കാവി ജഴ്സിയണിയാൻ ഹോക്കി ടീം: വിമർശനവുമായി മുൻ ക്യാപ്റ്റൻ; വിശദീകരണവുമായി ഹോക്കി ഇന്ത്യ
ന്യൂഡൽഹി: വരാനിരിക്കുന്ന പുരുഷ-വനിതാ ഹോക്കി ലോകകപ്പുകൾക്കായി ഇന്ത്യൻ ടീമിന്റെ ജേഴ്സി നിറത്തിൽ മാറ്റം വരുത്തിയതിന് പിന്നാലെ വിവാദങ്ങളും ചർച്ചകളും കൊഴുക്കുന്നു. പരമ്പരാഗത നീല നിറത്തിന് പകരം കാവി നിറത്തിലുള്ള പുതിയ ജേഴ്സി അവതരിപ്പിച്ചതിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും ഒളിമ്പ്യനുമായ വിരൻ റസ്ക്വിന രംഗത്തെത്തി. പിന്നാലെ ഔദ്യോഗിക വിശദീകരണവുമായി ഹോക്കി ഇന്ത്യയും എത്തി.
സമൂഹ മാധ്യമമായ 'എക്സി'ലൂടെയാണ് റസ്ക്വിന തന്റെ കടുത്ത നിരാശ വ്യക്തമാക്കിയത്: "ഹോക്കി ഇന്ത്യ ഇന്ത്യൻ ഹോക്കിക്കായി ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ ഇത് അത്യന്തം നാണംകെട്ട തീരുമാനമാണ്. ഇന്ത്യൻ ടീമിന്റെ പാരമ്പര്യവും വ്യക്തിത്വവും എപ്പോഴും 'നീല' ആയിരുന്നു. വർഷങ്ങളോളം ഏറെ അഭിമാനത്തോടെയാണ് ഞാൻ നീല ജേഴ്സി അണിഞ്ഞത്. ആരാധകർക്ക് നമ്മുടെ ടീമിനെ കാണേണ്ടത് നീല ജേഴ്സിയിലാണ്. ഓറഞ്ച് നിറത്തിന് പിന്നിലെ യുക്തി എന്താണ്?" റസ്ക്വിന ചോദിച്ചു.
പോസ്റ്റിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ വ്യാഖ്യാനങ്ങൾക്ക് മറുപടിയായി, താൻ പാരമ്പര്യത്തെയും അഭിമാനത്തെയും കുറിച്ച് മാത്രമാണ് സംസാരിച്ചതെന്നും ഫുട്ബോളിൽ അർജന്റീന അവരുടെ ഐക്കണിക് ജേഴ്സി മാറ്റാൻ തയ്യാറാകുമോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദം കനത്തതോടെ വിശദീകരണവുമായി ഹോക്കി ഇന്ത്യ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. കോച്ചുകളിൽ നിന്നും കളിക്കാരിൽ നിന്നും ലഭിച്ച സാങ്കേതിക നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നാണ് ഹോക്കി ഇന്ത്യയുടെ വിശദീകരണം. നീല ടർഫിൽ നീല ജഴ്സി ധരിച്ച് കളിക്കുമ്പോൾ കാണികൾക്കും സംപ്രേഷകർക്കും കളിക്കാരെ തിരിച്ചറിയാൻ പ്രയാസമുണ്ടാകുന്നു എന്ന വിലയിരുത്തലിനെ തുടർന്നാണ് മഞ്ഞ, കാവി തുടങ്ങിയ ബദൽ നിറങ്ങൾ ആലോചിച്ചതെന്നും തുടർന്നാണ് കാവി നിറം ഉറപ്പിച്ചതെന്നും അധികൃതർ അറിയിച്ചു. സാങ്കേതിക ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ദേശീയപതാകയിലെ പ്രധാന നിറങ്ങളിലൊന്നായ കാവിക്ക് വലിയ സാംസ്കാരിക പ്രാധാന്യമുണ്ടെന്നും ഹോക്കി ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.