മൂന്നിൽ വീണു; ഓസീസിനെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി

രോഹിത് ശര്‍മയുടെ വെടിക്കെട്ട് പാഴായി

Update: 2023-09-28 07:33 GMT
Advertising

രാജ്കോട്ട്: ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് തോൽവി. 66 റൺസിനാണ് ഓസീസ് ഇന്ത്യയെ തകർത്തത്. കങ്കാരുക്കള്‍ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 286 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഓസീസിനായി നാല് വിക്കറ്റ് വീഴ്ത്തിയ ഗ്ലെൻ മാക്‌സ്‍വെല്ലാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. 

വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവച്ച ക്യാപ്റ്റൻ രോഹിത് ശർമയും അർധ സെഞ്ച്വറി കുറിച്ച വിരാട് കോഹ്ലിയും  ചേർന്ന് ഒരു ഘട്ടത്തില്‍ ഇന്ത്യയെ വിജയതീരമണക്കുമെന്ന് തോന്നിച്ചെങ്കിലും മറ്റുള്ളവര്‍ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാവാത്തത് ഇന്ത്യക്ക് വിനയായി. രോഹിത് ശർമ 57 പന്തിൽ ആറ് സിക്‌സുകളുടേയും അഞ്ച് ഫോറുകളുടേയും അകമ്പടിയിൽ 81 റൺസാണ് അടിച്ചെടുത്തത്. വിരാട് കോഹ്ലി 61 പന്തിൽ 56 റൺസെടുത്തു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍  ഓസീസിനായി  നാല് ബാറ്റർമാരാണ് അർധസെഞ്ച്വറി കുറിച്ചത്.  നിശ്ചിത 50 ഓവറിൽ ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 352 റൺസ് എടുത്തു.  ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലബൂഷൈൻ എന്നിവരാണ് അർധ ശതകം കുറിച്ചത്. 96 റൺസെടുത്ത ഓപ്പണർ മിച്ചൽ മാർഷാണ് ആസ്‌ത്രേലിയയുടെ ടോപ് സ്‌കോറർ.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിന് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. സ്‌കോർബോർഡിൽ 78 റൺസ് ചേർത്ത ശേഷമാണ് വാർണർ- മാർഷ് ജോഡി വേർപിരിഞ്ഞത്. 56 റൺസെടുത്ത വാർണറിനെ പ്രസീദ് കൃഷ്ണ രാഹുലിന്റെ കയ്യിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ സ്മിത്തിനൊപ്പം സ്‌കോർബോർഡ് വേഗത്തിൽ ഉയർത്തിയ മാർഷ് രണ്ടാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി.ഒടുക്കം സെഞ്ച്വറിക്ക് നാല് റൺസ് അകലെയാണ് മാർഷ് വീണത്. കുൽദീപ് യാദവാണ് മാർഷിന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

പിന്നീട് ക്രീസിലെത്തിയ ലബൂഷൈനൊപ്പം സ്മിത്ത് സ്‌കോർബോർഡ് ഉയർത്തി. 31ാം ഓവറിൽ 74 റൺസെടുത്ത് സ്മിത്ത് പുറത്താവുമ്പോൾ ഓസീസ് സ്‌കോർ 242. ഒരു ഘട്ടത്തിലെ സ്‌കോർ ബോർഡ് 400 കടക്കും എന്ന്  തോന്നിച്ചെങ്കിലും പിന്നീടെത്തിയ ബാറ്റർമാർക്കൊന്നും വലിയ സംഭാവന നൽകാനായില്ല. അലക്‌സ് കാരിയും, മാക്‌സ്‍വെല്ലും, കാമറൂൺ ഗ്രീനും വന്ന വേഗത്തിൽ തന്നെ മടങ്ങി. 72 റൺസെടുത്ത ലബൂഷൈനെ ബുംറ ശ്രേയസ് അയ്യറുടെ കയ്യിലെത്തിച്ചു. ഓസീസിനായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും പുറത്താവാതെ നിന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ പത്തോവറിൽ 81 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News