ക്വാർട്ടറിലേക്ക് പറക്കാൻ‌ കാനറികൾ; ചിറകരിയാൻ കൊറിയ

ലോകകപ്പില്‍ ഏഷ്യന്‍ ടീമുകളോട് തോറ്റിട്ടില്ലെന്നതാണ് ബ്രസീലിയന്‍ ചരിത്രം

Update: 2022-12-05 17:24 GMT
Editor : abs | By : Web Desk

ക്വാ‍ർട്ടർ ലക്ഷ്യമിട്ട് ബ്രസീലും ദ‌ക്ഷിണ കൊറിയയും നേർക്കുനേർ. സ്റ്റഡിയം 974 ൽ ഇന്ത്യൻ സമയം 12.30 നാണ് ‌മത്സരം. വലിയ പ്രയാസമില്ലാതെ ജയിച്ച് കയറാമെന്ന ആത്മവിശ്വാസം കാനറികൾ‌ക്കില്ലെങ്കിലും കൊറിയയെ മറികടക്കാമെന്ന് അവർ‌ കരുതുന്നു. എന്നാൽ 2010 ന് ശേഷം നോക്കൗട്ട് ‌ഘട്ടത്തിലെത്തുന്ന കൊറിയ ഒരു അട്ടിമറി മുന്നിൽ കാണുന്നുണ്ട്.

ഏഷ്യന്‍ ടീമുകളോട് തോൽക്കാത്ത ബ്രസീൽ 

സെർബിയയെയും സ്വിറ്റ്സർലന്റിനെയും പരാജയപ്പെടുത്തി ​ഗ്രൂപ്പ് ചാംപ്യന്മാരായി പ്രീക്വാർട്ടർ ഉറപ്പിച്ച ടീമിന് ഏഷ്യൻ എതിരാളിയെ നിസാരമായി കാണാനാകില്ല. ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനോടേറ്റ അപ്രതീക്ഷിത തോൽവിയുടെ പേരുദോഷം മാറ്റാനുള്ള അടവുകളുമായി തന്നെയായിരിക്കും ടിറ്റെ തന്റെ ടീമിനെ കളത്തിലിറ‌ക്കുക. പരിക്ക് മാറി ടീമിലേക്ക് തിരിച്ചെത്തിയ സൂപ്പർ താരം നെയ്മറിന്റെ സാന്നിധ്യവും ബ്രസീൽ ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നതാണ്. എന്നാല്‍ ലോകകപ്പില്‍ ഏഷ്യന്‍ ടീമുകളോട് തോറ്റിട്ടില്ലെന്നതാണ് ബ്രസീലിയന്‍ ചരിത്രം.1990ന് ശേഷം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിട്ടില്ലെന്ന ചരിത്രവും ബ്രസീലിന് ആത്മവിശ്വാസം നല്‍കും.

Advertising
Advertising

പറങ്കികളെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസം 

പത്ത് വർഷങ്ങൾക്ക് ശേഷം നോക്കൗട്ട് റൗണ്ടിലെത്തുന്ന കൊറിയ മഞ്ഞപ്പടയെ അട്ടിമറിക്കാൻ പാകത്തിലുള്ള കളി തന്നെയാവും പുറത്തെടുക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ പോർച്ചുഗലിനോട് നേടിയ ആധികാരിക വിജയം ആവർത്തിച്ച് ക്വാർട്ടർ ടിക്കറ്റ് ഉറപ്പിക്കാനായിരിക്കും കൊറിയൻ തന്ത്രം. കിം യങ് ​ഗ്വോൻ, ഹ്വാങ് ഹി ചാൻ, ചോ ഗ്യൂ സങ് അടങ്ങുന്ന കൊറിയൻ നിരയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.

ചരിത്രം കാനറികൾക്കൊപ്പം

ആറ് തവണയാണ് ദക്ഷിണകൊറിയയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടിയത്. ഇതിൽ അഞ്ച് തവണയും വിജയം ബ്രസീ‌ലിനൊപ്പമായിരുന്നു. 1995 ലാണ് ആദ്യത്തെ മത്സരം. അന്ന് ബ്രസീൽ ഒരു ​ഗോളിന് ജയിച്ചു. അവസാനമയി ‌ഇരു ടീമുകളും ഏറ്റുമുട്ടിയ ജൂണിൽ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്കാണ് കൊറിയയെ കാനറികൾ തകർത്തത്. 

ഖത്തറിലെ എയര്‍ കണ്ടീഷന്‍ സൗകര്യം ഇല്ലാത്ത ഏക സ്റ്റേഡിയം കൂടിയായ '974'ല്‍ നടക്കുന്ന അവസാന മത്സരം എന്ന പ്രത്യേകത കൂടെ ഈ പോരാട്ടത്തിനുണ്ട്. ആകെ ഏഴ് മത്സരങ്ങള്‍ക്ക് വേദിയൊരുക്കാനുള്ള അവസരമാണ് 974 സ്റ്റേഡിയത്തിന് ലഭിച്ചത്. 44,089 പേരെ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് സ്റ്റേഡിയം ഒരുക്കിയിരുന്നത്. അതില്‍ ആറ് മത്സരങ്ങള്‍ കഴിഞ്ഞു. പൊളിച്ചുമാറ്റിയ സ്റ്റേഡിയം അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമുള്ള രാജ്യങ്ങളിലേക്ക് അയക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News