പ്രതിസന്ധി കാലത്തെ തിളക്കമുള്ള വിജയവുമായി മൈക്കിൾ കാരിക്ക് മാഞ്ചസ്റ്ററിന്റെ പടിയിറങ്ങി

ഇടക്കാല മാനേജറായിരുന്ന മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയും എന്ന മികച്ച റെക്കോർഡോടെയാണ് കാരിക്ക് വിടവാങ്ങുന്നത്.

Update: 2021-12-03 06:40 GMT
Editor : André | By : Web Desk
Advertising

മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഇടക്കാല കോച്ച് മൈക്കിൾ കാരിക്ക് ക്ലബ്ബിന്റെ പടിയിറങ്ങി. പ്രീമിയർ ലീഗിൽ മികച്ച ഫോമിലുള്ള ആർസനലിനെതിരെ ഓൾഡ് ട്രാഫോഡിൽ 3-2 ന്റെ വിജയത്തോടെയാണ് ഇതിഹാസതാരവും കോച്ചുമായുള്ള 15 വർഷത്തെ സേവനം 40-കാരൻ അവസാനിപ്പിച്ചത്. പുതിയ കോച്ച് റാൽഫ് റാങ്‌നിക്ക് ചുമതലയേൽക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. റാങ്‌നിക്കിന്റെ കോച്ചിങ് സ്റ്റാഫിന്റെ ഭാഗമല്ലാത്തതിനാൽ മൈക്കിൾ കാരിക്ക് മാഞ്ചസ്റ്റർ യുനൈറ്റഡിലും ഇനി ഉണ്ടാകില്ല.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിന്റെ ബലത്തിലാണ് മാഞ്ചസ്റ്റർ സ്വന്തം ഗ്രൗണ്ടിൽ ആർസനലിനെ കീഴടക്കിയത്. ക്രിസ്റ്റ്യാനോയ്ക്കു പുറമെ ബ്രുണോ ഫെർണാണ്ടസ് കൂടി യുനൈറ്റഡിനായി ഗോളടിച്ചപ്പോൾ എമിൽ സ്മിത്ത് റോവ്, മാർട്ടിൻ ഒഡേഗാഡ് എന്നിവരായിരുന്നു ആർസനലിന്റെ സ്‌കോറർമാർ. ഒലേ ഗുണാർ സോൾഷ്യേർ സ്ഥാനമൊഴിഞ്ഞതിനു ശേഷം ചുമതലയേറ്റ കാരിക്കിന്റെ ഹെഡ് കോച്ചായുള്ള മൂന്നാം മത്സരമായിരുന്നു ഇത്. ആദ്യ മത്സരത്തിൽ ചാമ്പ്യൻസ് ലീഗിൽ വിയ്യാ റയലിനെ 0-2 ന് തോൽപ്പിക്കുകയും പിന്നീട് കരുത്തരായ ചെൽസിയെ അവരുടെ ഗ്രൗണ്ടിൽ യുനൈറ്റഡ് സമനിലയിൽ തളക്കുകയും ചെയ്തിരുന്നു.

സർ അലക്‌സ് ഫെർഗൂസന്റെ ടീമിൽ മിഡ്ഫീൽഡിലെ സ്ഥിരം സാന്നിധ്യവും അവസാന വർഷം ടീമിന്റെ ക്യാപ്ടനുമായിരുന്ന കാരിക്ക് 2018-ലാണ് ബൂട്ടഴിച്ചത്. 2006 മുതൽ മാഞ്ചസ്റ്ററിനായി 464 മത്സരങ്ങൾ കളിച്ച താരം അഞ്ച് പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ്.എ കപ്പ്, രണ്ട് ലീഗ് കപ്പ്, ക്ലബ്ബ് ലോകകപ്പ് കിരീടനേട്ടങ്ങളിൽ പങ്കാളിയായി. 17 ഗോളുകളും നേടി.

വിരമിച്ചതിനു പിന്നാലെ, മാഞ്ചസ്റ്റർ മാനേജറായിരുന്ന ജോസെ മൗറിഞ്ഞോയുടെ കോച്ചിങ് ടീമിൽ അംഗമായി. സോൾഷ്യേറിനെ പുറത്താക്കിയതിനു മാഞ്ചസ്റ്റർ നവംബർ 21-നാണ് കെയർടേക്കർ കോച്ചായി കാരിക്കിനെ നിയമിച്ചത്.

'ഈ ക്ലബ്ബിലായിരുന്ന കാലയളവാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വർഷങ്ങൾ. 15 വർഷം മുമ്പ് കരാർ ഒപ്പുവെക്കുമ്പോൾ ഇത്രയധികം കിരീടങ്ങൾ നേടാനാകുമെന്ന് സ്വപ്‌നം കണ്ടിരുന്നില്ല. ഞാൻ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ആരാധകനാണ്. ഇനിയും അങ്ങനെത്തന്നെ ആയിരിക്കും. കഴിയുന്നത്ര മത്സരങ്ങൾ കാണാൻ ഞാൻ വരും. റാൽഫിനും സ്റ്റാഫിനും കളിക്കാർക്കും ആരാധകർക്കും നല്ല ഭാവി നേരുന്നു.' - കാരിക്ക് പറഞ്ഞു.

Summary: Michael Carrick has decided to step down as First Team Coach and leave the club following the conclusion of his spell as caretaker Manager.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News