ആരാധകർക്ക് സർപ്രൈസ്; ഐഎസ്എൽ മത്സരങ്ങൾ യൂട്യൂബിൽ സൗജന്യമായി കാണാം
ഒക്ടോബർ 10 മുതലാണ് ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിന് തുടക്കമാകുക
ന്യൂഡൽഹി: ഒക്ടോബർ 10 മുതൽ ആരംഭിക്കുന്ന ഐഎസ്എൽ 2026-27 സീസണിലെ ആവേശപ്പോരാട്ടങ്ങൾ ആരാധകർക്ക് യൂട്യൂബിലൂടെ സൗജന്യമായി കാണാം. മുഴുവൻ മത്സരങ്ങളും സൗജന്യമായി സംപ്രേക്ഷണം ചെയ്യുമെന്ന് ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർ അറിയിച്ചു. യൂട്യൂബിന് പുറമെ സോണി ലിവ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയും മത്സരങ്ങൾ ആരാധകർക്ക് സബ്‌സ്‌ക്രിപ്ഷനില്ലാതെ കാണാനാകും. രാജ്യത്തുടനീളം അന്താരാഷ്ട്ര തലത്തിലും ഫുട്‌ബോളിൻറെ ജനപ്രീതി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐസ്എൽ അധികൃതർ ഇത്തരമൊരു വലിയ മാറ്റത്തിന് തുടക്കമിട്ടത്.
പഴയപടിയുള്ള 'ഹോം ആൻഡ് എവേ' ഫോർമാറ്റിലേക്ക് ലീഗ് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ആകെ 163 മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ജനുവരി 17 വരെയുള്ള ആദ്യ ഘട്ടത്തിൽ 78 മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് പുറമെ മോഹൻ ബഗാൻ, മുംബൈ സിറ്റി, ബെംഗളൂരു എഫ്സി ഉൾപ്പെടെ ഇത്തവണ ആകെ 13 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്.