സീനിയർ വനിതാ ട്വൻ്റി 20യിൽ കേരളത്തിന് ഒരു റൺ തോൽവി

Update: 2026-10-29 12:53 GMT

ലഖ്നൌ: ദേശീയ സീനിയർ വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ ഒരു റണ്ണിന് തോൽപ്പിച്ച് പഞ്ചാബ്. ടി ഷാനിയുടെ ഓൾറൗണ്ട് മികവിനും അവസാന പന്ത് വരെ പൊരുതിയ സജന സജീവന്റെ തകർപ്പൻ ഇന്നിങ്സിനും കേരളത്തെ വിജയത്തിലെത്തിക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് മാത്രമാണ് നേടാനായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. മൂന്നാം വിക്കറ്റിൽ റിദ്ദിമ അഗർവാളും ക്യാപ്റ്റൻ അമർജ്യോത് കൗറും ചേർന്ന് കൂട്ടിച്ചേർത്ത 59 റൺസാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. റിദ്ദിമ അഗർവാൾ 48 റൺസും അമർജ്യോത് കൗർ 25ഉം റൺസെടുത്തു. 26 റൺസെടുത്ത അക്ഷിത ഭഗതും പഞ്ചാബ് ബാറ്റിങ് നിരയിൽ തിളങ്ങി. കേരളത്തിന് വേണ്ടി ടി. ഷാനി നാല് വിക്കറ്റുകൾ വീഴ്ത്തി.

Advertising
Advertising

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ കിരൺ നവ്ഗിരെയുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ ടി. ഷാനിയും എ. അക്ഷയയും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്തു. സ്കോർ 57ൽ നിൽക്കെ ഒരോവറിൽ കേരളത്തിന് രണ്ട് വിക്കറ്റുകൾ നഷ്ടമായി. എ. അക്ഷയ 26ഉം വി. ദൃശ്യ പൂജ്യത്തിനും പുറത്തായി. 40 റൺസെടുത്ത ടി. ഷാനിയും 17 റൺസെടുത്ത ആശ ശോഭനയും പുറത്താകുമ്പോൾ കേരളത്തിന് ജയിക്കാൻ വേണ്ടിയിരുന്നത് 15 പന്തുകളിൽ 42 റൺസാണ്.

സമ്മർദ്ദങ്ങളില്ലാതെ ബാറ്റ് വീശിയ സജന സജീവൻ 16 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 33 റൺസെടുത്തെങ്കിലും കേരളത്തെ വിജയത്തിലെത്തിക്കാനായില്ല. ഇരുപതാം ഓവറിലെ അവസാന മൂന്ന് പന്തുകൾ സജന സിക്സർ പറത്തിയെങ്കിലും കേരളത്തിന്റെ സ്കോർ 131ൽ അവസാനിച്ചു. ദിവ്യ ഗണേഷ് പുറത്താകാതെ ഒൻപത് റൺസെടുത്തു. പഞ്ചാബിന് വേണ്ടി മമത റാണിയും പ്രിയ കുമാരിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

Tags:    

Writer - മുഹമ്മദ് ഷഹീം പി.കെ

contributor

Editor - മുഹമ്മദ് ഷഹീം പി.കെ

contributor

By - Sports Desk

contributor

Similar News