ഇഞ്ചുറി ടൈമിൽ മലപ്പുറത്തെ വീഴ്ത്തി കൊച്ചിക്ക് വിജയം
പകരക്കാരനായി എത്തിയ രാഹുൽ രാജുവിന്റെ ബൂട്ടിൽ നിന്നാണ് ഫോഴ്‌സ കൊച്ചിയുടെ വിജയഗോൾ
കൊച്ചി: വൈറ്റ് ഗോൾഡ് സൂപ്പർ ലീഗ് കേരളയിൽ ആവേശം അവസാന നിമിഷം വരെ നീണ്ട മത്സരത്തിൽ മലപ്പുറം എഫ് സിയെ ഒരു ഗോളിന് വീഴ്ത്തി ഫോഴ്‌സ കൊച്ചി എഫ് സി. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം സാക്ഷിയായ പോരാട്ടത്തിന് രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്താണ് വഴിത്തിരിവായത്. പകരക്കാരനായി എത്തിയ രാഹുൽ രാജുവിന്റെ ബൂട്ടിൽ നിന്നാണ് ഫോഴ്‌സ കൊച്ചിയുടെ വിജയഗോൾ.
ആക്രമണ ഫുട്ബോളാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചാണ് ഫോഴ്‌സ കൊച്ചിയും മലപ്പുറം എഫ് സിയും കളി തുടങ്ങിയത്. വേഗത്തിലുള്ള ട്രാൻസിഷനുകളിലൂടെ മുന്നേറാൻ ഇരുടീമുകളും തുടക്കത്തിൽ ശ്രമിച്ചു. എന്നാൽ ഗോൾ മുഖത്തെത്തുമ്പോൾ നീക്കങ്ങൾക്ക് കൃത്യത നഷ്ടപ്പെട്ടു. ആദ്യ അരമണിക്കൂറിൽ മധ്യനിരയിൽ പോരാട്ടം ശക്തമായിരുന്നെങ്കിലും, ഗോൾകീപ്പർമാരെ പരീക്ഷിക്കുന്ന ഒരു ഷോട്ട് പോലും പിറന്നില്ല.
34-ാം മിനിറ്റിൽ കൊച്ചിയുടെ ബ്രസീലിയൻ താരം എലിറ്റൻ ജൂനിയർ എടുത്ത കോർണറിന് സാന്റോസ് ഹെൻറിക്ക് തലവെച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 43-ാം മിനിറ്റിൽ മലപ്പുറത്തിന്റെ മൊറോക്കൻ താരം എൽഫോർസിയുടെ ശ്രമവും ലക്ഷ്യം തെറ്റിയതോടെ, ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മലപ്പുറം അവിനാഷിനെയും അക്ബർ സിദ്ദീഖിനെയും കളത്തിലിറക്കി. 60-ാം മിനിറ്റിൽ ഒരേസമയം നാല് മാറ്റങ്ങളുമായി ഫോഴ്‌സ കൊച്ചിയും മത്സരഗതി മാറ്റാൻ ശ്രമിച്ചു. അതോടെ ആക്രമണത്തിന് കൂടുതൽ വേഗം കൈവന്നു. 65-ാം മിനിറ്റിൽ ദിൽജിത്തിന്റെ ഷോട്ട് മലപ്പുറം ഗോൾകീപ്പർ അർബാസിന്റെ കൈകളിൽ സുരക്ഷിതമായി അവസാനിച്ചു. 82-ാം മിനിറ്റിൽ കൊച്ചിയുടെ ഡീഗോ ഹെർണാണ്ടസിന് ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരവും അവസരവും മുതലാക്കാനായില്ല. ഇഞ്ചുറി സമയത്ത് കൊച്ചി വിജയഗോൾ നേടി. മലപ്പുറത്തിന്റെ പകരക്കാരൻ ഗോളി ദേവാൻഷ് കാവൽ നിന്ന പോസ്റ്റിൽ പന്ത് എത്തിച്ചത് രാഹുൽ രാജു. ബോക്സിന് പുറത്ത് നിന്ന് എടുത്ത ലോങ് റേഞ്ചർ ഗോളി തടുത്തിട്ടെങ്കിലും പോസ്റ്റിലേക്ക് ഉരുണ്ടുകകയറി (1-0).
വ്യാഴാഴ്ച (ഒക്ടോബർ 1) രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ തൃശൂർ മാജിക് എഫ് സി, ഫോഴ്‌സ കൊച്ചി എഫ് സിയെ നേരിടും. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്. ടിക്കറ്റുകൾക്ക് www.skillboxes.com സന്ദർശിക്കുക.