ദേശീയ ടീം മുതൽ ക്ലബിലെ ശീതസമരം വരെ; പരിശീലകരുമായി ക്രിസ്റ്റ്യാനോ നടത്തിയ പോരാട്ടങ്ങൾ

യുണൈറ്റഡിലും റയലിലും കളിക്കവെ റോണോ പരിശീലകരുമായി സംഘർഷത്തിൽ ഏർപ്പെട്ടിരുന്നു

Update: 2026-10-08 13:05 GMT
Editor : Sharafudheen TK | By : Sports Desk

ലിസ്ബെൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയും പരിശീലകരുമായുള്ള ശീതസമരങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കോച്ചുമാരുമായുള്ള അഭിപ്രായ ഭിന്നതിയെ തുടർന്ന് കരിയറിലുടനീളം ഒട്ടേറെ തവണയാണ് താരം പ്രതിഷേധിച്ചത്. മൈതാനത്തുനിന്നുള്ള അപ്രതീക്ഷിത വാക്കൗട്ട് മുതൽ അഭിമുഖം വരെയായി താരത്തിന്റെ ദീർഘകാല കരിയറിൽ ആ പട്ടിക നീണ്ടുപോകുകയാണ്. തുടക്കകാലങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടങ്ങി ഏറ്റവുമൊടുവിൽ ദേശീയ ടീമിൽ ജോർജ് ജീസസുമായുള്ള അഭിപ്രായ ഭിന്നതയിൽ ടീം ക്യാമ്പ് വിട്ടതുവരെയായി അനേകം സംഭവ വികാസരങ്ങൾ. ഇത്തരത്തിൽ റോണോയുടെ കരിയറിലെ ചില സംഘർഷഭരിതമായ സാഹചര്യങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കാം.

Advertising
Advertising

ബ്ലാറ്ററുടെ 'അടിമത്ത' പരാമർശത്തിന് പിന്തുണ (ജൂലൈ 10, 2008)

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റയൽ മാഡ്രിഡിലേക്ക് മാറാനുള്ള റൊണാൾഡോയുടെ ശ്രമങ്ങൾ വലിയ വിവാദമായി. ആ സമയത്താണ് കളിക്കാരെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ക്ലബ്ബിൽ നിലനിർത്തുന്നത് 'ആധുനിക അടിമത്തത്തിന്' തുല്യമാണെന്ന അന്നത്തെ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ പ്രസ്താവ വരുന്നത്. ഓൾഡ് ട്രാഫോർഡിൽ അഞ്ച് വർഷത്തെ വിജയകരമായ കരിയറിന് ശേഷം റൊണാൾഡോ ക്ലബ്ബ് വിടാൻ തയ്യാറായെങ്കിലും യുണൈറ്റഡും ഫെർഗൂസണും വഴങ്ങിയില്ല. ഒടുവിൽ റയലിലേക്കുള്ള സ്വപ്ന മാറ്റത്തിനായി അദ്ദേഹത്തിന് ഒരു സീസൺ കൂടി കാത്തിരിക്കേണ്ടി വന്നു.

ഓൾഡ് ട്രാഫോർഡിൽ മത്സരത്തിനിടെ സ്വയം പിന്മാറുന്നു (ഡിസംബർ 6, 2008)

സണ്ടർലാൻഡിനെതിരായ മത്സരത്തിൽ യുണൈറ്റഡ് 1-0 ന് മുന്നിട്ടുനിൽക്കെ റൊണാൾഡോ പെട്ടെന്ന് കളി മതിയാക്കി ടണലിലൂടെ നടന്നുനീങ്ങി. യുണൈറ്റഡിന് 10 പേരുമായി കളിക്കേണ്ടി വന്നു. റൊണാൾഡോയ്ക്ക് ഇടുപ്പിന് പരിക്കേറ്റെന്നും അടിയന്തര ചികിത്സ വേണ്ടിയിരുന്നതിനാലാണ് ബെഞ്ചിലേക്ക് വരാതിരുന്നതെന്നും പരിശീലകൻ സർ അലക്സ് ഫെർഗൂസൻ ന്യായീകരിച്ചെങ്കിലും, ആഴ്ചകൾക്ക് മുൻപ് ആദ്യ ബാലൺ ഡി ഓർ നേടിയ താരത്തിന്റെ അതൃപ്തി വ്യക്തമായിരുന്നു.

ഡെർബിയിലെ അമർഷം (മെയ് 10, 2009)

മാഞ്ചസ്റ്റർ ഡെർബിയുടെ ചൂടേറിയ അന്തരീക്ഷത്തിൽ തന്നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതിനോട് റൊണാൾഡോ രൂക്ഷമായാണ് പ്രതികരിച്ചത്. 18-ാം മിനിറ്റിൽ ഫ്രീ-കിക്കിലൂടെ റൊണാൾഡോ യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തിരുന്നു. എന്നാൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ പോൾ സ്കോൾസിനെ ഇറക്കാൻ ഫെർഗൂസൻ തീരുമാനിച്ചു. ഇതിൽ കുപിതനായ റൊണാൾഡോ ബെഞ്ചിലിരുന്ന് തലകുലുക്കി തന്റെ കടുത്ത അമർഷം പരസ്യമായി പ്രകടിപ്പിച്ചു. ആ ഗോളാണ് യുണൈറ്റഡിനായി തുടർന്നുള്ള 12 വർഷത്തേക്ക് അദ്ദേഹം നേടിയ അവസാന ഗോൾ.

റയലിൽ ​ഗോൾ ആഘോഷിക്കാത്തതിന്റെ കാരണം (സെപ്റ്റംബർ 2, 2012)

 റയൽ മാഡ്രിഡിലെത്തി മൂന്ന് വർഷത്തിന് ശേഷം വീണ്ടും അസംതൃപ്തിയുടെ ലക്ഷണങ്ങൾ. ഗ്രനാഡയ്ക്കെതിരെ 3-0 ന് ജയിച്ച മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയിട്ടും റൊണാൾഡോ ആഘോഷിച്ചില്ല. "പ്രൊഫഷണലായ ചില കാരണങ്ങളാൽ ഞാൻ സങ്കടത്തിലാണ്, അത് ക്ലബ്ബിനറിയാം. അതിനാലാണ് ഞാൻ ഗോളുകൾ ആഘോഷിക്കാത്തത്," റൊണാൾഡോയുടെ ഈ പ്രസ്താവന വലിയ കോളിളക്കം സൃഷ്ടിച്ചു. പണമാണ് പ്രശ്നമെന്ന ആരോപണം റൊണാൾഡോ നിഷേധിച്ചെങ്കിലും, ഒരു വർഷത്തിന് ശേഷം ഒപ്പുവെച്ച വലിയ തുകയ്ക്കുള്ള പുതിയ കരാർ റോണായുടെ അസംതൃപ്തി മാറ്റി.

'എല്ലാം അറിയാമെന്ന ഭാവം'; മൗറീന്യോ (ജൂൺ 5, 2013)

 റയൽ മാഡ്രിഡിൽ ഒന്നിച്ചെത്തിയ കാലത്ത് റൊണാൾഡോയും പരിശീലകൻ ജോസെ മൗറീഞ്ഞോയും തമ്മിൽ മികച്ച ബന്ധമായിരുന്നു. എന്നാൽ 2012-13 സീസണിന്റെ അവസാനത്തോടെ അത് വഷളായി. ജനുവരിയിൽ വലൻസിയയുമായുള്ള കോപ്പ ഡെൽ റേ മത്സരത്തിന് ശേഷം ഡ്രസ്സിംഗ് റൂമിലുണ്ടായ പ്രശ്നങ്ങളാണ് തുടക്കം. സീസണിലെ അവസാന മത്സരങ്ങളിൽ റൊണാൾഡോയെ ഒഴിവാക്കിയ മൗറീഞ്ഞോ, റയൽ വിട്ട് ചെൽസിയിലേക്ക് ചേക്കേറിയ ശേഷം പറഞ്ഞത്, "തനിക്ക് എല്ലാം അറിയാമെന്നാണ് റൊണാൾഡോയുടെ വിചാരം" എന്നാണ്.

റാഫയേക്കാൾ പ്രിയം കാർലോ ആൻസലോട്ടിയോട് (ഡിസംബർ 11, 2015)

2015 ജൂണിൽ കാർലോ ആൻസലോട്ടിയെ മാറ്റി റാഫ ബെനിറ്റസിനെ റയൽ പരിശീലകനാക്കി. ബെനിറ്റസിന്റെ തന്ത്രങ്ങളിൽ റൊണാൾഡോ അസംതൃപ്തനായിരുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിൽ, മുൻ പരിശീലകൻ ആൻസലോട്ടിയെ പരസ്യമായി പുകഴ്ത്തി. ആൻസലോട്ടി" "മികച്ച പരിശീലകനാണെന്നും, അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്നും" റൊണാൾഡോ പറഞ്ഞു. ഇരുവരും തമ്മിൽ പ്രശ്നങ്ങളില്ലെന്ന് ബെനിറ്റസ് അവകാശപ്പെട്ടെങ്കിലും ഒരു മാസത്തിനകം അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെട്ടു.

 ബെഞ്ചിലിരുത്താൻ ആവശ്യപ്പെട്ട് റോണോ (ഓഗസ്റ്റ് 22, 2021)

മാഡ്രിഡിലെ ഒമ്പത് വർഷത്തിന് ശേഷം യുവന്റസിലെത്തിയ റൊണാൾഡോ മൂന്ന് വർഷത്തിന് ശേഷം വീണ്ടും ക്ലബ്ബ് മാറാൻ തയ്യാറായി. 2021-22 സീസണിലെ യുവന്റസിന്റെ ആദ്യ ലീഗ് മത്സരത്തിൽ (ഉഡിനീസിനെതിരെ 2-2) ആദ്യ ഇലവനിൽ ഉൾപ്പെടുത്തരുതെന്ന് താരം ആവശ്യപ്പെട്ടു. താരം തുടരുമെന്ന് യുവന്റസ് ആവർത്തിച്ചെങ്കിലും, ദിവസങ്ങൾക്ക് ശേഷം ട്രാൻസ്ഫർ ഡെഡ്‌ലൈൻ ദിനത്തിൽ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി.

ത്രീ-മാൻ ഡിഫൻസിനോട് താല്പര്യമില്ല (ജനുവരി 19, 2022)

ബ്രെന്റ്ഫോർഡിനെതിരെ യുണൈറ്റഡ് 2-0 ന് മുന്നിട്ടുനിൽക്കെ റൊണാൾഡോയെ പിൻവലിച്ച് താത്കാലിക പരിശീലകൻ റാൽഫ് റാഗ്‍നിക് ഹാരി മഗ്വയറെ ഇറക്കി. ഈ തന്ത്രപരമായ മാറ്റത്തിൽ അസംതൃപ്തനായ റൊണാൾഡോ കോട്ട് നിലത്തെറിഞ്ഞാണ് ഗ്രൗണ്ട് വിട്ടത്. പരിശീലകനാകുമ്പോൾ അദ്ദേഹവും ഇതേ തീരുമാനമെടുക്കുമെന്ന് റാഗ്‍നിക് പിന്നീട് പ്രതികരിച്ചു. യുണൈറ്റഡ് ആ മത്സരം 3-1 ന് ജയിക്കുകയും ചെയ്തു.

ക്യാപ്റ്റൻസിയെച്ചൊല്ലി മഗ്വയറുമായി സംഘർഷം (ഫെബ്രുവരി 18, 2022)

റൊണാൾഡോയും നായകൻ മഗ്വയറും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം മോശമാക്കി. എന്നാൽ ക്യാപ്റ്റനെ മാറ്റുന്നതിനെക്കുറിച്ച് താൻ ആരോടും സംസാരിച്ചിട്ടില്ലെന്നും സീസൺ അവസാനം വരെ മഗ്വയർ തുടരുമെന്നും റാഗ്‍നിക് വ്യക്തമാക്കി.

വിവാദ അഭിമുഖവും യുണൈറ്റഡിൽ നിന്നുള്ള പടിയിറക്കവും (നവംബർ 13, 2022)

 പുതിയ പരിശീലകൻ എറിക് ടെൻ ഹാഗ് എത്തിയതോടെ റൊണാൾഡോക്ക് ആദ്യ ഇലവനിൽ സ്ഥാനം നഷ്ടമായി. ഒക്ടോബർ 21 ന് ടോട്ടനത്തിനെതിരായ മത്സരത്തിൽ പകരക്കാരനായി ഇറങ്ങാൻ വിസമ്മതിച്ച താരം കളി തീരുംമുൻപേ ഗ്രൗണ്ട് വിട്ടു. പ്രീ-സീസണിലും അദ്ദേഹം സമാനമായി പെരുമാറിയിരുന്നു. പിയേഴ്സ് മോർഗന് നൽകിയ വിവാദ അഭിമുഖത്തോടെയാണ് യുണൈറ്റഡ് വിടാനുള്ള വഴി തുറന്നത്. ടെൻ ഹാഗിനെ ബഹുമാനിക്കുന്നില്ലെന്നും, ക്ലബ്ബ് തന്നെ വഞ്ചിച്ചുവെന്നും റൊണാൾഡോ തുറന്നടിച്ചു. ഇതോടെ പരസ്പര സമ്മതപ്രകാരം ക്ലബ്ബും താരവും വഴിപിരിഞ്ഞു.

ലോകകപ്പിൽ ടീമിൽ നിന്ന് തഴയപ്പെട്ടു; കുടുംബത്തിന്റെ രോഷം (ഡിസംബർ 6, 2022)

 2022 ലോകകപ്പിൽ സ്വിറ്റ്സർലൻഡിനെതിരായ പ്രീ-ക്വാർട്ടർ മത്സരത്തിൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് റൊണാൾഡോയെ ബെഞ്ചിലിരുത്തി. പകരമിറങ്ങിയ ഗോൺസാലോ റാമോസ് ഹാട്രിക് നേടുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ മാറ്റിയപ്പോഴുള്ള റൊണാൾഡോയുടെ ദേഷ്യപ്രകടനമല്ല ഈ തീരുമാനത്തിന് പിന്നിലെന്നും ഇത് തന്ത്രപരമാണെന്നും സാന്റോസ് വ്യക്തമാക്കി. എന്നാൽ റൊണാൾഡോ ടീം വിടുമെന്ന വാർത്തകൾ പോർച്ചുഗൽ ഫെഡറേഷൻ നിഷേധിച്ചു. ലോകത്തിലെ മികച്ച കളിക്കാരനെ 90 മിനിറ്റ് കാണാൻ കഴിയാത്തത് നാണക്കേടാണെന്ന് പങ്കാളി ജോർജിനയും, ഒരുപാട് കാര്യങ്ങൾ ചെയ്ത മനുഷ്യനെ അപമാനിക്കുന്നത് കഷ്ടമാണെന്ന് സഹോദരി എൽമയും സോഷ്യൽ മീഡിയയിൽ കുറിച്ചു.

പോർച്ചുഗൽ ക്യാമ്പിൽ നിന്ന് ഇറങ്ങിപ്പോകുന്നു (സെപ്റ്റംബർ 30, 2026)

നാഷൻസ് ലീഗിൽ നോർവെയ്ക്കെതിരായ മത്സരത്തിൽ കളിക്കാൻ അവസരം ലഭിക്കാതിരുന്നതും, തുടർന്ന് പരിശീലകൻ ജീസസ് പത്രസമ്മേളനത്തിൽ സംസാരിച്ചതുമാണ് ഏറ്റവും പുതിയ പിന്മാറ്റത്തിന് കാരണം. പോർച്ചുഗൽ ഫെഡറേഷൻ പ്രസിഡന്റുമായി സംസാരിച്ചെന്നും, സഹതാരങ്ങൾക്ക് ആശംസകൾ നേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അൽ നസ്റിൽ മികച്ച പ്രകടനം നടത്തുന്നതിനിടെയാണ് മുൻ പരിശീലകൻ കൂടിയായ ജീസസുമായി റൊണാൾഡോ കൊമ്പുകോർക്കുന്നത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News