കഴിഞ്ഞ പത്തുവർഷത്തിനിടെ കേന്ദ്രം ഗൂഗിളിനോട് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് 1.1 ലക്ഷത്തിലധികം ഉള്ളടക്കങ്ങൾ

2013-2022 കാലഘട്ടത്തിൽ 19,600ലധികം തവണയാണ് ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സർക്കാർ ഏജൻസികൾ ഗൂഗിളിനോട് അഭ്യർഥിച്ചത്

Update: 2023-11-23 13:22 GMT
Advertising

കഴിഞ്ഞ പത്തുവർഷത്തിനിടെ യൂട്യൂബ്, വെബ് ബ്രൗസർ അടക്കമുള്ള ഗൂഗിൾ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഏകദേശം 1.155 ലക്ഷം ഉള്ളടക്ക ഭാഗങ്ങൾ നീക്കം ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. നെതർലൻഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടെക് കമ്പനിയായ സർഫ്ഷാർക്കാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 2013-2022 കാലഘട്ടത്തിൽ 19,600ലധികം തവണയാണ് ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഇന്ത്യൻ സർക്കാർ ഏജൻസികൾ ഗൂഗിളിനോട് അഭ്യർഥിച്ചത്. പ്രധാനമായും 'മാനനഷ്ടം' ആണ് പൊതുകാരണമായി ഉള്ളടക്കം നീക്കം ചെയ്യാൻ ഏജൻസികൾ ചൂണ്ടികാട്ടിയത്.

'ഇന്ത്യ നീക്കം ചെയ്യാൻ അഭ്യർത്ഥിച്ച ഉള്ളടക്കങ്ങളിൽ ഭൂരിഭാഗവും യൂട്യൂബ് (8.8k), ഗൂഗിൾ പ്ലേ ആപ്പുകൾ (4.3k), വെബ് സെർച്ച് (1.4k) എന്നിവയിൽ നിന്നായിരുന്നു' സർഫ്ഷാർക്കിന്റെ ഡാറ്റയിൽ പറയുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രതിദിനം ശരാശരി അഞ്ച് അഭ്യർത്ഥനകാളാണ് സർക്കാർ നടത്തിയത്. കൂടാതെ 2022ൽ ഉളളടക്കം നീക്കം ചെയ്യാനുള്ള അഭ്യർഥനകളിൽ 50 ശതമാനത്തിന്റെ വർദ്ധനയുണ്ടായിട്ടുണ്ട്.

ആഗോളതലത്തിൽ തന്നെ വിവിധ സർക്കാരുകൾ സാധാരണയായി വിവര നിയന്ത്രണത്തിനായി ഉള്ളടക്ക നിക്കം ചെയ്യൽ ഉപയോഗിക്കുന്നുണ്ടെന്നാണ് സർഫ്ഷാക്കിന്റെ പഠനം വ്യക്തമാക്കുന്നത്. ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾ ഇമേജ്‌സ്, യുട്യൂബ്, മാപ്‌സ് എന്നിവയടക്കം 50 വ്യത്യസ്ത ഗൂഗിൾ ഉൽപ്പനങ്ങളിൽ നിന്നുമാണ് ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ അഭ്യർഥിച്ചത്. പഠനമനുസരിച്ച് ഗൂഗിളിൽ നിന്നുള്ള ഉള്ളടക്കം നീക്കം ചെയ്യാൻ ഏറ്റവും കൂടുതൽ അഭ്യർഥന നൽകുന്ന മുന്നാമത്തെ രാജ്യമാണ് ഇന്ത്യ.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News