'ആപ്പിൾ ഇന്റലിജൻസ്' സൗജന്യമായി കിട്ടില്ല: കമ്പനി പണം ഈടാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്‌

ആപ്പിൾ ഇന്റലിജൻസാണ് ഐഫോൺ 16 സീരിസിലെ മോഡലുകളെ വ്യത്യസ്തമാക്കുന്നത്‌

Update: 2024-08-10 05:33 GMT

ന്യൂയോര്‍ക്ക്: സെപ്തംബറിലാണ് ഐഫോൺ 16 പരമ്പരയിലെ മോഡലുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. ഫോണിലടങ്ങിയ ഫീച്ചറുകൾ ഇതിനകം തന്നെ അഭ്യൂഹങ്ങളായി പുറത്തുവന്നു കഴിഞ്ഞു. ആപ്പിൾ ഇന്റലിജൻസ് എന്ന പേരിലുള്ള എ.ഐയാണ് 16നെ വേറിട്ടതാക്കുന്നത്. 16നുമായി ബന്ധപ്പെട്ട് ഇക്കാര്യം മാത്രമാണ് ആപ്പിള്‍ ഉറപ്പിച്ചുപറയുന്നത്. 

ആപ്പിൾ ആദ്യമായാണ് എ.ഐയെ മോഡലുകളിലേക്ക് കൊണ്ടുവരുന്നത്. സാംസങ് അവതരിപ്പിച്ച എ.ഐയെ വെല്ലുംവിധത്തിലുള്ള ഫീച്ചറുകളായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതായാലും എ.ഐയുമായി ബന്ധപ്പെട്ട് ആപ്പിൾ പ്രേമികളെ നിരാശപ്പെടുത്തുന്നൊരു റിപ്പോർട്ട് വരുന്നുണ്ട്. പ്രീമിയം വേര്‍ഷന്‍ എ.ഐ ഉപയോഗിക്കാന്‍, പണം കൊടുക്കേണ്ടി വരും എന്നാണ് ആ വാർത്ത. പ്രതിമാസം 10-20 ഡോളര്‍ വരെ( ആയിരത്തിനും രണ്ടായിരത്തിനും ഇടയില്‍) ഒക്കെ ആയിരിക്കാമെന്നാണ്. ഇക്കാര്യം ആപ്പിള്‍ സ്ഥിരീകരിച്ചിട്ടില്ല.

Advertising
Advertising

എ.ഐയിലെ നിക്ഷേപം ചെലവേറിയതാണെന്നും പണം ഈടാക്കാതെ മുന്നോട്ടുപോകാനാകില്ലെന്നുമാണ്‌ ആപ്പിളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൈകാര്യം  ചെയ്യുന്നവര്‍ വ്യക്തമാക്കുന്നത്. ആപ്പിളിന്റെ സബ്സ്ക്രിപ്ഷന്‍ പാക്കേജായ ആപ്പിൾ വണ്ണില്‍, എ.ഐ സേവനം ഉള്‍പ്പെടുത്തിയേക്കും എന്നും പറയപ്പെടുന്നു. ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടി.വിപ്ലസ്, ആപ്പിള്‍ ന്യൂസ് ക്ലൗഡ് തുടങ്ങിയവയാണ് പാക്കില്‍ വരുന്നത്. പ്രതിമാസം പണം  കൊടുത്താണ് ഈ സേവനം ഉപയോഗിക്കുന്നത്. അതിനു പുറമെ, ഫാമിലി, പ്രീമിയര്‍ എന്ന പേരില്‍ രണ്ട് സബ്‌സ്‌ക്രിപ്ഷന്‍ പാക്കുകള്‍ കൂടെയുണ്ട്.

ടെക് കമ്പനികള്‍, എ.ഐയ്ക്കായി പണം ഈടാക്കുന്നത് അസാധാരണമൊന്നുമല്ല. പ്രീമിയം പതിപ്പ് ചാറ്റ്ജിപിടിക്കായി ഓപണ്‍ എ.ഐ, പണം ഈടാക്കുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെ എ.ഐ കിറ്റിനും പണം കൊടുക്കണം. അതേസമയം സൗജന്യ പതിപ്പിന് പണം കൊടുക്കേണ്ട. ചാറ്റ് ജിപിടിയുടെ സൗജന്യ പതിപ്പാണ് എല്ലാവർക്കും ലഭ്യമാകുന്നത്.

അതേസമയം ആപ്പിളിന്റെ ഏറ്റവും വലിയ എതിരാളിയായ സാംസങ്, ഗാലക്‌സി എ.ഐ എന്ന പേരില്‍ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സേവനങ്ങൾ ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. അവരും സോഫ്റ്റ്‌വെയറിനായി വിവിധ വരുമാന മാര്‍ഗങ്ങള്‍ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിള്‍ പണം ഈടാക്കിയാൽ സാംസങും ആ വഴിക്ക് വന്നേക്കും. 

അതേസമയം ഒരു സൗജന്യപതിപ്പ് ആപ്പിൾ എ.ഐക്ക് ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്. ഇതായിരിക്കും ഐഫോണിന്റെ 16മോഡലുകളില്‍ ലഭിക്കുക. എന്നാൽ എ.ഐയുടെ മുന്തിയ സാധ്യതകള്‍ ഉപയോഗപ്പെടുത്താൻ പണം കൊടുക്കേണ്ടിവരും. ഇത് ആപ്പിൾ പ്രേമികൾക്കിടയിൽ നിരാശ പടർത്തുന്നുണ്ടെങ്കിലും ഭാരമേറിയ ചിലവ് താങ്ങാൻ മറ്റുവഴികളില്ലെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നത്. ഇതിനകം തന്നെ ആപ്പിൾ മോഡലുകൾക്ക് വില കൂടുതലാണ് എന്ന പരാതി ഒരുവശത്തുണ്ട്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News