'ഇനിയും മികച്ചത് അർഹിക്കുന്നു': എഐ രംഗത്തെ പുതിയ സംരംഭത്തെക്കുറിച്ച് മുൻ ഐഫോൺ ഡിസൈനർ

മുൻകാലങ്ങളിലെ തെറ്റുകൾ തിരുത്താനുള്ള ആഗ്രഹം കൂടിയാണ് പുതിയ പദ്ധതിയെന്നും മുൻ ഐഫോൺ ഡിസൈനറായ ഐവ്

Update: 2025-06-03 13:42 GMT
Editor : rishad | By : Web Desk
ജോണി ഐവ്-ടിം കുക്ക്

വാഷിങ്ടണ്‍: ഏറ്റവും മികച്ചത് ഇനിയും വരാനുണ്ടെന്ന് മുന്‍ ആപ്പിള്‍ ഉദ്യോഗസ്ഥനും, ഐഫോണിന് രൂപം കൊടുത്തവരില്‍ പ്രധാനിയുമായ ജോണി ഐവ്. ലോകം ഇതിലും മികച്ചത് അര്‍ഹിക്കുന്നുണ്ടെന്നും അതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് തന്റെ പുതിയ സംരംഭമെന്നും അദ്ദേഹം പറഞ്ഞു. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

അതേസമയം ഐഫോണ്‍ ഉപയോക്താക്കളിലുണ്ടായ 'അപ്രതീക്ഷിത പ്രത്യാഘാതങ്ങളിൽ' അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. പുതിയ കണ്ടെത്തല്‍ എന്ന നിലയില്‍ ഐഫോണ്‍ വിപ്ലവമായിരുന്നുവെന്നും എന്നാല്‍ അന്നൊരിക്കലും പ്രതീക്ഷിക്കാത്ത സ്‌ക്രീൻ അഡിക്ഷൻ, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം എന്നീ പ്രശ്നങ്ങള്‍ക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

''ഓരോ പുതിയ കണ്ടുപിടുത്തവും നല്ലതും ചീത്തയുമായ അനന്തരഫലങ്ങൾ കൊണ്ടുവരും. പല ഉപയോക്താക്കളും ഐഫോണിനെ ഉപകാരപ്രദമായ ഉപകരണമാണെന്നാണ് വിലയിരുത്തിയത്. മറ്റുള്ളവർ അതിനെ അമിതമായി ആശ്രയിക്കാൻ തുടങ്ങി. ചിലത് അത്ര നല്ലതല്ലാത്ത പ്രത്യാഘാതങ്ങളായിരുന്നു, അതില്‍ എനിക്ക് ഇപ്പോഴും ഉത്തരവാദിത്തമുണ്ട്. ഈ ഉത്തരവാദിത്തബോധമാണ് മെച്ചപ്പെട്ട എന്തെങ്കിലും നിർമ്മിക്കാൻ തന്നെ പ്രേരിപ്പിക്കുന്നത്''- ഐവ് അഭിമുഖത്തിൽ പറഞ്ഞു .

''ഇന്നത്തേതിനേക്കാൾ മികച്ച രീതിയിൽ സാങ്കേതികവിദ്യ ആളുകളെ സേവിക്കേണ്ടതുണ്ട്. തന്റെ പുതിയ സംരംഭം കൂടുതല്‍ ഉപകാരപ്രദവും മനുഷ്യ സൗഹൃദപരവുമായിരിക്കും''- അദ്ദേഹം വ്യക്തമാക്കി.

ആപ്പിളിൽ 20 വർഷത്തിലേറെയാണ് ജോണി ഐവ് ചെലവഴിച്ചത്. ഐഫോൺ, ഐപാഡ്, ഐപോഡ്, മാക്, ആപ്പിൾ വാച്ച് എന്നിവയുടെ രൂപകൽപ്പനയിൽ പങ്കാളിയായിരുന്നു. 2019ൽ ആപ്പിൾ വിട്ടതിനുശേഷം ലവ്ഫ്രം എന്ന പേരിൽ സ്വന്തമായി ഒരു ഡിസൈൻ സ്ഥാപനം അദ്ദേഹം ആരംഭിച്ചു. ഇപ്പോൾ ചാറ്റ് ജിപിടിയുടെ കമ്പനിയായ ഓപണ്‍ എഐ യുമായി കൈകോര്‍ത്ത് പുതിയ എഐ പ്രോജക്റ്റിന്റെ പണിപ്പുരയിലാണ്. മുൻകാലങ്ങളിലെ തെറ്റുകൾ തിരുത്താനുള്ള ആഗ്രഹം കൂടിയാണ് പുതിയ പദ്ധതിയെന്ന് ഐവ് വ്യക്തമാക്കിയിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News