണ്ട ഇടവേളക്ക് ശേഷം ടി20 ടീമിലേക്ക് മടങ്ങിയെത്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ മൂന്ന് റൺസെടുത്ത് പുറത്തായി. സഞ്ജു സാംസൺ അഞ്ച് റൺസാണ് നേടിയത്.
History in Belfast as Ireland script their first win over India across formats 👏
— ICC (@ICC) June 26, 2026
📝: https://t.co/6mBPoGJvwG pic.twitter.com/WWPiyfXtaY
നേരത്തെ ക്യാപ്റ്റൻ ലോർകൻ ടക്കറിന്റെ(36 പന്തിൽ 50) അർധ സെഞ്ച്വറി മികവിലാണ് ആതിഥേയരായ അയർലൻഡ് മികച്ച സ്‌കോർ പടുത്തുയർത്തിയത്. 49 റൺസുമായി ഗ്യാരറ്റ് ഡെലനിയും മികച്ച പിന്തുണ നൽകി. പരിക്കുമൂലം അഞ്ചോളം മുൻനിര താരങ്ങളില്ലാതെ ഇറങ്ങിയാണ് ഐറിഷ് പട നിലവിലെ ലോകചാമ്പ്യനായ ഇന്ത്യയെ അട്ടിമറിച്ചത്. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച നടക്കും.