'ഈ അവസ്ഥ പരിതാപകരം; കേരളം മറ്റു സംസ്ഥാനങ്ങളെ കണ്ടുപഠിക്കണം'-പ്രതികരിച്ച് പി.ആർ ശ്രീജേഷ്

'കായികതാരങ്ങൾക്കു ജോലി നൽകുന്നതിന് പുതിയ നയം വേണം. ഇന്ത്യൻ ടീമിൽ കളിക്കുന്നത് ബുദ്ധിമുട്ടേറിയത്. അർഹിച്ച അംഗീകാരവും ജോലിയും നൽകണം'

Update: 2023-08-13 16:48 GMT
Editor : Shaheer | By : Web Desk

പി.ആര്‍ ശ്രീജേഷ്

Advertising

കൊച്ചി: കായികതാരങ്ങളുടെ സർക്കാർ ജോലി വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ഹോക്കി താരം പി.ആർ ശ്രീജേഷ്. കായികതാരങ്ങൾക്കു ജോലി നൽകുന്നതിന് കേരളത്തിനൊരു നയം വേണമെന്ന് താരം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേരളത്തിലെ നിലവിലെ സ്ഥിതി പരിതാപകരമാണ്. മറ്റു സംസ്ഥാനങ്ങളെ കണ്ടുപഠിക്കണമെന്നും ശ്രീജേഷ് പറഞ്ഞു. ഏഷ്യൻ ചാംപ്യൻസ് ട്രോഫി കിരീടനേട്ടത്തിനുശേഷം നാട്ടിയിൽ മടങ്ങിയെത്തിയ താരം കൊച്ചിയിൽ മീഡിയവണിന്റെ 'ജോലിക്കായി യാചിക്കണോ' പരമ്പരയോട് പ്രതികരിക്കുകയായിരുന്നു.

ഇന്ത്യൻ ടീമിൽ കളിക്കുന്നത് തന്നെ എത്ര ബുദ്ധിമുട്ടേറിയതാണെന്ന് എല്ലാവർക്കും അറിയാം. ജില്ലാ ടീമിൽ കിട്ടാൻ തന്നെ വലിയ കഷ്ടപ്പാടാണ്. അപ്പോൾ ഇന്ത്യൻ ടീമിൽ കളിക്കുന്നതിനും അന്താരാഷ്ട്രതലത്തിൽ മത്സരിക്കുന്നതിനും മെഡൽ നേടുന്നതിനുമെല്ലാം അംഗീകാരം നൽകേണ്ടതുണ്ട്. അങ്ങനെയുള്ള താരങ്ങളെ അവരുടെ നേട്ടങ്ങൾക്കനുസരിച്ചുള്ള ജോലികൾ അപ്പപ്പോൾ തന്നെ കൊടുക്കണം. പല സംസ്ഥാനങ്ങളിലും അവർക്ക് ഇക്കാര്യത്തിൽ നയം തന്നെയുണ്ട്. നിശ്ചിത ടൂർണമെന്റിൽ കളിച്ചാൽ നിർദിഷ്ട തസ്തികയിലൊരു ജോലി കൊടുക്കണമെന്ന നയമുണ്ട് അവർക്ക്. അത് വളരെ എളുപ്പമാണ്. പിന്നീട് അതേക്കുറിച്ചു തർക്കിക്കേണ്ട കാര്യമുണ്ടാകില്ല-ശ്രീജേഷ് ചൂണ്ടിക്കാട്ടി.

''ഇങ്ങനെയൊരു അവസ്ഥ പരിതാപകരമാണ്. കായികതാരങ്ങൾക്ക് ഒരിക്കലും ഇങ്ങനെയൊരു അവസരമുണ്ടാക്കാൻ പാടില്ല. സ്‌പോർട്‌സ് കൗൺസിലിന്റെ തലപ്പത്തിരിക്കുന്നത് കായികരംഗത്തുണ്ടായിരുന്നവരാണ്. അവർ ഒരിക്കലും ഇതിനെ വ്യക്തിപരമായി കാണുന്നില്ല. നമുക്ക് പണ്ടുമുതലേ ഒരു നയമില്ല. അതാണ് ഏറ്റവും വലിയ പ്രശ്‌നം.

ഒരാൾ ഒരു ടൂർണമെന്റ് കളിച്ചുവരുമ്പോൾ അയാളോട് എങ്ങനെ പെരുമാറണമെന്നും നോക്കണമെന്നുമെന്നതിനു നമുക്കൊരു രീതിയില്ല. മന്ത്രിസഭ ചേർന്നിട്ടാണു പലപ്പോഴും തീരുമാനമെടുക്കുന്നത്. ഒരു നയം രൂപീകരിച്ചിരുന്നെങ്കിൽ വളരെ എളുപ്പമാണ്. ആരു വന്നാലും അത് പിന്തുടർന്നാൽ മതി. ഇത് എങ്ങനെ കൃത്യമായി നടപ്പാക്കാമെന്നു പല സംസ്ഥാനങ്ങളെയും കണ്ടുപഠിക്കേണ്ടതുണ്ട്.''

2012 ഒളിംപിക്‌സിൽ പോയി വന്ന ശേഷം ഒളിംപ്യൻസിനു വേണ്ടി പ്രത്യേക ക്വാട്ടയുണ്ടാക്കിയിരുന്നുവെന്നും ശ്രീജേഷ് സൂചിപ്പിച്ചു. ഗണേഷ്‌കുമാറായിരുന്നു അന്നു കായികമന്ത്രി. അങ്ങനെയാണ് ഞാൻ കേരള സർക്കാരിൽ ജോലിക്കു കയറുന്നത്. ഒളിംപിക്‌സിൽ പങ്കെടുത്തതിന് ഗസറ്റഡ് റാങ്കിങ്ങിലുള്ള ജോലി നൽകാൻ തീരുമാനിക്കുകയായിരുന്നു അന്ന്. അത് ഇപ്പോഴും പിന്തുടരുന്നുണ്ട്. ഒളിംപ്യൻസിനു വേണ്ടി ആ തസ്തിക ഇപ്പോഴുമുണ്ട്. അതാണ് ശരിക്കും ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Full View

മുഖ്യമന്ത്രിയും കായികമന്ത്രിക്കും ഇനിയെങ്കിലും ഇക്കാര്യം ശ്രദ്ധിച്ചാൽ വരുന്ന കായികതാരങ്ങൾക്കൊരു മുതൽകൂട്ടാകുമത്. സ്‌പോർട്‌സിലൂടെ തന്നെ എവിടെ വരെ എത്താമെന്ന് അറിയാനുള്ള ഒരു അവസരമാകുമത്. അല്ലെങ്കിൽ പ്ലസ്ടുവോ ഡിഗ്രിയോ കഴിഞ്ഞ് പി.എസ്.സി പരീക്ഷ എഴുതി കാത്തിരിക്കുന്നതാകും ജോലി കിട്ടാൻ ഏറ്റവും എളുക്കമെന്നാകും അവർ കരുതുക.

ഇത്തരം കഠിനാധ്വാനങ്ങൾക്കു ഫലം കിട്ടേണ്ടത് ഇത്തരം ജോലികളിലൂടെയാണ്. സ്‌കൂളിൽ പഠിക്കുന്ന കാലംതൊട്ട് യൗവനം വരെ സ്‌പോർട്‌സിനു വേണ്ടി ചെലവഴിച്ച ശേഷം എല്ലാം കഴിഞ്ഞ ശേഷം ജോലിക്കു വേണ്ടി പഠിക്കുക ബുദ്ധിമുട്ടേറിയതാകുമെന്നും പി.ആർ ശ്രീജേഷ് കൂട്ടിച്ചേർത്തു.

ഏഷ്യൻ ചാംപ്യൻസ് ട്രോഫി അനുഭവത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ടൂർണമെന്റ് മൊത്തവും നല്ല ടീമായിരുന്നു. അടുത്തു വരാൻ പോകുന്ന ഏഷ്യൻ ഗെയിംസിനും നമുക്ക് എതിരെ വരാൻ പോകുന്നത് ഇതേ ടീമുകളാണ്. അതിനുള്ള മുന്നൊരുക്കമായാണ് ഏഷ്യൻ ചാംപ്യൻസ് ട്രോഫിയെ നമ്മൾ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഫൈനലിൽ മലേഷ്യയുമായുള്ള മത്സരം ആവേശകരമായിരുന്നു. ആദ്യം അവർ ലീഡെടുത്തു. പിന്നീട് നമ്മൾ ചേസ് ചെയ്യുകയായിരുന്നു. തുടക്കത്തിൽ നമ്മൾ ഒന്നു തളർന്നിരുന്നു. അതുകൊണ്ടു തന്നെ ആരാധകരും അസോസിയേഷനുമെല്ലാം പേടിയിലായിരുന്നു. എന്നാൽ, ടീമിൽ നമുക്കൊരു വിശ്വാസമുണ്ടായിരുന്നു. മുൻപും പല മത്സരങ്ങളിലും പിറകെനിന്ന ശേഷം നമ്മൾ വിജയിച്ചിട്ടുണ്ട്. ഇതോടെ സന്തോഷിക്കാനായിട്ടില്ല. ഏഷ്യൻ ഗെയിംസ് ആണു കൂടുതൽ പ്രധാനം-ശ്രീജേഷ് വ്യക്തമാക്കി.

'ജോലിക്കായി യാചിക്കണോ?' തുറന്നടിച്ച് താരങ്ങൾ

ജോലിക്ക് അപേക്ഷിക്കാൻ ഫുട്ബോൾ താരങ്ങളായ അനസ് എടത്തൊടികയും റിനോ ആന്റോയും വൈകിയതുകൊണ്ടാണ് സർക്കാർ ജോലി ലഭിക്കാതെ പോയതെന്ന സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ യു. ഷറഫലിയുടെ പ്രതികരണങ്ങൾക്കു പിന്നാലെയാണു പുതിയ വിവാദങ്ങൾക്കു തുടക്കംകുറിച്ചത്. ഷറഫലിയുടേത് തികഞ്ഞ അവഗണനയാണെന്ന് ഇതിനോട് പ്രതികരിച്ച് അനസ് മീഡിയവണിനോട് പ്രതികരിച്ചിരുന്നു. ദേശീയതാരമായിട്ടും ജോലിക്കു വേണ്ടി യാചിക്കേണ്ട അവസ്ഥയാണ്. കെഞ്ചി ജോലി ആവശ്യപ്പെടുന്നത് മോശം അവസ്ഥയാണെന്നും താരം പറഞ്ഞു.

രാജ്യത്തിനുവേണ്ടി കളിച്ച തനിക്ക് ജോലിക്ക് അർഹതയുണ്ടെന്ന് റിനോ ആന്റോയും മീഡിയവണിനോട് വ്യക്തമാക്കി. സർക്കാർ ജോലി നൽകിയ ശേഷം കാരണം പോലും പറയാതെ പിരിച്ചുവിട്ടെന്ന് മുൻ ഇന്ത്യൻ ഫുട്ബോളർ മുഹമ്മദ് റാഫി ഇന്നലെ മീഡിയവണിനോട് പറഞ്ഞിരുന്നു. 2004ൽ കേരളം സന്തോഷ് ട്രോഫി നേടിയപ്പോൾ ടീമംഗമായിരുന്ന റാഫിയടക്കമുള്ളവർക്ക് ജോലി നൽകുമെന്ന് പറഞ്ഞിരുന്നു. ജോലിയിൽ തിരികെ കയറ്റാനായി നിരവധി എം.എൽ.എമാരെ കണ്ടുനോക്കിയെങ്കിലും ഫലമുണ്ടായില്ലെന്നും റാഫി കുറ്റപ്പെടുത്തി.

ജോലി വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് അവഗണനയുണ്ടായെന്ന് മുൻ ഇന്ത്യൻ മധ്യനിര താരം എൻ.പി പ്രദീപും വെളിപ്പെടുത്തി. ജോലി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും കായികമന്ത്രിയെയും സമീപിച്ചിട്ടും അവഗണിച്ചെന്ന് അദ്ദേഹം ദുബൈയിൽ 'മീഡിയവണി'നോട് പറഞ്ഞു.''രണ്ടു തവണ മുഖ്യമന്ത്രിക്കും കായികമന്ത്രിക്കും കത്തുനൽകിയിരുന്നു. രണ്ടു തവണയും തള്ളുകയാണു ചെയ്തത്. പ്രത്യേകമായി ഉത്തരവിറക്കാൻ പറ്റില്ലെന്നാണ് പറഞ്ഞത്. കായികമന്ത്രിയിൽനിന്ന് നല്ല അനുഭവമല്ല ഉണ്ടായത്.''-പ്രദീപ് വെളിപ്പെടുത്തി.

പുതിയ വിവാദങ്ങളിൽ സ്പോർട്സ് കൗൺസിലിന്റെ ഭാഗത്ത് വലിയ വീഴ്ചയാണുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലെ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ സർക്കാരിനും സ്പോർട്സ് കൗൺസിലിനും പരിഹരിക്കാൻ കഴിയുന്നതാണ്. രണ്ടോ മൂന്നോ വർഷം റിസർവിൽ കഴിഞ്ഞ ശേഷം കഴിവ് തെളിയിച്ച ശേഷമാണ് റാഫി ഇന്ത്യൻ ടീമിലെത്തുന്നത്. അനസ് 30 വയസിനുശേഷമാണ് ദേശീയ ടീമിൽ വരുന്നതും കളിക്കുന്നതും. അവരുടെ കഠിനാധ്വാനം കൊണ്ടാണ് അതെല്ലാമുണ്ടായത്. അവർക്കെല്ലാം ജോലി നൽകേണ്ടിയിരുന്നുവെന്നും പണമുണ്ടാക്കാൻ വേണ്ടി മാത്രമല്ല പ്രൊഫഷനൽ ഫുട്ബോളിൽ കളിക്കുന്നതെന്നും എൻ.പി പ്രദീപ് കൂട്ടിച്ചേർത്തു.

Summary: Indian hockey player PR Sreejesh demanded that Kerala should have a policy to provide jobs to sportspersons. He was responding to MediaOne series on the issue of government jobs for sportspersons

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News