കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്ത് ദുബായിലെ കമ്പനി; ലക്ഷ്യം ആഗോള ബ്രാൻഡ്
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിമ്മഗഡ്ഡ ഗ്രൂപ്പിന്റെ മാഗ്നം സ്പോർട്സിനായിരുന്നു ഇതുവരെ ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നത്.
പ്രതിസന്ധികൾക്കൊടുവിൽ കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമകൾ വരുന്നു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'അൽ ഫുർസാൻ' കൺസോർഷ്യമാണ് കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നതെന്നാണ് സൂചന. ഉടമസ്ഥാവകാശം മാറുന്നതോടെ ഇന്ത്യയിലെ ക്ലബ്ബിന്റെ മുഴുവൻ പ്രവർത്തനങ്ങളുടെയും ചുമതല 'ഒഫിയോ സ്പോർട്ടി' എന്ന കമ്പനിക്കായിരിക്കും. ബ്ലാസ്റ്റേഴ്സിനെ കേവലമൊരു ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബ് എന്നതിലുപരി, ഒരു ആഗോള ബ്രാൻഡായി ഉയർത്തുകയാണ് പുതിയ ഉടമകളുടെ പ്രധാന ലക്ഷ്യം.
ക്ലബ്ബിന്റെ വികസനത്തിനായി വൻ പദ്ധതികളാണ് പുതിയ മാനേജ്‌മെന്റ് വിഭാവനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഭാവിയിൽ ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ പേരിൽ പുതിയൊരു ഫുട്ബോൾ ക്ലബ്ബ് രൂപീകരിക്കാൻ ഇവർക്ക് പദ്ധതിയുണ്ട്. അതോടൊപ്പം തന്നെ, കേരളത്തിൽ താഴെത്തട്ടിലുള്ള ഫുട്ബോൾ വളർത്തുന്നതിനായി ബ്ലാസ്റ്റേഴ്സ് അക്കാദമികളുടെ പ്രവർത്തനം കൂടുതൽ സജീവമാക്കാനും പുതിയ നിക്ഷേപകർ ലക്ഷ്യമിടുന്നു.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിമ്മഗഡ്ഡ ഗ്രൂപ്പിന്റെ മാഗ്നം സ്പോർട്സിനായിരുന്നു ഇതുവരെ ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നത്. നിഖിൽ ഭരദ്വാജ്, തെലുങ്ക് സിനിമാ താരങ്ങളായ ചിരഞ്ജീവി, അക്കിനേനി നാഗാർജുന എന്നിവരടങ്ങിയ കൺസോർഷ്യമായിരുന്നു ക്ലബ്ബിനെ നയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ സീസണിൽ ക്ലബ്ബ് വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണ് ഉടമസ്ഥാവകാശം കൈമാറാൻ മാഗ്നം ഗ്രൂപ്പ് നിർബന്ധിതരായത്.
യുഎഇയിൽ നിന്നുള്ള പുതിയ ഗ്രൂപ്പ് എത്തുന്നതോടെ ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധികൾ പൂർണ്ണമായും അവസാനിക്കുമെന്നും, വരും സീസണുകളിൽ മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ സാധിക്കുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.