സൂപ്പർ ലീഗ് കേരള; ഫോഴ്‌സ കൊച്ചിക്ക് രണ്ടാം ജയം, തൃശൂരിനെ തോൽപ്പിച്ചത് ഷൂട്ടൗട്ടിൽ

നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

Update: 2026-10-01 17:37 GMT
Editor : Sharafudheen TK | By : Sports Desk

തൃശൂർ: സൂപ്പർ ലീഗ് കേരളയിൽ ഫോഴ്സ കൊച്ചി എഫ്‌സിക്ക് തുടർച്ചയായ രണ്ടാം ജയം. പെനാൽറ്റി ഷൂട്ടൗട്ടിൽ തൃശൂർ മാജിക് എഫ്സിയെ (4-1)യാണ് തോൽപ്പിച്ചത്. സീസണിലെ തൃശൂരിന്റെ രണ്ടാം തോൽവിയാണിത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ആതിഥേയരായ ഹെൻറി ജൂനിയറും മുഹമ്മദ് അഫ്‌സലും കിക്കുകൾ നഷ്ടപ്പെടുത്തി. ഇത് ആദ്യമായാണ് എസ്എൽകെയിലെ ലീഗ് മത്സരഫലം ഷൂട്ടൗട്ടിലൂടെ നിർണയിക്കുന്നത്.

കനത്ത മഴയെ തുടർന്ന് 45 മിനിറ്റോളം വൈകിയാണ് തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ മത്സരം ആരംഭിച്ചത്. ആദ്യ ഏഴ് മിനിറ്റിനിടെ അഞ്ച് കോർണറുകൾ നേടിയെടുത്ത തൃശൂരിന്, ഒന്നിൽപ്പോലും കൊച്ചി ഗോൾകീപ്പർ ജൈമി ജോയിയെ പരീക്ഷിക്കാനായില്ല. 12ാം മിനിറ്റിൽ പോസ്റ്റിന്റെ മൂലയിലേക്ക് വളഞ്ഞിറങ്ങിയ പന്ത് മികച്ചൊരു സേവിലൂടെ ജൈമി ജോയി തട്ടിയകറ്റി. ഇരുപത്തിരണ്ടാം മിനിറ്റിൽ കൊച്ചിയുടെ ബ്രസീൽ താരം പാവ്‌ലോ ഹെൻറിക്ക് തൃശൂരിന്റെ വ്‌ളാഡിമർ കാസ്‌ട്രോയെ ഫൗൾ ചെയ്തു. തൃശൂരിന് അനുകൂലമായി ഫൗൾ വിളിച്ചെങ്കിലും മോശമായി പെരുമാറിയ കാസ്‌ട്രോക്ക് ചുവപ്പ് കാർഡ് കണ്ടു കളംവിടേണ്ടി വന്നു.

Advertising
Advertising

എസ് എൽ കെ മൂന്നാം സീസണിലെ ആദ്യ ചുവപ്പ് കാർഡാണിത്. ശേഷിച്ച സമയത്ത് പത്ത് പേരുമായി കളിക്കേണ്ടിവന്ന തൃശൂരിന് മധ്യനിരയിലെ നിയന്ത്രണം നിലനിർത്തുക വെല്ലുവിളിയായി. ആദ്യപകുതി ഗോൾ രഹിതമായി അവസാനിച്ചു(0-0). രണ്ടാം പകുതിയുടെ തുടക്കത്തിൽ കൊച്ചി ദിൽജിത്ത്, രാഹുൽ രാജു എന്നിവരെ പകരക്കാരായി കളത്തിലിറക്കി. 58ാം മിനിറ്റിൽ എലിട്ടൻ ജൂനിയർ ബോക്‌സിന് പുറത്തുനിന്ന് പറത്തിയ ഷോട്ട് തൃശൂർ കീപ്പർ കമാലിന്റെ കൈയ്യിൽ തട്ടിയ ശേഷം പോസ്റ്റിലിടിച്ച് മടങ്ങി. 80ാം മിനിറ്റിൽ ഗോൾ നേടാനുള്ള അവസരം കൊച്ചിയുടെ ദിൽജിത്ത് നഷ്ടപ്പെടുത്തി. റെഗുലർ ടൈം ഗോൾ രഹിതമായി അവസാനിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിൽ ജയിച്ച ടീമിന് രണ്ട് പോയന്റും തോൽക്കുന്ന ടീമിന് ഒരു പോയന്റും ലഭിക്കും.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News