'അഞ്ച് വർഷത്തിനുള്ളിൽ 80 ശതമാനം ജോലികളും AI ഏറ്റെടുക്കും,നിലനിൽപ്പുള്ളത് ഇവർക്ക് മാത്രം...'; ഇന്ത്യൻ-അമേരിക്കൻ കോടീശ്വരൻ വിനോദ് ഖോസ്‍ലെ
എഐ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്ത ആളുകളെ, എഐ ഉപയോഗിക്കാനറിയുന്നവര്‍ നിഷ്പ്രഭരാക്കുന്ന കാലമാണ് ഇനിവരുന്നത്
ന്യൂഡല്‍ഹി: അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (AI) 80 ശതമാനം ജോലികളും ഏറ്റെടുക്കുമെന്ന് ഇന്ത്യൻ-അമേരിക്കൻ കോടീശ്വരനും ബിസിനസുകാരനുമായ വിനോദ് ഖോസ്‍ലെ.കഴിഞ്ഞ 50 വർഷത്തിനിടയിൽ കണ്ടതിനേക്കാൾ കൂടുതൽ മാറ്റങ്ങൾ അടുത്ത 15 വർഷത്തിനുള്ളിൽ നമുക്ക് കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 'പീപ്പിൾ ബൈ ഡബ്ല്യുടിഎഫ്' പോഡ്‌കാസ്റ്റിൽ സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്തിനോട് സംസാരിക്കുകയായിരുന്നു വിനോദ് ഖോസ്‍ലെ. ധനകാര്യം മുതൽ എഞ്ചിനീയറിംഗ് വരെയുള്ള എല്ലാ തൊഴിലുകളെയും AI ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം,നിര്‍മിത ബുദ്ധി കൊണ്ടുവരാൻ കഴിയുന്ന അവസരങ്ങളെക്കുറിച്ചും വിനോദ് ഖോസ്‍ലെ വ്യക്തമാക്കി. ഏതെങ്കിലും ഒരു കാര്യത്തില്‍ മാത്രം ആഴത്തിലുള്ള അറിവുണ്ടാക്കുകയല്ല, മറിച്ച് എല്ലാ കാര്യങ്ങളും വേഗത്തിൽ പഠിക്കാനും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുമുള്ള കഴിവാണ് ഇന്നത്തെ തലമുറക്ക് വേണ്ടതെന്നും വിനോദ് ഖോസ്‍ലെ വ്യക്തമാക്കി.
ലോകം മാറുന്നതിനനുസരിച്ച് അതിനനുസരിച്ച് പൊരുത്തപ്പെടേണ്ടതാണ് ഒരു സംരംഭകന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണം. ഒരൊറ്റ തൊഴിലിലല്ല,ഏത് തൊഴിലും ചെയ്യാനായി നാം ഒരുക്കമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ഏതെങ്കിലും ഒരു വിഷയത്തില്‍ പഠിച്ച് മിടുക്കരാകാനല്ല,എങ്ങനെ പഠിക്കാമെന്ന് പഠിക്കുന്നതായിരിക്കണം ഇനിയുള്ള വിദ്യാഭ്യാസം ചെയ്യേണ്ടതെത്. എഐ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്ത ആളുകളെ, എഐ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയുന്നവര്‍ നിഷ്പ്രഭരാക്കുന്ന കാലമാണ് ഇനി വരുക.എഐ എങ്ങനെ ഉപയോഗിക്കാമെന്ന് മനസിലാക്കുന്ന ആളുകളാണ് ഇനിയുള്ള കാലത്ത് വിജയിക്കുക.ഇന്ത്യയിലെ ഓരോ കുട്ടിക്കും ഒരു സൗജന്യ AI അധ്യാപകന്‍ ഉണ്ടെങ്കിൽ, ഒരു ധനികന് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസത്തേക്കാൾ മികച്ചതായിരിക്കും അത്..'അദ്ദേഹം പറഞ്ഞു.
എഐ കാരണം നിരവധി പേരുടെ ജോലികള്‍ നഷ്ടമാകുമെങ്കിലും ഇത് ധാരാളം അവസരങ്ങള്‍ നല്‍കുന്നുണ്ടെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത് പൂർണ്ണമായും മനുഷ്യരാണെന്ന് വിനോദ് ഖോസ്‍ലെ പറഞ്ഞു.