ഹീറോ ഹർമൻ; ദ. കൊറിയയെ തകർത്ത് ഇന്ത്യ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ

നായകൻ ഹർമൻപ്രീത് സിങ്ങിന്റെ ഇരട്ട ഗോളിന്റെ കരുത്തിൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാല് ഗോളിന് തകർത്താണ് നിലവിലെ ചാംപ്യന്മാരായ ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്

Update: 2024-09-16 12:34 GMT
Editor : Shaheer | By : Web Desk

ബെയ്ജിങ്: ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ നായകൻ ഹർമൻപ്രീത് സിങ്ങിന്റെ തോളിലേറി ഇന്ത്യ ഫൈനലിൽ. ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാല് ഗോളിന് തകർത്താണ് നിലവിലെ ചാംപ്യന്മാരായ ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. ഇരട്ട ഗോളുമായി ഒരിക്കൽ കൂടി ഹർമൻ ഇന്ത്യയുടെ യഥാർഥ വിജയനായകനായി.

ക്വാർട്ടർ ഫൈനലിലും നിർണായക ഗോളുമായി ടീമിനെ സെമി ഫൈനലിലേക്ക് നയിച്ച ഹർമൻപ്രീത് സിങ് വീണ്ടും ഇന്ത്യൻ ആരാധകരെ നിരാശപ്പെടുത്തിയില്ല. നായകന്റെ കീഴിൽ ഒരിക്കൽകൂടി 'ടീം വർക്ക്' പുറത്തെടുത്ത ഇന്ത്യൻ സംഘം ആധികാരികമായാണ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്.

Advertising
Advertising

മത്സരം തുടങ്ങി 13-ാം മിനിറ്റിൽ തന്നെ ദക്ഷിണ കൊറിയൻ ബോക്‌സിലേക്ക് ആദ്യ ഗോൾ നിക്ഷേപിച്ച് ഉത്തം സിങ് ആണ് ഇന്ത്യയുടെ പടയോട്ടത്തിനു തുടക്കമിട്ടത്. 19-ാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ തുറന്നുകിട്ടിയ അവസരം ഗോളാക്കി നായകൻ ഇന്ത്യയുടെ രണ്ടാമത്തെ ഗോളും കുറിച്ചു. 32-ാം മിനിറ്റിൽ ജർമൻപ്രീത് സിങ്ങിന്റെ വക ഇന്ത്യയ്ക്ക് മൂന്നാം ഗോൾ.

ഇന്ത്യയുടെ ഏകപക്ഷീയമായ മുന്നേറ്റത്തിൽ പകച്ചുനിന്ന ദക്ഷിണ കൊറിയയ്ക്ക് ആദ്യ ശ്വാസം വീഴാൻ 33 മിനിറ്റ് വേണ്ടിവന്നു. 33-ാം മിനിറ്റിൽ യാങ് ജിഹൂൻ ആണ് കൊറിയക്കാർക്ക് ആശ്വാസ ഗോൾ സമ്മാനിച്ചത്. എന്നാൽ, തൊട്ടുപിന്നാലെ പെനാൽറ്റി കോർണറിലൂടെ ഇന്ത്യൻ നായകൻ കൊറിയൻ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും അടിക്കുകയായിരുന്നു.

അഞ്ചാമത്തെ ചാംപ്യൻസ് ട്രോഫി കിരീടം ലക്ഷ്യമിട്ടാണ് നാളെ ഇന്ത്യ ചൈനയ്‌ക്കെതിരെ ഇറങ്ങുന്നത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ചൈനയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത ആത്മവിശ്വാസം ഇന്ത്യയ്ക്ക് കരുത്തായുണ്ട്. ഇതിനുശേഷം ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിനും മലേഷ്യയെ ഒന്നിനെതിരെ എട്ട് ഗോളിനും കൊറിയയെ ഒന്നിനെതിരെ മൂന്ന് ഗോളിനും ആധികാരികമായി തോൽപിച്ചായിരുന്നു ഇന്ത്യയുടെ കുതിപ്പ്. ഒടുവിൽ ബദ്ധവൈരികളായ പാകിസ്താനെയും(2-1) തറപറ്റിച്ച് സെമിയിലേക്ക് കടന്നുകയറുകയായിരുന്നു.

Summary: India thrash South Korea 4-1, enters final vs China in Asian Champions Trophy hockey 2024

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News