അർജൻറീനയ്ക്ക് ലഭിക്കുന്നത് 347 കോടി; ഫ്രാൻസിന് 248 കോടി

മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യക്ക് 27 മില്യൺ ഡോളറും നാലാം സ്ഥാനത്തെത്തിയ മൊറോക്കോക്ക് 25 മില്യൺ ഡോളറും സമ്മാനത്തുകയുണ്ട്

Update: 2022-12-18 20:01 GMT

ദോഹ: ലോകകിരീടം നേടി ഫുട്ബോൾ ചരിത്രത്തിൽ മൂന്നാം വട്ടം സ്വന്തം നാടിന്റെ പേര് അടയാളപ്പെടുത്തിയ ലോകകപ്പ് ജേതാക്കളായ അർജൻറീനയ്ക്ക് ലഭിക്കുന്നത് വമ്പൻ തുക. റിപ്പോർട്ടുകൾ അനുസരിച്ച്, 42 മില്യൺ ഡോളറാ (347 കോടി രൂപ)ണ് മെസ്സിപ്പടക്ക് നാട്ടിലേക്ക് കൊണ്ടുപോകാനാകുക. റണ്ണറപ്പായ ഫ്രാൻസിന് 30 മില്യൺ ഡോളർ (248 കോടി രൂപ) ലഭിക്കും. മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യക്ക് 27 മില്യൺ ഡോളറും (239 കോടി രൂപ) നാലാം സ്ഥാനത്തെത്തിയ മൊറോക്കോക്ക് 25 മില്യൺ ഡോളറും (206 കോടി രൂപ) സമ്മാനത്തുകയുണ്ട്.

ക്വാർട്ടർ ഫൈനലിലെത്തിയ ബ്രസീൽ, നെതർലൻഡ്‌സ്, പോർച്ചുഗൽ, ഇംഗ്ലണ്ട് എന്നീ ടീമുകൾ 17 മില്യൺ ഡോളറുമായാണ് തിരിച്ചുപോയത്. അതേസമയം, യുഎസ്എ, സെനഗൽ, ഓസ്‌ട്രേലിയ, പോളണ്ട്, സ്‌പെയിൻ, ജപ്പാൻ, സ്വിറ്റ്‌സർലൻഡ്, ദക്ഷിണ കൊറിയ തുടങ്ങിയ 16 റൗണ്ട് ടീമുകൾക്ക് 13 മില്യൺ ഡോളർ വീതം ലഭിച്ചു.

Advertising
Advertising

ഖത്തർ, ഇക്വഡോർ, വെയിൽസ്, ഇറാൻ, മെക്സിക്കോ, സൗദി അറേബ്യ, ഡെൻമാർക്ക്, ടുണീഷ്യ, കാനഡ, ബെൽജിയം, ജർമ്മനി, കോസ്റ്ററിക്ക, സെർബിയ, കാമറൂൺ, ഘാന, ഉറുഗ്വേ എന്നിങ്ങനെ ഗ്രൂപ്പ് ഘട്ടങ്ങളിൽ വീണുപോയവർക്കും നിരാശരാകേണ്ടി വന്നില്ല. 9 മില്യൺ ഡോളർ വീതം സമ്മാനമായി ലഭിച്ചു.

കിലിയൻ എംബാപ്പെ ഹാട്രിക്കും ലയണൽ മെസി ഇരട്ടഗോളും നേടി മുന്നിൽ നിന്ന് നയിച്ചതോടെ മരണക്കളിയായ ഫൈനലിൽ അർജൻറന വിജയം നേടുകയായിരുന്നു. ആദ്യ ഇരുപകുതികളിലും അധികസമയത്തുമായി 3-3 സമനിലയിൽ പിരിഞ്ഞ ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലാണ് മെസ്സിപ്പട കിരീടം നേടിയത്. ഷൂട്ടൗട്ടിൽ നാലു അർജൻറീനൻ താരങ്ങൾ ഗോളടിച്ചപ്പോൾ ഫ്രഞ്ച് പടയിൽ രണ്ടുപേർക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്. ഗോൺസാലോ മോണ്ടിയേൽ, ലിയനാർഡോ പരേഡെസ്, പൗലോ ഡിബാലാ, ലയണൽ മെസി എന്നിവരാണ് നീലപ്പടക്കായി ഗോളടിച്ചത്. ഫ്രാൻസ് നിരയിൽ രണ്ടൽ കോലോ മുവാനിയും എംബാപ്പെയും ലക്ഷ്യം കണ്ടു. എന്നാൽ ഷുവാമെനിയും കൂമാനും അവസരം നഷ്ടപ്പെടുത്തി. ഷൂട്ടൗട്ടിൽ കൂമാന്റെ കിക്ക് മാർട്ടിനെസ് തടുത്തപ്പോൾ ഷുവാമെനി പുറത്തേക്കടിച്ചു. ഇതോടെ 60 വർഷത്തിന് ശേഷം ലോകകപ്പിൽ തുടർ കിരീടമെന്ന് ഫ്രാൻസിന്റെ സ്വപ്‌നം പൊലിഞ്ഞു.

ടൂർണമെൻറിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ലയണൽ മെസി നേടി. എന്നാൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് അവാർഡ് കിലിയൻ എംബാപ്പെക്കാണ് ലഭിച്ചത്. ഫൈനലിലെ ഹാട്രിക്കടക്കം എട്ട് ഗോളാണ് താരം നേടിയത്. എന്നാൽ ഏഴു ഗോളാണ് അർജൻറീനൻ നായകൻ അടിച്ചത്. എൻസോ ഫെർണാണ്ടസാണ് ലോകകപ്പിലെ മികച്ച യുവതാരം. മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ അർജൻറീനയുടെ വല കാത്ത എമിലിയാനോ മാർട്ടിനെസിനാണ്.

ആദ്യ പകുതി മുതൽ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന അർജൻറീനക്കെതിരെ എംബാപ്പെയിലൂടെ ഫ്രാൻസ് തിരിച്ചുവരികയായിരുന്നു. എയ്ഞ്ചൽ ഡി മരിയയും ലയണൽ മെസിയുമാണ് ആദ്യം നീലപ്പടയ്ക്ക് ലീഡ് നേടിക്കൊടുത്തത്. 80ാം മിനുട്ടിൽ പെനാൽറ്റിയിലൂടെയും 81ാം മിനുട്ടിൽ മികച്ച മുന്നേറ്റത്തിലൂടെയുമാണ് എംബാപ്പെ ഗോളടിച്ചത്. എന്നാൽ 108ാം മിനുട്ടിൽ മെസി തനിസ്വരൂപം പുറത്തെടുക്കുകയായിരുന്നു. ലൗത്താരോ മാർട്ടിനെസിന്റെ ഷോട്ട് ലോറിസ് തടുത്തിട്ടത് മെസിയുടെ മുമ്പിലേക്കായിരുന്നു. ഇതോടെ മെസി ഗോൾ പോസ്റ്റിലേക്ക് തൊടുത്തു. പന്ത് ഉപമെകാനോ തടഞ്ഞെങ്കിലും ഗോൾവര കടന്നിരുന്നു. പക്ഷേ അർജൻറീനയ്ക്ക് ആശ്വസിക്കാൻ എംബാപ്പെ അവസവരം നൽകിയില്ല. 118ാം മിനുട്ടിൽ പെനാൽറ്റിയിലൂടെ കിടിലൻ താരം വീണ്ടും എതിർവല കുലുക്കി. ഇതോടെ മത്സരം 3-3 സമനിലയിൽ നിർത്തി ഷൂട്ടൗട്ടിലേക്ക് പോകുകയായിരുന്നു.

Argentina, who won the World Cup for the third time in football history, will get $42 million (Rs 347 crore).

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News