ട്വിറ്റർ ഓഫീസിലെ പക്ഷിയുടെ പ്രതിമ മുതൽ പിസ്സ ഓവൻ വരെ ലേലത്തിൽ വിറ്റു

ട്വിറ്ററിന്റെ ലോഗോയായ പക്ഷിയുടെ പ്രതിമ വിറ്റത് 100000 ഡോളറിനാണ് (81,25,000 രൂപ)

Update: 2023-01-19 04:59 GMT

ട്വിറ്റര്‍ പ്രതിമ

Advertising

സാൻഫ്രാൻസിസ്കോ: ഉന്നത ഉദ്യോഗസ്ഥരുടെ രാജി മുതല്‍ പരസ്യ ദാതാക്കളുടെ പിന്മാറ്റം വരെ ട്വിറ്ററിന് ആകെ കഷ്ടകാലമാണ്. ഇലോൺ മസ്‌ക് ട്വിറ്ററിന്റെ നിയന്ത്രണം ഔദ്യോഗികമായി ഏറ്റെടുത്തതു മുതൽ ചെലവ് ചുരുക്കല്‍ നടപടികള്‍ തുടങ്ങിയിരുന്നു. ജീവനക്കാരെ പിരിച്ചുവിട്ടായിരുന്നു തുടക്കം. അതിനിടെ സാൻഫ്രാൻസിസ്കോ ഓഫീസില്‍ ആവശ്യമില്ലാത്ത വസ്തുക്കള്‍ ലേലത്തില്‍ വിറ്റു. ട്വിറ്റര്‍ പക്ഷിയുടെ പ്രതിമ മുതല്‍ പിസ്സ ഓവന്‍ വരെ 600 വസ്തുക്കളാണ് വിറ്റത്.

ട്വിറ്ററിന്‍റെ ലോഗോയായ പക്ഷിയുടെ പ്രതിമ വിറ്റത് 100000 ഡോളറിനാണ് (81,25,000 രൂപ). ലേലത്തിന് മേൽനോട്ടം വഹിച്ച ഹെറിറ്റേജ് ഗ്ലോബൽ പാർട്ണേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ആരാണ് വാങ്ങിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഇനം 10 അടി നിയോൺ ട്വിറ്റർ ബേർഡ് ഡിസ്‌പ്ലേ ആയിരുന്നു. അത് 40,000 ഡോളറിന് (3218240 രൂപ) ലേലത്തില്‍ പോയി.

ബിയർ സംഭരിക്കുന്നതിനുള്ള മൂന്ന് കെജറേറ്ററുകൾ, ഒരു ഫുഡ് ഡീഹൈഡ്രേറ്റർ, ഒരു പിസ്സ ഓവൻ എന്നിവ 10000 ഡോളറിന് (815233 രൂപ) വിറ്റു. മരത്തിന്‍റെ കോൺഫറൻസ് റൂം ടേബിൾ 10500 ഡോളറിനാണ് (8,55,393 രൂപ) ലേലത്തില്‍ പോയത്. ആയിരക്കണക്കിന് ഫേസ് മാസ്കുകളും നിരവധി സൗണ്ട് പ്രൂഫ് ഫോൺ ബൂത്തുകളും 4000 ഡോളറിന് വിറ്റു.

ഈ വിൽപ്പന ട്വിറ്ററിന്റെ സാമ്പത്തിക സ്ഥിതി ഉയർത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് സംഘാടകരായ ഹെറിറ്റേജ് ഗ്ലോബൽ പാർട്‌ണേഴ്‌സ് അറിയിച്ചു- "ഞങ്ങള്‍ കുറച്ച് കസേരകളും മേശകളും കമ്പ്യൂട്ടറുകളും വിൽക്കുന്നു. രണ്ട് കമ്പ്യൂട്ടറുകളും കസേരകളും വിൽക്കുന്നതിലൂടെ ട്വിറ്ററിന് സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളാണ്".

ട്വിറ്റര്‍ ഏറ്റെടുത്തത് മുതല്‍ മസ്ക് സാമ്പത്തിക പ്രതിസന്ധിയിലാണ്. ലോകത്തെ ധനികരുടെ പട്ടികയിലെ ഒന്നാംസ്ഥാനം നഷ്ടപ്പെട്ടു. കഴിഞ്ഞ വർഷം 165 ബില്യൺ യുഎസ് ഡോളറിന്റെ നഷ്ടമാണ് മസ്‌കിനുണ്ടായത്. നഷ്ടക്കണക്കില്‍ ലോക റെക്കോർഡാണിത്. ട്വിറ്റര്‍ മേധാവിയായി ആയി മസ്ക് തുടരണോ എന്ന വോട്ടെടുപ്പിലും തിരിച്ചടിയുണ്ടായി.

Summary- Twitter finally concluded an auction to eliminate some of the surplus office items at its San Francisco office

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News