വലകാക്കാൻ ഹജ്‌മൽ, പടനയിക്കാൻ ലാവ്സാംബ ; കപ്പ് നിലനിർത്താൻ പോന്ന ടീമുണ്ടോ കണ്ണൂർ?

Update: 2026-09-24 15:08 GMT

കണ്ണൂർ : സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് നാളെ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ തുടക്കം. നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സും റണ്ണർ അപ്പുകളായ തൃശൂർ മാജിക്കുമാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ സീസണിൽ തൃശൂരിനൊപ്പം ഉണ്ടായിരുന്ന റഷ്യൻ പരിശീലകൻ ആന്ദ്രേ ചെർണിഷോവാണ് കണ്ണൂരിന്റെ നിലവിലെ പരിശീലകൻ. മലയാളിയായ ഷഫീഖ് ഹസൻ സഹപരിശീലകന്റെ റോളിൽ ഈ സീസണിലും ടീമിനൊപ്പമുണ്ട്. ഏണസ്റ്റൻ ലാവ്സാംബ, മുഹമ്മദ് സിനാൻ, അസിയർ ഗോമസ് എന്നിവരാണ് സീസണിൽ കണ്ണൂരിന്റെ നായകന്മാർ.

കഴിഞ്ഞ സീസണിൽ കാലിക്കറ്റ് എഫ്സിയുടെ വല കാത്ത കെഎസ്ഇബി താരം ഹജ്‌മൽ സക്കീറാണ് ഇക്കുറി കണ്ണൂരിന്റെ വല കാക്കുന്നത്. ഒപ്പം പ്രതീക് കുമാർ സിങ്, മുഹമ്മദ് ഫിസാൻ ജാബിർ എന്നിവരും ഗോൾകീപ്പർമാരായി ഉണ്ട്.

Advertising
Advertising

സച്ചിൻ സുനിൽ, വികാസ് സൈനി, മനോജ് എസ്, ഷിബിൻ സാദ് തുടങ്ങി കഴിഞ്ഞ സീസണിലെ പ്രധാന പ്രതിരോധ താരങ്ങളെ കണ്ണൂർ ടീമിൽ നിലനിർത്തിയിട്ടുണ്ട്. ഇവർക്ക് പുറമെ സായിറത് കീമ, മുഹമ്മദ് മുഷറഫ്, ജോബിൻ ജോസഫ്, വിദേശ താരം വാലോ അൽവാരസ് എന്നിവരെ ടീമിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.

ക്യാപ്റ്റന്മാരായ ലാവ്സാംബയും അസിയർ ഗോമസും നയിക്കുന്ന മിഡ്ഫീൽഡ് തന്നെയാണ് ഈ സീസണിലും കണ്ണൂരിന്റെ കരുത്ത്. ഫ്രഡറിക്ക് അൻസാ ബോട്ച്ച്വേ, ക്രൈഗ് മങ്കാൻലിയാൻ, സൂപ്പർ ലീഗിലെ പരിചയസമ്പന്നനായ ഉമാശങ്കർ, ഐഎസ്എൽ താരമായിരുന്ന പ്രഗ്യാൻ ഗോഗോയി, പ്രോജക്ട് ഗെയിം ചേഞ്ചർ വഴി വന്ന ഹൃഷഭ് എന്നിവരാണ് ടീമിലെ മറ്റു മിഡ്ഫീൽഡർമാർ.

കഴിഞ്ഞ സീസണിലെ താരമായിരുന്ന മുഹമ്മദ് സിനാൻ നയിക്കുന്ന മുന്നേറ്റ നിരയിൽ ഒരുപിടി ഇന്ത്യൻ, വിദേശ താരങ്ങളെ കണ്ണൂർ അണിനിരത്തിയിട്ടുണ്ട്. മലപ്പുറം എഫ്സിയുടെ താരമായിരുന്ന ഫസ്‌ലു റഹ്‌മാൻ, ഫോഴ്‌സ കൊച്ചിയുടെ നിജോ ഗിൽബർട്ട്, യുവതാരങ്ങളായ അധ്വൈദ്, മുഹമ്മദ് ഷാഫി, ഗൗതം പി എന്നീ മലയാളി താരങ്ങൾ ടീമിലുണ്ട്. സ്പാനിഷ് താരം ജെറാഡ് ആർട്ടിഗസ്, സെർബിയൻ താരം ബോഡ്ഗാൻ സ്റ്റാമെനോവിച്ച് എന്നിവർ കൂടി ചേരുമ്പോൾ കണ്ണൂർ ഇക്കുറി ഡബിൾ സ്‌ട്രോങ്ങാണ്.

ഒക്ടോബർ 4ന് തിരുവന്തപുരത്തിന് എതിരെ എവേ മത്സരം കളിച്ചാൽ പിന്നെ തുടർച്ചയായ രണ്ട് ഹോം മത്സരങ്ങൾ കൂടി കണ്ണൂരിനുണ്ട്. ഒക്ടോബർ 9ന് കൊച്ചിയെയും 18ന് കാലിക്കറ്റ് എഫ്സിയെയും കണ്ണൂർ സ്വന്തം മൈതാനത്ത് നേരിടും. പിന്നാലെ ഒക്ടോബർ 16ന് മലപ്പുറം എഫ്‌സിക്കെതിരെ കണ്ണൂർ എവേ മത്സരത്തിനിറങ്ങും.

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News