എസ്എൽകെയിൽ സൂപ്പർ ക്ലാസികോ നാളെ; മലപ്പുറത്തിനെതിരെ ആധിപത്യം നിലനിർത്താനാകുമോ കാലിക്കറ്റിന്?
നാളെ രാത്രി 7.30ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് ആവേശപ്പോരാട്ടം
കോഴിക്കോട്: സൂപ്പർ ലീഗ് കേരള സീസൺ 3-ലെ ആദ്യ മലബാർ ഡെർബിയിൽ നാളെ കാലിക്കറ്റ് എഫ്സി സ്വന്തം തട്ടകത്തിൽ മലപ്പുറം എഫ്സിയെ നേരിടും. കേരളത്തിലെ ഏറ്റവും വാശിയേറിയ ഫുട്‌ബോൾ പോരാട്ടം എന്ന വിശേഷണമുള്ള മത്സരം വെള്ളിയാഴ്ച വൈകിട്ട് 7.30ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആരംഭിക്കും. കഴിഞ്ഞ ആഴ്ച ഹോംഗ്രൗണ്ടിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ നേടിയ മികച്ച വിജയത്തിന്റെ കരുത്തിലാണ് കാലിക്കറ്റ് മലബാർ ഡെർബിക്കിറങ്ങുന്നത്. പ്രശാന്ത് കെ, മാസ്‌സിമിലിയാനോ ഉരുട്ടി എന്നിവരുടെ ഗോളുകളിലാണ് (2-൦) കൊമ്പൻസിനെതിരെ ജയം സ്വന്തമാക്കിയത്.
മുന്നേറ്റം തുടരാനാകുമെന്നാണ് പ്രതീക്ഷയെന്ന് കാലിക്കറ്റ് എഫ്സി മുഖ്യ പരിശീലകൻ എവർ ഡെമാൾഡെ പറഞ്ഞു. കാലിക്കറ്റ് എഫ്സി ക്യാപ്റ്റൻ പ്രശാന്തും യുവപ്രതിഭകളെ പ്രശംസിച്ചു. സീസണിന് മികച്ച തുടക്കം ലഭിച്ചതിൽ കളിക്കാർ ആവേശത്തിലാണെന്നും അടുത്ത മത്സരത്തിനായി കാത്തിരിക്കുകയാണെന്നും പ്രശാന്ത് പറഞ്ഞു. സ്വന്തം തട്ടകത്തിൽ ഫോർസ കൊച്ചിയോടേറ്റ ഞെട്ടിക്കന്ന തോൽവിയേറ്റുവാങ്ങിയ ശേഷമാണ് മലപ്പുറം മലബാർ നാട്ടങ്കത്തിനെത്തുന്നത്.ഗോൾകീപ്പറുടെ പിഴവിനെത്തുടർന്നാണ് കൊച്ചിയുടെ രാഹുൽ രാജു അവസാന നിമിഷങ്ങളിൽ മലപ്പുറത്തിനെതിരെ വിജയഗോൾ നേടിയത്.
'കരുത്തരുടെ സംഘമാണ് മലപ്പുറമെന്നും ശുഭപ്രതീക്ഷയിലാണ് നാളെ കാലിക്കറ്റ് എഫ് സിയെ നേരിടാൻ ഇറങ്ങുന്നതെന്നും പരിശീലകൻ കരീം ബെൻചെരിഫ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സൂപ്പർ ലീഗ് കേരള കലണ്ടറിലെ ഏറ്റവും കൂടുതൽ കാത്തിരിക്കപ്പെടുന്ന മത്സരങ്ങളിൽ ഒന്നായി ഈ ഡെർബി മാറിയിരിക്കുന്നു. രണ്ട് സീസണുകളിലായി ഇരു ടീമുകളും നാല് തവണ ഏറ്റുമുട്ടിയപ്പോൾ മൂന്ന് വിജയവും ഒരു സമനിലയുമായി കാലിക്കറ്റ് എഫ്സിക്ക് കൃത്യമായ മേധാവിത്വമുണ്ട്. വെള്ളിയാഴ്ച സീസണിലെ ആദ്യ വിജയവും മൂന്ന് പോയിന്റും നേടാൻ മലപ്പുറം ഇറങ്ങുമ്പോൾ, റെക്കോർഡ് പൂർണമായും ഏകപക്ഷീയമായി നിലനിർത്താനായിരിക്കും കാലിക്കറ്റ് എഫ്സിയുടെ ശ്രമം. മത്സരത്തിന്റെ ടിക്കറ്റുകൾ superleaguekerala.com/tickets എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി ലഭ്യമാണ്. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിന് സമീപമുള്ള ബോക്‌സ് ഓഫീസിലും ടിക്കറ്റുകൾ ലഭിക്കും.