മെസ്സിക്കായി ഒരു സംഗീതാദരം; മലയാളി പെൺകുട്ടിയുടെ 'മെസ്സിയേ' ശ്രദ്ധേയമാകുന്നു
കൊച്ചി: ലയണൽ മെസ്സിയെന്ന ലോക ഇതിഹാസത്തോടുള്ള കേരളത്തിന്റെ അതിരുകളില്ലാത്ത സ്നേഹവും ആരാധനയും അടയാളപ്പെടുത്തിക്കൊണ്ട് 'മെസ്സിയേ' (Messiye) മ്യൂസിക് ആന്തം പുറത്തിറങ്ങുന്നു. മെസ്സിയെ എന്നെങ്കിലും നേരിൽ കണ്ട് അഭിമുഖം നടത്തണമെന്ന സ്വപ്നവുമായി സ്പാനിഷ് ഭാഷ പഠിക്കുകയും, പിന്നീട് സ്പെയിനിൽ പോയി ഉപരിപഠനം നടത്തി ഫുട്ബോൾ ജേണലിസത്തിലേക്ക് ചുവടുവെക്കുകയും ചെയ്ത ജുഷ്ന ഷഹീനാണ് ഈ സംഗീത ആദരത്തിന് പിന്നിൽ.
മലയാളം, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ മൂന്ന് ഭാഷകൾ സമന്വയിപ്പിച്ചാണ് ഈ മനോഹര ഗാനം ഒരുക്കിയിരിക്കുന്നത്. മെസ്സിയുടെ ഫുട്ബോൾ വളർച്ചക്കൊപ്പം വളർന്നുവന്ന ഒരു തലമുറയുടെ വികാരങ്ങളും, അദ്ദേഹത്തിന്റെ തിരിച്ചടികളിലും വിജയങ്ങളിലും കൂടെനിന്ന ആരാധകരുടെ സ്നേഹവുമാണ് ഗാനത്തിന്റെ ഇതിവൃത്തം. വിരമിക്കലിന്റെ വക്കിലെത്തിനിൽക്കുന്ന മെസ്സിയോടുള്ള ഒരു കൂട്ടം ആരാധകരുടെ ഹൃദയസ്പർശിയായ ആദരവായി ഈ ട്രിബ്യൂട്ട് മാറുന്നു.
എഫ്.ടി.ബി (FTB), വി.എസ്.എച്ച്.എൻ വിക്സ (VSHN VIXA), ജുഷ്ന ഷഹീൻ എന്നിവർ ചേർന്നാണ് ഈ ആന്തം തയ്യാറാക്കിയത്. ഇംഗ്ലീഷ്, മലയാളം വരികൾ രചിച്ച് റാപ്പ് ആലപിച്ചിരിക്കുന്നത് എഫ്.ടി.ബിയാണ്. ഗാനത്തിന്റെ കോറസ് പാടിയതും സ്പാനിഷ് വരികൾ ഒരുക്കിയതും ജുഷ്ന ഷഹീനാണ്. മ്യൂസിക് പ്രൊഡക്ഷൻ, മിക്സിംഗ്, മാസ്റ്ററിംഗ് എന്നിവ നിർവഹിച്ചത് വി.എസ്.എച്ച്.എൻ വിക്സയാണ്.
സംഗീത വീഡിയോയുടെ സംവിധാനവും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത് ജുഷ്ന ഷഹീൻ തന്നെയാണ്. നവീൻ പികെ ക്രിയേറ്റീവ് ഡയറക്ഷനും ലൈൻ പ്രൊഡക്ഷനും കൈകാര്യം ചെയ്തപ്പോൾ, നവീൻ കൃഷ്ണ കെ.യു ഛായാഗ്രഹണവും അഖിൽ വിളക്കടൻ എഡിറ്റിംഗും കളറിംഗും നിർവ്വഹിച്ചു.
ഗാനത്തോടൊപ്പം മെസ്സിയും കേരളവും തമ്മിലുള്ള അദൃശ്യമായ ആത്മബന്ധം തുറന്നുകാട്ടുന്ന ഒരു ഡോക്യുമെന്ററിയും ഇതിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. ജീവിത്തിൽ ഒരിക്കൽ പോലും മെസ്സിയെ നേരിൽ കാണാൻ അവസരം ലഭിക്കാത്ത, എന്നാൽ അദ്ദേഹത്തിന്റെ കളിജീവിതത്തെ അത്രമേൽ സ്നേഹിച്ച കേരളത്തിലെ സാധാരണക്കാരായ ആരാധകരുടെ കഥകളിലൂടെയാണ് ഈ ഡോക്യുമെന്ററി വികസിക്കുന്നത്. ലോകത്തിന്റെ ഏതോ കോണിലിരുന്ന് തന്നെ പ്രാണനെപ്പോലെ സ്നേഹിക്കുന്ന കേരളത്തിലെ ആരാധകർക്ക് താൻ എന്താണെന്ന് മെസ്സിക്ക് മുന്നിലേക്ക് എത്തിക്കുകയാണ് ഈ ഗാനത്തിലൂടെയും ഡോക്യുമെന്ററിയിലൂടെയും അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.