11,000 പേരെ മെറ്റ പിരിച്ചുവിട്ടു; പ്രതിസന്ധി അതിരൂക്ഷമെന്ന് സക്കർബർഗ്

13 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്

Update: 2022-11-09 13:04 GMT
Editor : Dibin Gopan | By : Web Desk
Advertising

ട്വിറ്ററിന് പിന്നാലെ മെറ്റയിലും കൂട്ടപ്പിരിച്ചുവിടൽ. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് സാമൂഹ്യ മാധ്യമങ്ങളുടെ മാതൃസ്ഥാപനമായ മെറ്റ, തങ്ങളുടെ 11,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി മറകടക്കാനാണ് നീക്കമെന്ന് കമ്പനി അറിയിച്ചു. 13 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ടെക്നോളജി വ്യവസായ രംഗത്തെ ഏറ്റവും വലിയ പിരിച്ചുവിടലാണ് ഇത്.

'മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ മാറ്റത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ്. ടീമിന്റെ വലിപ്പം പതിമൂന്നു ശതമാനം കുറയ്ക്കാനും 11,000ൽ അധികം ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനിച്ചു, മെറ്റ ചീഫ് എക്സിക്യൂട്ടീവ് മാർക് സക്കർബർഗ് പറഞ്ഞു.

2022 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം മെറ്റയ്ക്ക് 87,314 ജീവനക്കാരാണ് ഉള്ളത്. ലോകമെമ്പാടുമുള്ള ജീവനക്കാരെ ട്വിറ്റർ പിരിച്ചുവിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ വാർത്തയും വരുന്നത്. കഴിഞ്ഞ മാസം അവസാനം പ്രഖ്യാപിച്ച ഡിസംബർ പാദത്തിലെ വരുമാന വീക്ഷണം മെറ്റയ്ക്ക് തിരിച്ചടിയുടെ സൂചനകൾ നൽകിയിരുന്നു. അടുത്ത വർഷം മെറ്റാവേഴ്സിന്റെ നിക്ഷേപങ്ങളിൽ കാര്യമായ നഷ്ടം സംഭവിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഈ വെളിപ്പെടുത്തൽ ഓഹരി വിലയിൽ കുത്തനെ ഇടിവുണ്ടാക്കി. ആഗോള സാമ്പത്തിക മാന്ദ്യം, ടിക് ടോക്കിൽനിന്നുള്ള മത്സരം, ആപ്പിളിന്റെ സ്വകാര്യതാ മാറ്റങ്ങൾ, മെറ്റാവേഴ്‌സിനു വേണ്ടിയുള്ള ചെലവുകളെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ മെറ്റ നേരിടുന്ന ഭീഷണികളാണ്.

2023-ൽ വളർച്ചക്ക് മുൻഗണനയുള്ള മേഖലകളിൽ നിക്ഷേപങ്ങൾ കേന്ദ്രീകരിക്കും. ചില ടീമുകൾ നല്ല രീതിയിൽ വളരും, എന്നാൽ മറ്റ് മിക്ക ടീമുകളുടെയും അടുത്ത വർഷത്തെ വളർച്ച ചുരുങ്ങാനാണ് സാധ്യത. 2023 അവസമാനമാവുമ്പോഴേക്കും മെറ്റ അതേവലിപ്പത്തിലോ അല്ലെങ്കിൽ ഇന്നുള്ളതിനെക്കാൾ ചെറിയ സ്ഥാപനമായോ മാത്രമായിരിക്കും തുടരുകയെന്നും സക്കർബർഗ് ഒക്ടോബർ അവസാനം പറഞ്ഞിരുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News