‘ഈ പ്രായത്തിലും എന്നാ ഒരിതാ’; കാർലോസ് അൽക്കാരസിനെ മലർത്തിയടിച്ച് ദ്യോകോവിച്ച്
Update: 2025-01-21 15:33 GMT
മെൽബൺ: ആസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ സ്പാനിഷ് തൂപ്പർ താരം കാർലോസ് അൽക്കാരസിനെ മലർത്തിയടിച്ച് സെർബിയൻ താരം നൊവാക് ദ്യോകോവിച്ച്. ആദ്യ സെറ്റിൽ 4-6ന് പരാജയപ്പെട്ട ശേഷമായിരുന്നു ദ്യോകോ അൽകാരസിനെ തകർത്തത്. തുടർന്നുള്ള സെറ്റുകളിൽ 6-4, 6-3, 6-4 എന്നിങ്ങനെയാണ് സ്കോർ നില.
37കാരനായ ദ്യോകോ തന്നേക്കാൾ 16 വയസ്സിന്റെ ഇളപ്പമുള്ള അൽക്കാരസിനെതിരെ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. മത്സരം മൂന്ന് മണിക്കൂറും 37 മിനിറ്റും നീണ്ടു.
ദോകോവിച്ചിന്റെ 50ാം ഗ്രാൻഡ് സ്ലാം സെമി ഫൈനൽ പ്രവേശനമാണിത്. പത്തുതവണ ആസ്ട്രേലിയൻ ഒാപ്പണിൽ കിരീടം നേടിയ ദ്യോകോ 25ാം ഗ്രാൻഡ് സ്ലാം കിരീടമാണ് ലക്ഷ്യമിടുന്നത്. സെമിയിൽ ജർമനിയുടെ അലക്സാണ്ടർ സ്വെരേവാണ് ദ്യോകോവിച്ചിന്റെ എതിരാളി. ഇറ്റലിയുടെ ജന്നിക് സിന്നറാണ് നിലവിലെ ആസ്ട്രേലിയൻ ഒാപ്പൺ വിജയി.