ലക്ഷ്യം ഐഎസ്എൽ കിരീടം; ഏറ്റെടുത്തതിന് പിന്നാലെ നിർണായക പ്രഖ്യാപനവുമായി പുതിയ ഉടമകൾ
ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഫുർസാൻ ഗ്രൂപ്പാണ് ക്ലബിനെ ഏറ്റെടുത്തിരിക്കുന്നത്
കൊച്ചി: ഒടുവിൽ മലയാളി ഫുട്‌ബോൾ ആരാധകർ കാത്തിരുന്ന വാർത്തയെത്തി. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഉടമസ്ഥാവകാശം കൈമാറുന്നു. നിലവിൽ ഉടമസ്ഥരായ മാഗ്നം സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ് ക്ലബിന്റെ 100 ശതമാനം ഓഹരികളും വിറ്റഴിക്കുന്നതിനായി അന്തിമ കരാറിൽ ഒപ്പുവെച്ചു. ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ പേജിലൂടെയാണ് ഓഹരി വിറ്റഴിച്ച കാര്യം അറിയിച്ചത്. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഫുർസാൻ ഗ്രൂപ്പാണ് മലയാളി ക്ലബിനെ ഏറ്റെടുത്തിരിക്കുന്നത്. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.
അതേസമയം,അടുത്ത സീസണിൽ ഘട്ടം ഘട്ടമായാകും ക്ലബ് പൂർണമായും പുതിയ ഉടമകളിലേക്കെത്തുക. അതേസമയം പുതിയ താരങ്ങളെ സൈൻ ചെയ്യുന്നതിലും മറ്റു ട്രാൻസ്ഫറുകൾക്കുമൊന്നും തടസമുണ്ടാവില്ല. ഈസീസൺ മുൻനിർത്തി ക്ലബ് വിദേശതാരങ്ങളടക്കമുള്ളവരെ എത്തിക്കുമെന്ന് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മാഗ്‌നം സ്‌പോർട്‌സിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് പുതിയൊരു യുഗത്തിലേക്ക് കടക്കുകയാണെന്ന് ക്ലബ്ബ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. യുഎഇ ആസ്ഥാനമായുള്ള ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് ക്ലബ്ബ് ഏറ്റെടുത്തത്. അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്നും പുതുതായി അഞ്ച് വിദേശ താരങ്ങളെ കൂടി സൈൻ ചെയ്യുമെന്നും മാനേജ്‌മെന്റ് വാർത്താസമ്മേളനത്തിൽ പറഞ്ഞു