സെക്രട്ടേറിയറ്റിന് സമീപത്തെ കെട്ടിടത്തിന് മുകളിൽ കയറി ഉദ്യോഗാര്‍ഥികളുടെ ആത്മഹത്യാ ഭീഷണി

സെക്രട്ടേറിയറ്റിന് മുന്‍പിലെ കെട്ടിടത്തിന് മുകളിൽ കയറി പ്രതിഷേധിച്ച ഉദ്യോഗാർഥികളെ പൊലീസ് ബലം പ്രയോഗിച്ച് താഴെയിറക്കി. പൊലീസ് സിപിഒ റാങ്ക് ഹോൾഡേഴ്സിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

Update: 2021-02-09 13:39 GMT

പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരുടെ സമരം ശക്തമാകുന്നു. സെക്രട്ടേറിയറ്റിന് മുന്‍പിലെ കെട്ടിടത്തിന് മുകളിൽ കയറി പ്രതിഷേധിച്ച ഉദ്യോഗാർഥികളെ പൊലീസ് ബലം പ്രയോഗിച്ച് താഴെയിറക്കി. പൊലീസ് സിപിഒ റാങ്ക് ഹോൾഡേഴ്സിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

സെക്രട്ടേറിയറ്റിന് മുന്നിലെ സമരം നാടകമല്ലെന്ന് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. സമരം ചെയ്തതിന് സൈബർ ആക്രമണം ഉൾപ്പെടെയുണ്ടായതായി എൽജിഎസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ലയ മീഡിയവണിനോട് പറഞ്ഞു. സമരത്തിന് രാഷ്ട്രീയമില്ലെന്നും ആരെങ്കിലും അവിവേകം കാണിച്ചാൽ സർക്കാർ മാത്രമാകും ഉത്തരവാദിയെന്നും ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ച റിജോ വ്യക്തമാക്കി.

Advertising
Advertising

ദയാവധത്തിന് അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് എഴുതിയായിരുന്നു തിരുവനന്തപുരത്ത് എൽജിഎസ് റാങ്ക് ജേതാക്കളുടെ ഇന്നത്തെ സമരം. സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് സിപിഒ റാങ്ക് ജേതാക്കൾ പ്രതീകാത്മക ശവമഞ്ജം ഒരുക്കി പ്രതിഷേധിച്ചു. കണ്ണൂർ കളക്ട്രേറ്റിന് മുന്നിൽ ശയന പ്രദക്ഷിണം നടത്തിയാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ പ്രതിഷേധിച്ചത്.

അതേസമയം പ്രതിപക്ഷം ഇളക്കിവിട്ട സമരമാണ് റാങ്ക് ഹോൾഡേഴ്സിന്‍റേതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. റാങ്ക് ഹോൾഡേഴ്‌സ് വസ്തുതകൾ മനസിലാക്കി സമരത്തിൽ നിന്ന് പിൻമാറാൻ തയ്യാറാകണമെന്നും ഐസക് ആവശ്യപ്പെട്ടു. സമരം ചെയ്യുന്നവരോട് സർക്കാറിന് പുച്ഛമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. മോദിക്കും ഐസക്കിനും ഒരേ ഭാഷയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർഥികൾ എന്തിനാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ഇരിക്കുന്നതെന്ന് അവരോട് തന്നെ ചോദിക്കണമെന്ന് മന്ത്രി ഇ.പി ജയരാജന്‍. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ഇരിക്കാൻ കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷൻ പ്രതികരിച്ചു. മന്ത്രിമാരെയും എംഎൽഎമാരെയും സമീപിച്ച ശേഷമാണ് സമരം ആരംഭിച്ചതെന്നും റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

Full View
Tags:    

Similar News