ഇന്ത്യയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങി വൺപ്ലസ്; വൺപ്ലസ് 16, വൺപ്ലസ് 16R ഉടൻ വിപണിയിലെത്തിയേക്കും
കഴിഞ്ഞ മാസമാണ് ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചത്
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ വൻ തിരിച്ചുവരവിന് ഒരുങ്ങി വൺപ്ലസ്. വൺപ്ലസ് 16R, വൺപ്ലസ് 16 എന്നീ മോഡലുകൾ പുറത്തിറക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. കഴിഞ്ഞ മാസമാണ് ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചത്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇന്ത്യയിൽ ഏറെക്കുറെ ലോഞ്ച് ഉറപ്പാണ്.
വൺപ്ലസ് 15നേക്കാൾ ഉയർന്ന വിലയിലായിരിക്കും പുതിയ ഫ്ലാഗ്ഷിപ്പ് മോഡൽ എത്തുക. വൺപ്ലസിന്റെ പതിവ് വിലനിലവാരത്തിൽ നിന്ന് ഉയർന്ന് 1.4 ലക്ഷം രൂപ വരെ ഫ്ലാഗ്ഷിപ്പ് മോഡലിന് വിലയുണ്ടാകുമെന്നാണ് സൂചന. ചെലവേറിയ പ്രീമിയം സ്‍മാർട്ട്‌ഫോൺ വിഭാഗത്തിലേക്ക് വൺപ്ലസ് കടക്കുമെന്നാണ് വിലയിരുത്തൽ.
ചൈനയിൽ ഇതിനോടകം പുറത്തിറങ്ങിയ വൺപ്ലസ് 16 മോഡലിന്റെ വില ഏകദേശം 86,000 ഇന്ത്യൻ രൂപയാണ്. 6.78 ഇഞ്ച് LTPO OLED ഡിസ്‌പ്ലേ, 185Hz റീഫ്രഷ് റേറ്റ്, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 ചിപ്സെറ്റ്, 9,000mAh ബാറ്ററി എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. 100W വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിങും, 200MP ക്യാമറ, 50MP ടെലിഫോട്ടോ ക്യാമറ, 50MP അൾട്രാ വൈഡ് ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് പ്രത്യേകത.
ചില മോഡലുകളിലെ ഗ്രീൻ ലൈൻ റിപ്പോർട്ട് ചെയ്തതും കടുത്ത മത്സരവും കാരണം വൺപ്ലസിന് ഇന്ത്യയിലെ വിപണിയിൽ വൻ ഇടിവ് സംഭവിച്ചിരുന്നു.